
ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ചെരുപ്പ് എടുത്തു നൽകുന്ന തെലങ്കാന ബിജെപി അധ്യക്ഷന്റെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനം. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ നിരവധി പേർ ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിനെതിരെ വിമർശനവുമായി രംഗത്തെത്തി. സെക്കന്തരാബാദിലെ ഉജ്ജൈനി മഹാകാളി ക്ഷേത്രത്തിൽ നിന്ന് അമിത് ഷാ പുറത്തേക്ക് വരുമ്പോഴായിരുന്നു പാർലമെന്റ് അംഗം കൂടിയായ സഞ്ജയ് കുമാർ ചെരുപ്പുകൾ എടുത്ത് അമിത് ഷായുടെ മുന്നിൽ വച്ചുകൊടുത്തത്. ഇത് ദൃശ്യങ്ങളിൽ വ്യക്തവുമാണ്.
വീഡിയോ ട്വീറ്റ് ചെയ്ത തെലങ്കാന രാഷ്ട്രസമിതി (ടിആർഎസ്) നേതാവ് കെടി രാമറാവു ബിജെപി അധ്യക്ഷനെ ഗുജറാത്ത് നേതാക്കളുടെ 'അടിമ' ആണെന്ന് വിമർശനം ഉന്നയിച്ചു. 'ദില്ലി ഷൂസ്' ചുമക്കുന്ന ഗുജറാത്തി അടിമകളെ തെലങ്കാനയിലെ ജനങ്ങൾ കാണുന്നുണ്ട. തെലങ്കാനയുടെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന ഏതൊരു ശ്രമത്തിനും തിരിച്ചടിയുണ്ടാകും- രാമറാവു ട്വിറ്ററിൽ കുറിച്ചു. തെലങ്കാനയുടെ ആത്മാഭിമാനത്തെ അവഹേളിക്കുന്നവരെ തള്ളിക്കളയാനും, അത് സംരക്ഷിക്കാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തയ്യാറാവണമെന്നു അദ്ദേഹം പറഞ്ഞു.
Read more: മട്ടന്നൂർ സൂചനയെന്ത്?, പിണറായിക്കപ്പുറത്തെ കേരളം സ്വപ്നം കാണുന്ന യുഡിഎഫിന് പ്രത്യാശയോ?
'തെലുങ്ക് ആത്മാഭിമാനം' എന്ന കമന്റോടെയാണ് തെലങ്കാനയുടെ എഐസിസി ചുമതലയുള്ള മാണിക്കം ടാഗോർ വീഡിയോ പോസ്റ്റ് ചെയ്തത്. "ബിജെപിയിൽ പിന്നാക്ക വിഭാഗ നേതാവിന്റെ സ്ഥാനം എന്താണെന്ന് സത്യം കാണുക- എന്നും അദ്ദേഹം വീഡിയോ പങ്കുവച്ച് ട്വീറ്ററിൽ കുറിച്ചു. 'ഒരു മുൻ ഗുണ്ടയുടെ കാൽക്കൽ തെലുങ്ക് ആത്മാഭിമാനം അടിയറവ് വച്ചു' എന്നായിരുന്നു തെലങ്കാന കോൺഗ്രസിന്റെ ഔദ്യോഗിക ഹാൻഡിൽ നിന്നുള്ള ട്വീറ്റിന്റെ ഉള്ളടക്കം.
ഞായറാഴ്ച തെലങ്കാന സന്ദർശിച്ച അമിത് ഷാ സെക്കന്തരാബാദ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയിരുന്നു. മുനുഗോട് അസംബ്ലി മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രചാരണത്തിന് ഔപചാരികമായി തുടക്കം കുറിക്കുന്ന പൊതുയോഗത്തിലും അദ്ദേഹം സംസാരിച്ചു. കേന്ദ്രം പിന്തുണച്ചിട്ടും തെലങ്കാന കടക്കെണിയിലാണെന്ന് അദ്ദേഹം പറഞ്ഞു. കെസിആറിന്റെ കുടുംബാംഗങ്ങളൊഴികെ സംസ്ഥാനത്ത് ഒരു യുവാക്കൾക്കും തന്റെ സർക്കാർ വാഗ്ദാനം ചെയ്തതുപോലെ ജോലി ലഭിച്ചിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam