
നാഗ്പൂർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത സർക്കാർ പരിപാടിക്കിടെ പോസ്റ്റൽ വകുപ്പിലെ രണ്ട് മുതിർന്ന വനിതാ ഉദ്യോഗസ്ഥർ തമ്മിൽ രൂക്ഷമായ തർക്കവും കയ്യാങ്കളിയും. പൊതുവേദിയിലായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സീറ്റിംഗ് ക്രമത്തിൻ്റെയും ഔദ്യോഗിക ചുമതലയുടെയും പേരിൽ ഉടലെടുത്ത ഈ തർക്കം ക്യാമറയിൽ പതിയുകയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
നാഗ്പൂർ റീജിയണൽ പോസ്റ്റ് മാസ്റ്റർ ജനറൽ സ്ഥാനത്തുണ്ടായിരുന്ന ഉദ്യോഗസ്ഥയും, കർണാടകയിലേക്ക് സ്ഥലം മാറ്റിയ ശേഷം താൽക്കാലിക ചുമതല വഹിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥയും തമ്മിലായിരുന്നു ഏറ്റുമുട്ടൽ. പഴയ നാഗ്പൂർ ഓഫീസർ തൻ്റെ സ്ഥലംമാറ്റ ഉത്തരവിനെ കോടതിയിൽ ചോദ്യം ചെയ്യുകയും സ്റ്റേ ഓർഡർ നേടുകയും ചെയ്തതോടെയാണ് പ്രശ്നം ഉടലെടുത്തത്. ഇതോടെ ഔദ്യോഗികമായി ആർക്കാണ് പോസ്റ്റ് മാസ്റ്റർ ജനറൽ സ്ഥാനത്തിൻ്റെ ചുമതല എന്നതിനെച്ചൊല്ലി ആശയക്കുഴപ്പമുണ്ടായി. ഇത് ഇരുവർക്കുമിടയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കത്തിന് കാരണമായി.
ഈ ഉദ്യോഗസ്ഥരുടെ പിരിമുറുക്കമാണ് നാഗ്പൂർ പരിപാടിയുടെ വേദിയിൽ പുറത്തായത്. ഇരുവരും വേദിയിൽ സീറ്റിനും സ്ഥലത്തിനുമായി തർക്കിക്കുകയും പിടിവലി കൂടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വൈറൽ വീഡിയോയിൽ, ഒരേ സോഫയിൽ ഇരുന്ന ഉദ്യോഗസ്ഥകൾ തർക്കത്തിൽ ഏർപ്പെടുന്നതും, ഒരാൾ മറ്റൊരാളുടെ കൈ തട്ടിമാറ്റുന്നതും, കൈയ്യിലിരുന്ന വെള്ളം ഒഴുകിപ്പോകുന്നതും, ഒടുവിൽ കൈയ്യിൽ പിച്ചുന്നതും കാണാം. സമീപത്തുണ്ടായിരുന്ന കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അമ്പരപ്പോടെ ഈ രംഗങ്ങൾ നോക്കിനിൽക്കുന്നുണ്ടായിരുന്നു.
മുതിർന്ന ഉദ്യോഗസ്ഥർക്ക് ചേരാത്തതും നാണക്കേടുണ്ടാക്കുന്നതുമാണ് ഈ നടപടി എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. "വേദിയിലെ നാടകം," എന്നും "നാരീശക്തിയുടെ പ്രകടനം" എന്നും ചിലർ പരിഹസിച്ചുകൊണ്ട് എക്‌സിൽ കുറിച്ചു. സംഭവത്തിൽ പോസ്റ്റൽ വകുപ്പ് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല.