
ഉജ്ജെയിൻ: ജെസിബിയുടെ അടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ പാമ്പിനെ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ രക്ഷിച്ച് ഡോക്ടർമാർ. 80ഓളം തുന്നലുകളാണ് രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കിടെ മൂർഖൻ പാമ്പിന് ഇട്ടത്. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിക്രം നഗർ വ്യവസായ മേഖലയിൽ മണ്ണ് കുഴിക്കുന്ന പ്രവർത്തികൾക്കിടയിലാണ് മൂർഖൻ പാമ്പ് ജെസിബിക്ക് അടിയിലായത്. പരിക്കേറ്റ് ചോരയുമായി പാമ്പ് പണി നടക്കുന്ന സ്ഥലത്ത് ഇഴഞ്ഞ് നടക്കുന്നത് കണ്ട സ്ഥലത്തുണ്ടായിരുന്ന ചിലർ മൂർഖൻ പാമ്പിന് മുകളിൽ മണ്ണ് ഇട്ട് മൂടുകയായിരുന്നു.
എന്നാൽ സംഭവം അറിഞ്ഞെത്തിയ മൃഗസ്നേഹികളാ രാഹുൽ, മുകുൾ എന്നിവർ പാമ്പിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഉദ്യാൻ മാർഗിലെ മൃഗാശുപത്രിയിൽ വച്ചാണ് മൂർഖന്റെ മുറിവുകളിൽ തുന്നലിട്ടത്. ചീഫ് വെറ്റിനറി സർജൻ ഡോ. മുകേഷ് ജെയിൻ, രാംകന്യ ഗൗരവ്, രവി രാത്തോഡ്, പ്രശാന്ത് പരിഹാർ എന്നിവരാണ് മൂർഖന്റെ തലയിലും പിൻ ഭാഗത്തുമായി ഗുരുതര പരിക്കുകൾ കണ്ടെത്തിയത്. ചില ഭാഗങ്ങളിൽ തൊലി പൂർണമായി അടർന്ന നിലയിലായിരുന്നു മൂർഖനുണ്ടായിരുന്നത്. മുറിവുകൾ മാരകമാണെന്ന്തിരിച്ചറിഞ്ഞതോടെ ചെറിയ അളവിലുള്ള അനസ്തേഷ്യ നൽകിയാണ് മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തിയത്.
മൂർഖൻ പാമ്പിന്റെ ത്വക്കും പേശികളും അടക്കമാണ് മെഡിക്കൽ സംഘം തുന്നിച്ചേർത്തത്. ജെസിബിയുടെ മുൻ ഭാഗം മൂർഖൻ പാമ്പിന് മേൽ വീണതാണ് പരിക്ക് ഇത്രയധികം രൂക്ഷമാകാൻ കാരണമായത്. നിലവിൽ പോസ്റ്റ് ശസ്ത്രക്രിയ പരിചരണത്തിലുള്ള മൂർഖൻ പാമ്പിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടുദിവസത്തിനകം കാട്ടിലേക്ക് തുറന്നുവിടുമെന്നും ആണ് ഡോക്ടർമാർ വിശദമാക്കുന്നത്. രാജ വെമ്പാല അടക്കം ഉൾപ്പെടുന്ന എലാപിഡേ എന്ന ഇനത്തിലുള്ള വിഷമുള്ള പാമ്പാണ് ഇതെന്നാണ് ഡോക്ടർമാർ വിശദമാക്കുന്നത്. നാഡീ വ്യവസ്ഥയെയാണ് ഇതിന്റെ വിഷം ബാധിക്കുക. ഈർപ്പമുള്ള ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് ഇവയെ സർവ്വസാധാരണമായി കാണപ്പെടാറ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം