
ദില്ലി: ദില്ലി മുനിസിപ്പൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി (എഎപി) നേതാവും രണ്ട് തവണ എംഎൽഎയുമായ രാജേഷ് ഗുപ്ത ബിജെപിയിൽ ചേർന്നു. ദില്ലി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ചാണ് രാജേഷ് ഗുപ്ത പാർട്ടി വിട്ടത്. പ്രവർത്തകരെ ഉപയോഗിച്ചു വലിച്ചെറിയുന്ന വസ്തുക്കളായി കെജ്രിവാൾ കണക്കാക്കിയെന്നും പാർട്ടിയുടെ തകർച്ചയ്ക്ക് പിന്നിലെ ഏറ്റവും വലിയ കാരണം കെജ്രിവാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊട്ടിക്കരഞ്ഞാണ് രാജേഷ് ഗുപ്ത അനുഭവം വിവരിച്ചത്. ആം ആദ്മി പാർട്ടി സ്ഥാപിതമായപ്പോൾ നിരവധി പ്രമുഖ വ്യക്തികൾ ആവേശത്തോടെ കെജ്‌രിവാളിനൊപ്പം ചേർന്നു. പക്ഷേ അദ്ദേഹം എല്ലാവരെയും വഞ്ചിച്ചു. ഒന്നോരോന്നായി അവരെല്ലാം അദ്ദേഹത്തെ വിട്ടുപോയി. ഇന്ന്, നിർഭാഗ്യവശാൽ, ഞാനും ആ പട്ടികയിൽ ചേർന്നു- ഗുപ്ത പറഞ്ഞു.
ഉത്തരവാദിത്തമുള്ള എംഎൽഎ എന്ന നിലയിൽ ഗുപ്ത നന്നായി പ്രവർത്തിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ സംഭാവനകളെ വിലമതിക്കുന്നതിൽ കെജ്‌രിവാൾ പരാജയപ്പെട്ടുവെന്ന് ദില്ലി ബിജെപി മേധാവി പറഞ്ഞു. കെജ്‌രിവാൾ ദില്ലിയിൽ നിന്ന് അപ്രത്യക്ഷനായതും അദ്ദേഹം ദില്ലി വിട്ടുപോയ സാഹചര്യവും സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷമായി ദില്ലിയെ വളരെ മോശം അവസ്ഥയിലേക്ക് ആം ആദ്മി പാർട്ടി തള്ളിവിട്ടതിനാൽ അതിന്റെ ഭാരം ഇപ്പോൾ പുതിയ സർക്കാരിന്റെ മേൽ വന്നിരിക്കുന്നുവെന്ന് സച്ച്ദേവ് പറഞ്ഞു.
ഈ ഭാരം ക്രമേണ കുറയ്ക്കാൻ ബിജെപി സർക്കാർ ശ്രമങ്ങൾ നടത്തും. ഔറംഗസേബ് ദില്ലിയെ കൊള്ളയടിച്ചതുപോലെ, കെജ്‌രിവാളും സിസോദിയയും മറ്റ് മുതിർന്ന എഎപി നേതാക്കളും നഗരത്തെ കൊള്ളയടിച്ചു. അഴിമതിയിൽ മുഴുകിയ ശേഷം, എഎപി നേതാക്കൾ ഇപ്പോൾ പഞ്ചാബിൽ സുഖമായി സ്ഥിരതാമസമാക്കിയിരിക്കുന്നുവെന്നും സച്ച്ദേവ കൂട്ടിച്ചേർത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉപതിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് ആം ആദ്മി നേതാവിന്റെ ബിജെപി പ്രവേശനം.