
തമിഴ്നാട് മഹാദാനപുരത്തെ പൊലീസ് ഉദ്യോഗസ്ഥ ദമ്പതിമാരായ ഹരി ഫാസ്കറും കാർകുഴലിയും അരുമകളായി വളർത്തുന്നത് നാല് നായ്ക്കളെയാണ്. ആഘോഷങ്ങളിലും വിശേഷങ്ങളിലുമെല്ലാം കുടുംബാംഗങ്ങളെ പോലെ തന്നെയായിരുന്നു ഇരുവർക്കും ഈ നായ്ക്കൾ. സ്വന്തം വീട്ടുകാരെ പോലെ നായകളേയും കരുതുന്ന മൃഗസ്നേഹികളാണ് ഹരി ഫാസ്കറും കാർകുഴലിയും. സ്കൂൾ സമയം ഒഴിച്ചുള്ള സമയത്ത് ഇവരുടെ രണ്ടു മക്കൾക്കും കളിക്കൂട്ടുകാരും ഈ നാല് നായ്ക്കളാണ്.
കളിച്ചും ചിരിച്ചും ഈ നാല് നായ്ക്കളോടൊപ്പം ഉള്ള് അവരുടെ നല്ല നിമിഷങ്ങൾ ഇഷ്ടപ്പെടുന്നവരാണ് കുടുംബവുമയി ബന്ധമുള്ള എല്ലാവരും. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ കുടുംബത്തിനും പുറത്തും നാലുപേർക്കും ധാരാളം സ്നേഹിതരുണ്ട്. ഹരിയും കാർകുഴലിയും പതിവായി അപ്‍ലോഡ് ചെയ്യുന്ന നായ്ക്കളുടെ വീഡിയോ റീലുകളിൽ ഏറിയ പങ്കും വൈറലായിരുന്നു. ഈ സന്തോഷം തകർത്തുകൊണ്ടാണ് വിധി അവരെ തേടിയെത്തി. കഴിഞ്ഞ ദിവസം റോഡ് മുറിച്ചു കടക്കവേ നായ്ക്കളിൽ ഒന്നായ സച്ചിനെ വാഹനം ഇടിച്ചു. അവർക്കിടയിൽ വലിയ ശൂന്യത തീർത്ത് സച്ചിൻ വിടവാങ്ങി. ഹരി ഫാസ്കർക്കും കാർകുഴലിക്കും വീട്ടിലൊരാൾ പൊടുന്നനെ ഇല്ലാതായതിന്റെ തന്നെ സങ്കടം. അത്രയ്ക്കായിരുന്നു സച്ചിനുമായുള്ള അവരുടെ ആത്മബന്ധം.
രാവിലെ അഞ്ചരക്ക് ഉണർന്ന് വാതിലിൽ മുട്ടി തങ്ങളെ ഉണർത്തിയിരുന്നത് സച്ചിൻ ആയിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. അതിന് ശേഷം റോഡ് മുറിച്ചുകടന്ന് തൊട്ടപ്പുറത്തുള്ള ചായക്കടയിലേക്ക് പോകും. കടക്കാരന്‍റെയും അരുമയായിരുന്നു സച്ചിൻ. അവിടെനിന്ന് രാവിലെ പതിവായി കിട്ടിയിരുന്ന ബൺ വാങ്ങി കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങും. അങ്ങനെ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി വണ്ടി വന്നിടിച്ചത്. കുടുംബത്തിന്റെ ആചാരപ്രകാരം ചടങ്ങുകളൊക്കെ നടത്തിയായിരുന്നു നായയുടെ ജഢം സംസ്കരിച്ചത്.
Read more: അമിത് ഷായുടെ ചെരുപ്പെടുത്ത് ബിജെപി അധ്യക്ഷൻ, 'തെലങ്കാനയുടെ അഭിമാനം പണയം വച്ചെന്ന് വിമർശനം' -വീഡിയോ
പൂക്കൾ വിരിച്ച കുഴിമാടം, ഗേറ്റിലും തെരുവിലും സച്ചിനായി ആദരാഞ്ജലി ഫ്ലക്സുകൾ. സംസ്കരിച്ച സ്ഥലത്ത് നായക്കായി സ്മാരകശില സ്ഥാപിക്കാനൊരുങ്ങുകയാണ് ഹരി ഫാസ്കറും കാർകുഴലിയും. മനുഷ്യനും നായയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ മറ്റൊരു കാഴ്ച.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam