മമത വഴങ്ങി: ബംഗാളിൽ ഡോക്ടർമാരുടെ പണിമുടക്ക് ഏഴാം ദിവസം പിൻവലിച്ചു

By Web TeamFirst Published Jun 17, 2019, 6:53 PM IST
Highlights

സർക്കാർ ആശുപത്രികളിൽ പരാതി പരിഹാര സംവിധാനം ശക്തിപ്പെടുത്താമെന്നും സുരക്ഷ കൂട്ടാമെന്നും ചർച്ചയിൽ മുഖ്യമന്ത്രി മമതാ ബാനർജി ഉറപ്പു നൽകിയതിനെത്തുടർന്നാണ് സമരം പിൻവലിച്ചത്. 

കൊൽക്കത്ത: പശ്ചിമബംഗാളിൽ ഡോക്ടർമാർ നടത്തി വന്ന അനിശ്ചിതകാല സമരം ഏഴാം ദിവസം പിൻവലിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടത്തിയ ചർച്ചയ്ക്ക് ഒടുവിലാണ് ഡോക്ടർമാർ സമരം പിൻവലിച്ചത്. ഓരോ സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും രണ്ട് വീതം പ്രതിനിധികളും സമരസമിതിയുടെ അധ്യക്ഷനുമടക്കം 31 ഡോക്ടർമാരാണ് മമതാ ബാനർജി വിളിച്ച സമവായ ചർച്ചയിൽ പങ്കെടുത്തത്.

കൃത്യമായ ഉപാധികൾ മുന്നോട്ടു വച്ചാണ് ഡോക്ടർമാർ ഇന്ന് ചർച്ചയ്ക്ക് എത്തിയത്. ദേശീയ മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ കൃത്യമായ സുരക്ഷാ സന്നാഹങ്ങളോടെ മാത്രമേ ചർച്ചയ്ക്ക് വരൂ എന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. അടച്ചിട്ട മുറിയിലുള്ള ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഡോക്ടർമാർ നിലപാടെടുത്തു. ജൂനിയർ ഡോക്ടർ ചികിത്സയിലുള്ള എൻആർഎസ് മെഡിക്കൽ കോളേജിൽ മമതാ ബാനർജി സന്ദർശനം നടത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.

ആദ്യം ചർച്ചയിൽ മാധ്യമപ്രവർത്തകരെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞ മമതാ ബാനർജി പിന്നീട് നിലപാട് മാറ്റി. ഇതോടെ ചർച്ചയ്ക്ക് എത്തില്ലെന്ന് ഡോക്ടർമാരും നിലപാടെടുത്തു. ഒടുവിൽ വഴങ്ങിയ മമതാ ബാനർജി ഒരു പ്രാദേശിക മാധ്യമത്തെ ചർ‍ച്ച പൂർണമായും ചിത്രീകരിക്കാൻ അനുവാദം നൽകി. 

ചർച്ചയിൽ ഡോക്ടർമാർ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രണ്ട് ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. എല്ലാ സർക്കാർ ആശുപത്രികളിലും പരാതി പരിഹാരസംവിധാനം ഉറപ്പാക്കാമെന്ന് മമതാ ബാനർജി പ്രഖ്യാപിച്ചു. ആശുപത്രികളിൽ, വിശേഷിച്ച് എമർജൻസി വാർഡുകളിലും കാഷ്വാലിറ്റികളിലും സുരക്ഷ കൂ‍ട്ടും. എമർജൻസി വാർഡുകളുടെ കവാടത്തിൽ ഗ്രില്ലുകളുള്ള ഗേറ്റുകളും സ്ഥാപിക്കും.

പശ്ചിമബംഗാളിൽ സമരത്തിലുള്ള ഡോക്ടർമാർക്ക് പിന്തുണയുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപക ഒപി പണിമുടക്കാണ് നടന്നത്. സർക്കാർ ആശുപത്രികളിൽ രണ്ട് മണിക്കൂറും, സ്വകാര്യ ആശുപത്രികളിൽ പൂർണ ഒപി ബഹിഷ്കരണവും നടന്നു. അവശ്യസർവീസുകളെ ബാധിക്കാത്ത തരത്തിലായിരുന്നു പശ്ചിമബംഗാളിലൊഴികെ ഡോക്ടർമാരുടെ സമരം.

