ഡോ. കഫീൽ ഖാൻ എന്ന പേര് വീണ്ടും ചർച്ചാവിഷയമാവുകയാണ്. ചർച്ചകൾക്ക് കാരണമോ അദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്ത യുപി പൊലീസിന്റെ നടപടിയും. ജനുവരി 29 -ന് രാത്രി ഏറെ വൈകി മുംബൈ എയർപോർട്ടിൽ വെച്ചാണ് കഫീൽ ഖാൻ അറസ്റ്റിലായത്. യുപി സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സിന്റെ അഭ്യർത്ഥനപ്രകാരം മുംബൈ പൊലീസ് ആണ് ഡോ.ഖാനെ അറസ്റ്റുചെയ്ത് കൈമാറിയത്. കാരണമായി അവർ പറഞ്ഞത് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി പരിസരത്തുവെച്ച്, ഒരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പൗരത്വ ഭേദഗതി ബില്ലിനെതിരെ അദ്ദേഹം നടത്തിയ ഒരു പ്രസംഗവും. അത്യന്തം പ്രകോപനപരമായിരുന്നു ആ പ്രസംഗമെന്നും, അത് ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് എന്നും ആരോപിച്ചുകൊണ്ട് ഐപിസിയുടെ 153(A) വകുപ്പ് ചുമത്തിയാണ് കഫീൽ ഖാൻ അറസ്റ്റുചെയ്യപ്പെട്ടിരിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുകയും അക്രമത്തിന് അവരെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ വകുപ്പിൽ പരാമർശിക്കുന്ന കുറ്റം.

ആ പ്രസംഗത്തിൽ ഡോ.കഫീൽ ഖാൻ തുടർന്ന് പറഞ്ഞത് ഇങ്ങനെ," അമിത് ഷാ രാജ്യത്തെ ജനങ്ങളോട് മനുഷ്യരാകാനല്ല പറയുന്നത്, അവരെ ഹിന്ദുവും മുസല്മാനുമായി മാറാനാണ് പറയുന്നത്. അമിത് ഷായുടെ കുപ്പായത്തിൽ നിരവധി പേരുടെ ചോരപുരണ്ടിട്ടുണ്ട്.   രൂപീകരിക്കപ്പെട്ട തൊട്ടേ ആർഎസ്എസ് ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ല. അമിത് ഷായും അങ്ങനെ തന്നെ. ഈ നിയമം മുസ്ലീങ്ങളെ രണ്ടാം കിട പൗരന്മാരാക്കി മാറ്റുന്ന ഒന്നാണ്. ഇത് നടപ്പിലായാൽ NRC യുടെ പേരിൽ അവർ ദ്രോഹിക്കപ്പെടും എന്നുറപ്പാണ്." 

കഫീൽ ഖാൻ തുടർന്ന് പറഞ്ഞത് ഇങ്ങനെയാണ്, " ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് നമ്മുടെ അസ്തിത്വമാണ്. ഇത് നമ്മുടെ നിലനിൽപ്പിനു വേണ്ടിയുള്ള സമരമാണ്. ഈ നിയമത്തിനെതിരെ പോരാടുകയല്ലാതെ നമുക്ക് വേറെ മാർഗമില്ല..." താടിയുള്ളവരൊക്കെ ഭീകരവാദികളാണ് എന്നാണ് ആർഎസ്എസ്  പഠിപ്പിക്കുന്നത് എന്നും, ഈ നിയമത്തിലൂടെ ഇന്ത്യ നമ്മുടെ രാജ്യമല്ല എന്നാണ് ബിജെപി പറയാൻ ശ്രമിക്കുന്നതെന്നും ഡോ. ഖാൻ പറഞ്ഞു. " ഇന്ത്യ  ഞങ്ങളുടേത് കൂടിയാണ്. ഞങ്ങളെ ഇവിടെ നിന്ന് ഓടിക്കാൻ നിങ്ങളായിട്ടില്ല. 25 കോടി മുസ്ലീങ്ങളുണ്ടിവിടെ. ഇല്ലാക്കഥകൾ പറഞ്ഞോ, ആൾക്കൂട്ടങ്ങളെക്കൊണ്ട് ലിഞ്ചിങ് നടത്തിയോ ഇല്ലാതാക്കാൻ കഴിയില്ല. ഞങ്ങൾ ഭയക്കാൻ ശീലിച്ചിട്ടില്ല. മുട്ടുകുത്താനും, എത്ര പേടിപ്പിക്കാൻ ശ്രമിച്ചാലും, പൂർവാധികം ശക്തിയോടെ ഞങ്ങൾ ഉയിർത്തെഴുന്നേൽക്കും." എന്നുപറഞ്ഞുകൊണ്ടാണ് കഫീൽ ഖാൻ തന്റെ ഇരുപതു മിനിറ്റ് നീണ്ട പ്രസംഗം അവസാനിപ്പിച്ചത്. ആ പ്രസംഗത്തിന്റെ വീഡിയോ ചുവടെ കാണാം. 

