
റായ്പൂർ: മദ്യപിച്ച് ലക്കുകെട്ട് അധ്യാപകൻ ക്ലാസ് മുറിയിൽ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്. ഛത്തീസ്ഗഢിലാണ് സംഭവം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. വാദ്രഫ്‌നഗർ ബ്ലോക്കിലെ പശുപതിപൂർ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. പ്രധാനാധ്യാപകൻ ലക്ഷ്മി നാരായൺ സിംഗ് മദ്യപിച്ച നിലയിൽ ക്ലാസ് മുറിക്കുള്ളിൽ മൊബൈൽ ഫോണിൽ പാട്ട് വായിക്കുകയും സ്‌കൂൾ വിദ്യാർഥികൾക്കൊപ്പം നൃത്തം ചെയ്യുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്‌കൂളിലെ ഒരു ജീവനക്കാരനാണ് വീഡിയോ പകർത്തിയത്.
ലക്ഷ്മി നാരായൺ സിംഗ് പലപ്പോഴും മദ്യപിച്ച നിലയിലാണ് സ്കൂളിൽ എത്തുന്നതെന്നും കാരണമില്ലാതെ കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചു. നിരവധി വിദ്യാർത്ഥികൾ പ്രധാനാധ്യാപകന്റെ മോശം പെരുമാറ്റത്തെക്കുറിച്ച് പരാതികൾ പങ്കുവച്ചു. വീഡിയോ വൈറലായതിന് പിന്നാലെ ബൽറാംപൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) ഡിഎൻ മിശ്ര അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. ഡിഇഒ വദ്രഫ്‌നഗർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഇഒ) മനീഷ് കുമാറിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
അധ്യാപകന്റെ പെരുമാറ്റത്തിൽ പ്രാദേശിക എംഎൽഎ ശകുന്തള പോർട്ടെ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുകയും കർശനമായ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. ഈ സംഭവം സ്കൂളുകളിലെ അധ്യാപകരുടെ പെരുമാറ്റത്തെയും സുരക്ഷയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതാണെന്ന് അഭിപ്രായമുയർന്നു.