
ബെംഗളൂരു: കര്‍ണാടകയിലെ അധികാര തര്‍ക്കം ഒഴിയുന്നു. 2028വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിമായി തുടരും. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാര്‍ തന്നെയായിരിക്കും പ്രധാനമുഖമെന്നും സിദ്ധരാമയ്യ ഉറപ്പു നൽകി. സിദ്ധരാമയ്യക്ക് കാലാവധി പൂര്‍ത്തിയാക്കാൻ ഡികെ ശിവകുമാര്‍ സമ്മതിച്ചതായാണ് എഐസിസി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇരുവരും തമ്മിൽ അധികാര തര്‍ക്കം ഉണ്ടാകില്ലെന്ന ഉറപ്പാണ് ഹൈക്കമാന്‍ഡ് നേടിയത്. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ തന്നെ മുഖമെന്ന് പ്രാതൽ ചര്‍ച്ചയ്ക്കിടെയാണ് സിദ്ധരാമയ്യ ഉറപ്പുനൽകിയത്. എംഎൽഎമാരോട് സംസാരിച്ച് സിദ്ധരാമയ്യക്ക് തന്നെയാണ് പിന്തുണയെന്ന് ഹൈക്കമാന്‍ഡ് ഉറപ്പിച്ചിരുന്നു. ഇക്കാര്യം ശിവകുമാറിനെയും ധരിപ്പിച്ചു. ഇതോടെയാണ് ശിവകുമാറും അയഞ്ഞത്. കര്‍ണാടകയിലെ മന്ത്രിസഭ രൂപീകരണ സമയത്ത് ആദ്യ രണ്ടര വര്‍ഷം സിദ്ധരാമയ്യയും പിന്നീടുള്ള രണ്ടര വര്‍ഷം ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകുമെന്നായിരുന്നു ധാരണ.
എന്നാൽ, രണ്ടര വര്‍ഷമായിട്ടും സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നത് ഡികെയെയും ഡികെയെ അനുകൂലിക്കുന്ന എംഎൽഎമാരും അതൃപ്തരായിരുന്നു. അധികാര കൈമാറ്റ ചര്‍ച്ചകളിൽ കര്‍ണാടക കോണ്‍ഗ്രസിൽ തര്‍ക്കം രൂക്ഷമായതിനിടെയാണ് ഇന്നലെ ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശ പ്രകാരം ശിവകുമാറും സിദ്ധരാമയ്യയും പ്രാതൽ ചര്‍ച്ച നടത്തിയത്. അടുത്തമാസം എട്ടിന് തുടങ്ങുന്ന കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനം പൂര്‍ത്തിയാകും വരെ മുഖ്യമന്ത്രി പദവി കൈമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകളോ പരസ്യമായ അഭിപ്രായ പ്രകടനങ്ങളോ ഉണ്ടാകില്ലെന്ന ഉറപ്പോടെയാണ് ചര്‍ച്ച അവസാനിച്ചത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെഔദ്യോഗിക വസതിയിലാണ് 40 മിനിറ്റോളം നീണ്ടുനിന്ന ഈ ചർച്ച നടന്നത്. ഇതോടെ കർണാടക കോൺഗ്രസിനെ ഉലച്ച അധികാര കൈമാറ്റ തർക്കത്തിനാണ് താൽക്കാലിക വെടിനിർത്തൽ ഉണ്ടായത്.
കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ഡിസംബർ എട്ടിന് തുടങ്ങാനിരിക്കേ പ്രതിപക്ഷത്തിന് അനാവശ്യ ആയുധം നൽകരുതെന്ന ഹൈക്കമാന്റിന്‍റെ നിർദ്ദേശം ഇരുനേതാക്കളും അംഗീകരിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അനാവശ്യ പ്രസ്താവനകളോ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഒളിപ്പോരോ നേതാക്കളുടെ ദില്ലി യാത്രയോ തൽക്കാലം ഉണ്ടാകില്ലെന്നും തീരുമാനിച്ചു. പ്രധാനമന്ത്രിയാകാൻ കഴിയുമായിരുന്നിട്ടും പാർട്ടിക്കുവേണ്ടി സോണിയാഗാന്ധി ത്യാഗം ചെയ്തത് ഡികെ ഇന്നലെ ഒരു പ്രസംഗ മധ്യേ ചൂണ്ടിക്കാട്ടിയതോടെ തന്നെ സമവായ നീക്കത്തിന്‍റെ സൂചന വ്യക്തമായിരുന്നു. ഇതിനുപിന്നാലെ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇന്നലെ ഇരു നേതാക്കളെയും ഫോണിൽ വിളിച്ചിരുന്നു.
കെസി വേണുഗോപാലിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു ഇന്നലെ ചര്‍ച്ച നടന്നത്. തങ്ങൾ ഒറ്റക്കെട്ടാണെന്നും നേരത്തെയും ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ ഇല്ലായിരുന്നുവെന്നുമാണ് സിദ്ധരാമയ്യയും ഡികെ ശിവകുമാറും ഇന്നലെ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. മുഖ്യമന്ത്രി പദവി ഒഴിയില്ല എന്ന് അസന്ദിഗ്ദ്ധമായി തന്നെ സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള മുഖ്യമന്ത്രിയെ പിണക്കാൻ നേതൃത്വം തയ്യാറായെക്കില്ലെന്ന് ഡി കെ വിഭാഗത്തിനും വിവരം ലഭിച്ചതോടെയാണ് സമവായത്തിലേക്ക് നീങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam