
ദില്ലി: കഴിഞ്ഞ ഏപ്രിലിൽ ആഗ്രയിൽ നിന്ന് തട്ടിക്കൊണ്ടുപോയ എട്ടുവയസ്സുകാരൻ്റെ മൃതദേഹം രാജസ്ഥാനിലെ മണിയ ഗ്രാമത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. രാജസ്ഥാൻ പൊലീസിന്റെ സഹായത്തോടെ ആഗ്ര പൊലീസാണ് മൃതദേഹം കണ്ടെത്തിയത്. ആഗ്രയിലെ വിജയ് നഗറിലെ ട്രാൻസ്പോർട്ട് സ്ഥാപന ഉടമ വിജയ് പ്രതാപിന്റെ മകനും ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമായ അഭയ്, ഏപ്രിൽ 30-ന് വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ കാണാതാവുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം, കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സ്ഥിരീകരിച്ച് 80 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് കുടുംബത്തിന് കത്ത് ലഭിച്ചിരുന്നു.
കേസന്വേഷണം തുടരുകയാണെന്നും, എന്തെങ്കിലും തുമ്പുണ്ടാക്കാൻ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് അമർദീപ് ലാൽ വാർത്താ ഏജൻസിയോട് പറഞ്ഞു. സത്യത്തോട് അടുത്താണെന്നും കേസ് ഉടൻതന്നെ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പോലീസിന്റെ അനാസ്ഥ ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ജൂൺ 24-ന് ലഭിച്ച ആദ്യത്തെ മോചനദ്രവ്യ കത്തിലെ കൈയക്ഷരം നോക്കി പ്രതിയെ തിരിച്ചറിഞ്ഞിട്ടും പോലീസ് ഗൗരവം കാണിച്ചില്ലെന്നും അറസ്റ്റ് ചെയ്തില്ലെന്നും കുടുംബം ആരോപിച്ചു. ഇതിനുശേഷം പ്രതി നാല് കത്തുകൾ കൂടി അയച്ച് 80 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും, മറിച്ചെന്തെങ്കിലും ചെയ്താൽ വെടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും കുടുംബം പറയുന്നു. ഫത്തേഹാബാദിലെ വിജയ് നഗർ കോളനിയിൽ താമസിച്ചിരുന്ന വിജയ് പ്രകാശിന്റെ മകനായ അഭയ് പ്രതാപിനെ 80 ദിവസം മുമ്പാണ് കാണാതായത്.
കുട്ടിയെ കാണാതായതിനെ തുടർന്ന് ഫത്തേഹാബാദ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിനായി നിരവധി പോലീസ് സംഘങ്ങളെ നിയോഗിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, മോചനദ്രവ്യവുമായി ബന്ധപ്പെട്ട രണ്ട് കത്തുകൾ അജ്ഞാതർ കുടുംബത്തിന് അയച്ചതോടെ പോലീസ് അന്വേഷണത്തിന്റെ ദിശ മാറ്റുകയും സംശയിക്കപ്പെടുന്നവരുടെ കോൾ വിശദാംശങ്ങളും സ്ഥലവും അന്വേഷിക്കാൻ തുടങ്ങുകയും ചെയ്തു.
ഒരു പ്രതിയുടെ ലൊക്കേഷൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച രാജസ്ഥാനിലെ മാനിയയിൽ പോലീസ് എത്തി. അവിടെ ഒരു വയലിൽ മണ്ണിൽ കുഴിച്ചിട്ട നിലയിൽ ഒരു പ്ലാസ്റ്റിക് ബാഗ് കണ്ടെത്തുകയും, അത് തുറന്നപ്പോൾ അഭയ് പ്രതാപിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെന്ന് പോലീസ് സംശയിക്കുന്നു. പ്രതികൾക്കുവേണ്ടി പോലീസ് സംഘങ്ങൾ തിരച്ചിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam