പൗരത്വ നിയമത്തിനെതിരെ പ്രസംഗം: ഡോ. കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തു

By Web TeamFirst Published Feb 14, 2020, 1:05 PM IST
Highlights

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സമരത്തിനിടെ അലിഗഡില്‍ ഡിസംബർ 12ന് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളെ തുടർന്നാണ് കഫീല്‍ ഖാനെതിരെ കേസെടുത്തത്. 

ദില്ലി: വിദ്വേഷ പ്രസംഗത്തിന്‍റെ പേരില്‍ അറസ്റ്റിലായ ഡോക്ടർ കഫീല്‍ ഖാനെതിരെ ദേശീയ സുരക്ഷാനിയമപ്രകാരം കേസെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സമരത്തിനിടെ അലിഗഡില്‍ ഡിസംബർ 12ന് നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളെ തുടർന്നാണ് കഫീല്‍ ഖാനെതിരെ കേസെടുത്തത്. 

ജനുവരി 29ന് മുംബൈയില്‍ മറ്റൊരു പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയപ്പോൾ അറസ്റ്റിലായ കഫീല്‍ ഖാന് തിങ്കളാഴ്ച കോടതി ജാമ്യം നല്‍കിയിരുന്നെങ്കിലും വിട്ടയക്കാന്‍ ഉത്തർപ്രദേശ് സർക്കാർ തയ്യാറായിരുന്നില്ല. നിലവില്‍ മഥുരയിലെ ജയിലിലാണ് കഫീല്‍ഖാന്‍. കഫീല്‍ ഖാനെതിരെ ഉത്തർപ്രദേശ് സർക്കാർ പ്രതികാരനടപടികൾ സ്വീകരിക്കുകയാണെന്ന് സഹോദരന്‍ അദീല്‍ ഖാന്‍ പ്രതികരിച്ചു.  

Read More: തന്നെ കള്ളക്കേസിൽ കുടുക്കിയതാണ്, യുപി പൊലീസിൽ വിശ്വാസമില്ലെന്ന് ഡോ കഫീൽ ഖാൻ

അലിഗഡിലെ സിവിൽ ലൈൻ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കഫീലിനെ അറസ്റ്റ് ചെയ്തത്. പ്രസംഗത്തില്‍ വര്‍ഗീയത പരത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ കഫീല്‍ ഖാന്‍ നടത്തിയതായാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. കൂടാതെ ആര്‍എസ്എസിനെതിരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെയും വിവാദപരമായ പരാമര്‍ശങ്ങള്‍ കഫീല്‍ ഖാന്‍ നടത്തിയതായും എഫ്ഐആറിൽ പറയുന്നു.

Read More: പൗരത്വ പ്രതിഷേധത്തിന്‍റെ പേരിൽ ഡോ. കഫീൽ ഖാൻ അറസ്റ്റിൽ

 

ഉത്തർപ്രദേശിലെ ഗോരക്പൂർ ബിആർഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കുഞ്ഞുങ്ങൾ മരിച്ച സംഭവത്തിൽ പ്രതിയെന്ന് ആരോപിച്ച യോഗി ആദിത്യനാഥ് സർക്കാർ ഇദ്ദേഹത്തെ ജയിലടച്ചത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ ഒമ്പത് മാസത്തെ ജയില്‍ വാസവും രണ്ട് വര്‍ഷം സസ്പെന്‍ഷനും അനുഭവിച്ചശേഷമാണ് കഫീല്‍ ഖാന് ക്ലീന്‍ ചിറ്റ് ലഭിച്ചത്.

Read More: എന്താണ് ഡോ. കഫീൽ ഖാൻ ചെയ്ത കുറ്റം? എന്തൊക്കെയാണ് ആ പ്രസംഗത്തിലെ പരാമർശങ്ങൾ ?

click me!