 

ദില്ലിയിലെ ഷാഹീൻ ബാഗ് മാതൃകയിൽ മുംബൈയിൽ പ്രതിഷേധക്കാർ ഒത്തുകൂടിയിരിക്കുന്ന മുംബൈ ബാഗിൽ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യാൻ വേണ്ടി വന്നതായിരുന്നു കഫീൽ ഖാൻ. ജനുവരി 30 -ന് രാവിലെ 11  മണിക്ക് അവിടെ പ്രസംഗിക്കാനിരുന്നതായിരുന്നു ഖാൻ. അതിനു മുമ്പുതന്നെ യുപി  STF അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

വർഷങ്ങളായി ഉത്തർപ്രദേശിലെ യോഗി സർക്കാരിന്റെ കണ്ണിലെ കരടാണ് ഡോ. കഫീൽ ഖാൻ. അദ്ദേഹം ജോലി ചെയ്തിരുന്ന ഉത്തർ പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറുകൾ സമയത്തിന് കിട്ടാതെ അറുപതിലധികം നവജാത ശിശുക്കൾ മരണപ്പെട്ട സാഹചര്യമുണ്ടായിരുന്നു. അന്ന് ഡോ. കഫീൽ ഖാന്റെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും, ഓക്സിജൻ സിലിണ്ടറുകളുടെ വാങ്ങൽ പ്രക്രിയയിൽ ഖാൻ അഴിമതി കാണിച്ചു എന്നും ആരോപിച്ച് സർക്കാർ നടപടിയെടുത്തിരുന്നു. ഈ കേസുകളുടെ പേരിൽ ഡോ. ഖാൻ അറസ്റ്റിലാവുകയും, ദീർഘകാലം ജയിലിൽ കഴിയുകയുമുണ്ടായി. 

 സംഭവം നടക്കുമ്പോൾ ഡോ. ഖാൻ അല്ലായിരുന്നു ആശുപത്രിയിലെ എൻസഫലൈറ്റിസ് വാർഡിന്റെ നോഡൽ ഓഫീസർ എന്നും, യാതൊരു ചുമതലകളും ഇല്ലാതിരുന്നിട്ടുകൂടി ഡോ. ഖാൻ കുട്ടികൾ മരിക്കാതിരിക്കാൻ വേണ്ടി സ്വന്തം ചെലവിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചിരുന്നു എന്നും പിന്നീട് വന്ന അന്വേഷണ റിപ്പോർട്ടിൽ വെളിപ്പെടുത്തപ്പെട്ടിരുന്നു. നിരപരാധിയായ ഡോ. ഖാന് ജയിലിൽ ചെലവിടേണ്ടി വന്നത് നീണ്ട ഒമ്പതു മാസങ്ങളാണ്.