Asianet News MalayalamAsianet News Malayalam

'എന്‍റെ കുഞ്ഞെന്ത് പിഴച്ചു?', ഡോക്ടർ - മമത പോരിനിടെ തീരാവേദനയായി ഈ അച്ഛന്‍റെ നിലവിളി

നോർത്ത് പർഗാനാസ് ജില്ലയിലെ അഗർപാരയിലായിരുന്നു ബംഗാളി ദിനപത്രമായ ആനന്ദ ബസാർ പത്രികയുടെ ഫോട്ടോഗ്രാഫർ ദമയന്തി ദത്ത ഈ ഹൃദയഭേദകമായ കാഴ്ച കണ്ടത്. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിന് സമരത്തിന്‍റെ പേരിൽ ഡോക്ടർമാർ ചികിത്സ നിഷേധിച്ചു. 

new born in kolkata dies amidst the protests and strikes of government doctors in bengal
Author
Kolkata, First Published Jun 14, 2019, 11:32 PM IST

കൊൽക്കത്ത: പശ്ചിമബംഗാളിന്‍റെ ആരോഗ്യമേഖലയെ നിർജീവാവസ്ഥയിലാക്കി ഡോക്ടർമാരുടെ അനിശ്ചിതകാല സമരം. ഇതിനിടെ പശ്ചിമബംഗാളിലെ നോർത്ത് പർഗാനാസ് ജില്ലയിലെ അഗർപാരയിൽ ചികിത്സ കിട്ടാതെ നവജാത ശിശു മരിച്ചു. ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനാണ് സമരത്തിന്‍റെ പേരിൽ ഡോക്ടർമാർ ചികിത്സ നിഷേധിച്ചത്. രോഗി മരിച്ചെന്നാരോപിച്ച് ജൂനിയർ ഡോക്ടറെ മർദ്ദിച്ചതിൽ പ്രതിഷേധവുമായി സംസ്ഥാനമെമ്പാടും സമരത്തിലാണ് സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ. ആയിരക്കണക്കിന് രോഗികളാണ് ചികിത്സ കിട്ടാതെ സർക്കാർ ആശുപത്രികളിൽ വലയുന്നത്.

'എന്‍റെ കുഞ്ഞെന്ത് പിഴച്ചു?'

നോർത്ത് പർഗാനാസ് ജില്ലയിലെ അഗർപാരയിലായിരുന്നു ബംഗാളി ദിനപത്രമായ ആനന്ദ ബസാർ പത്രികയുടെ ഫോട്ടോഗ്രാഫർ ഈ ഹൃദയഭേദകമായ കാഴ്ച കണ്ടത്.  

സേവ് ഡോക്ടേഴ്‍സ്, സേവ് ബംഗാൾ എന്നീ ഹാഷ്‍ടാഗുകൾ ഇട്ടുകഴിഞ്ഞെങ്കിൽ ഇതാ ഒരു അച്ഛനെ കാണുക. ജനിച്ച് ദിവസങ്ങൾ മാത്രമായ കുഞ്ഞിനെ സമരത്തിന്‍റെ പേരിൽ ഡോക്ടർമാർ ചികിത്സിച്ചില്ല. കുഞ്ഞ് മരിച്ചു പോയി. ഇന്നത്തെ ആനന്ദ് ബസാർ പത്രിക - എന്ന അടിക്കുറിപ്പോടെയുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ആയിരക്കണക്കിന് പേരാണ് ഷെയർ ചെയ്തത്. 

''എന്‍റെ വിധി. ചികിത്സ കിട്ടാതെയാണ് എന്‍റെ കുഞ്ഞ് മരിച്ചുപോയത്. സമരമായതിനാൽ ഞങ്ങൾക്ക് ചികിത്സിക്കാനാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞു'', നോർത്ത് പർഗാനാസ് ജില്ലയിലെ അഗർപാര സ്വദേശി അഭിജിത് മല്ലിക് കരഞ്ഞുകൊണ്ട് പറയുന്നു. കുഞ്ഞ് ജനിച്ചത് ജൂൺ 11-നാണ്. ശ്വാസം മുട്ടലുണ്ടായിരുന്നു ജനിച്ചപ്പോൾത്തന്നെ. കുഞ്ഞിനെ കുട്ടികളുടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പ്രാദേശിക ആശുപത്രിയിൽ നിന്ന് ഡോക്ടർമാർ പറഞ്ഞ‌ു. പല ആശുപത്രികൾ കയറിയിറങ്ങി. അവരാരും കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാൻ തയ്യാറായില്ല. സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാൻ പണമുണ്ടായിരുന്നില്ല. പണമില്ലാതെ സ്വകാര്യ ആശുപത്രികളും അഡ്മിറ്റ് ചെയ്യില്ല. 

ഇന്നലെ രാവിലെയോടെ കുഞ്ഞ് മരിച്ചു. ആരോഗ്യവകുപ്പിൽ പല തവണ വിളിച്ചെങ്കിലും അവരും സഹായിച്ചില്ലെന്ന് കുഞ്ഞിന്‍റെ അച്ഛൻ പറയുന്നു. 

300 സർക്കാർ ഡോക്ടർമാരാണ് ഇന്ന് മാത്രം സർവീസിൽ നിന്ന് രാജി വച്ചത്. കൊല്‍ക്കത്തയിലെ എന്‍ആർഎസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കൈയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് ജൂനിയർ ഡോക്ടർമാർ സമരം തുടങ്ങുന്നത്. 

ചൊവ്വാഴ്ച മുതല്‍  സമരം ചെയ്യുന്ന   ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരമുപേക്ഷിച്ച് ജോലിക്ക് കയറണമെന്നായിരുന്നു ഇന്നലെ കൊല്‍ക്കത്ത എസ്എസ്കെഎം ആശുപത്രിയിലെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടത്. ഡ്യൂട്ടിക്കിടയില്‍ പൊലീസുകാരന്‍ മരിച്ചാല്‍ സഹപ്രവര്‍ത്തകര്‍ പണിമുടക്കുമോ എന്നും മമത ചോദിച്ചു. മമതയുടെ അന്ത്യ ശാസനം തള്ളിയ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധം കടുപ്പിച്ചു.

സമരം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന നിലപാടെടുക്കുന്ന മമത, ഇത് ന്യൂനപക്ഷ വിരുദ്ധ സമരമെന്ന ആരോപണമുയര്‍ത്തിയാണ് നേരിടുന്നത്. രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിലെ ആശുപത്രികളിലും റസിഡന്‍റ് ഡോക്ടര്‍മാര്‍ ഐക്യദാര്‍ഢ്യമറിയിച്ച് ഒരു ദിവസം പണിമുടക്കി.  ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ജൂനിയർ ഡോക്ടര്‍മാര്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധനെ കണ്ട് നിവേദനം നല്‍കി.

മമതയെ കുറ്റപ്പെടുത്തി കേന്ദ്രം

അഭിമാനപ്രശ്നമായി ഇതിനെ കണക്കാക്കരുതെന്നും ആരോഗ്യമേഖലയുടെ നല്ലത് കണക്കിലെടുത്ത് സമവായത്തിന് തയ്യാറാകണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ ആവശ്യപ്പെട്ടു. എന്നാൽ ബിജെപിയുമായി കൂട്ടുചേർന്ന് സംസ്ഥാനത്തെ ന്യൂനപക്ഷത്തെ ദ്രോഹിക്കാനാണ് ഡോക്ടർമാർ സമരം നടത്തുന്നതെന്നായിരുന്നു മമതാ ബാനർജിയുടെ എതിർവാദം. 

Follow Us:
Download App:
  • android
  • ios