
ജയ്പൂർ: രാജസ്ഥാനിലെ ആൽവാറിൽ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഡിആർഡിഒ ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈസൂരിലെ പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ ജോയിന്റ് ഡയറക്ടറായിരുന്നു 28 കാരനായ ആദിത്യ വർമ്മയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിആർഡിഒയുടെ ഭക്ഷ്യ ഗവേഷണ ലബോറട്ടറിയിൽ ജോലി ചെയ്തുവരികയായിരുന്ന വർമ്മ. രണ്ട് മാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. നവംബർ 25 ന് വിവാഹിതനായ ഇദ്ദേഹത്തെ വ്യാഴാഴ്ച വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നവംബർ 27 ന് പുലർച്ചെ 5:30 ഓടെയാണ് വർമ്മ കുളിമുറിയിൽ പോയതെന്ന് കുടുംബം പറഞ്ഞു.
ഏകദേശം 30 മിനിറ്റോളം അദ്ദേഹം പുറത്തു വരാതിരുന്നത് കുടുംബം ശ്രദ്ധിച്ചു. തുടർന്ന് അമ്മ പിതാവിനെ വിളിച്ചു. ടോയ്‌ലറ്റ് വാതിൽ പൊളിച്ച് അകത്തുകടന്നപ്പോൾ വർമ്മയെ കുളിമുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തി. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. നംവബർ 25നാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ആൽവാറിലെ ശിവാജി പാർക്ക് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പറഞ്ഞു. ഒക്ടോബറിൽ സമാനമായ സംഭവമുണ്ടായി. വിവാഹം കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഡിആർഡിഒ ശാസ്ത്രജ്ഞനായ ആകാശ്ദീപ് ഗുപ്തയെ ലഖ്‌നൗവിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.