പശ്ചിമബംഗാളിന്‍റെ ആരോഗ്യമേഖല പൂർണമായും സ്തംഭിപ്പിച്ചാണ് ജൂനിയർ ഡോക്ടർമാരും പിന്നീട് സർവീസിലുള്ള ഡോക്ടർമാരും സമരത്തിനിറങ്ങിയത്. ജൂൺ 12-ാം തീയതി കൊൽക്കത്തയിലെ എൻആർഎസ് മെഡിക്കൽ കോളേജിൽ രോഗി മരിച്ചത് ചികിത്സാപ്പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കൾ ജൂനിയർ ഡോക്ടർമാരെ മർദ്ദിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചായിരുന്നു അനിശ്ചിതകാല സമരം.

പരിബാഹ മുഖോപാധ്യായ എന്ന ജൂനിയർ ഡോക്ടർക്ക് ബന്ധുക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്കടിയേറ്റ് തലയോട്ടിക്ക് ഗുരുതരമായി പരിക്കേറ്റ പരിബാഹ അതേ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പരിബാഹ അപകട നില തരണം ചെയ്തെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും സമരസമിതി അറിയിച്ചു. 

എൻആർഎസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ സായ്ബൽ കുമാർ മുഖർജിയും പ്രൊഫസർ സൗരഭ് ചതോപാധ്യായയും അക്രമത്തിൽ പ്രതിഷേധിച്ച് രാജി വച്ചു. ഇതിന് പിന്നാലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ നിന്ന് മുന്നൂറിലധികം ഡോക്ടർമാർ കൂട്ടത്തോടെ രാജി നൽകി.

ഇതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല സ്തംഭനത്തിലായി. ആദ്യമൊന്നും മമതാബാനർജി ഡോക്ടർമാരുടെ സമരത്തിനോട് അനുകൂല മനോഭാവം കാട്ടിയില്ലെന്ന് മാത്രമല്ല, രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. സമരത്തിന് പിന്നിൽ ബിജെപിയും കേന്ദ്രസർക്കാരുമാണെന്നും ന്യൂനപക്ഷത്തിനെതിരെ ഡോക്ടർമാരെ ഉപയോഗിച്ച് ആക്രമണം നടത്തുകയാണെന്നും മമത ആരോപിച്ചു. 

ചികിത്സ കിട്ടാതെ പതിനായിരക്കണക്കിന് രോഗികൾ വലഞ്ഞു. 24 നോർത്ത് പർഗാനാസ് ജില്ലയിൽ നവജാത ശിശു ശ്വാസതടസ്സത്തിന് ചികിത്സ കിട്ടാതെ മരിച്ചു. നാല് മെഡിക്കൽ കോളേജുകൾ കയറിയിറങ്ങിയിട്ടും ചികിത്സ കിട്ടാതെ വന്നതിനെത്തുടർന്നാണ് കുഞ്ഞ് മരിച്ചത്. നിരവധിപ്പേർ ഗുരുതരാവസ്ഥയിലായി. അയൽ ജില്ലയായ ബിഹാറിൽ കുഞ്ഞുങ്ങൾ എൻസിഫലൈറ്റിസ് ബാധിച്ച് മരിക്കുമ്പോൾ പ്രതിരോധ നടപടികൾ പോലുമെടുക്കാൻ സർക്കാരിന് കഴിയാതായ അവസ്ഥയിലാണ് സർക്കാർ വഴങ്ങിയത്. ചർച്ചയ്ക്ക് തയ്യാറായതും.

Read More: 'എന്‍റെ കുഞ്ഞെന്ത് പിഴച്ചു?', ഡോക്ടർ - മമത പോരിനിടെ തീരാവേദനയായി ഈ അച്ഛന്‍റെ നിലവിളി

click me!