'കര്‍ഷക സമരങ്ങള്‍ക്ക് ഊര്‍ജ്ജം'; സസ്പെന്‍ഷനില്‍ പ്രതികരണവുമായി എളമരം കരീം

By Web TeamFirst Published Sep 21, 2020, 11:40 AM IST
Highlights

രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെയാണ് ഒരാഴ്ച്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കിയത്. 

ദില്ലി: രാജ്യസഭയില്‍ നിന്ന് ഒരാഴ്‍ച്ചത്തേക്ക് സസ്പെന്‍റ് ചെയ്ത നടപടിയില്‍ പ്രതികരണവുമായി എളമരം കരീം. സസ്പെന്‍ഷന്‍ തങ്ങളെ നിശബ്‍ദര്‍ ആക്കില്ലെന്നും കര്‍ഷകരുടെ പോരാട്ടത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുമെന്നും എളമരം കരീം ട്വീറ്റ് ചെയ്തു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുകയാണ്. കര്‍ഷക സമരങ്ങള്‍ക്ക് സസ്പെന്‍ഷന്‍ ഊര്‍ജ്ജം പകരുമെന്നും എളമരം കരീം പറഞ്ഞു.

രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചതിന് തൃണമൂൽ അം​ഗം ഡെറിക് ഒബ്രിയാൻ, കെ കെ രാ​ഗേഷ്, എളമരം കരീം ഉൾപ്പടെയുള്ള എട്ട് എംപിമാരെയാണ് ഒരാഴ്ച്ചത്തേക്ക് സഭയിൽ നിന്ന് പുറത്താക്കിയത്. സഞ്ജയ് സിം​ഗ് (എഎപി), റിപുൻ ബോറ (കോൺ​ഗ്രസ്), ദോല സെൻ (കോൺ​ഗ്രസ്), സയ്യിദ് നാസിർ ഹുസൈൻ (കോൺ​ഗ്രസ്), രാജീവ് സത്വ (കോൺ​ഗ്രസ്) എന്നിവരാണ് പുറത്താക്കപ്പെട്ട മറ്റ് എംപിമാർ. ഒരാഴ്ചത്തേക്ക് പുറത്താക്കിയതോടെ ഇവർ ഈ സമ്മേളന കാലയളവ് മുഴവൻ സസ്പെൻഷനിലായിരിക്കും. 

കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് എംപിമാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തെത്തുടർന്ന് സഭ അരമണിക്കൂറിലേറെ നിർത്തിവെക്കുകയും ചെയ്തു. രാജ്യസഭയിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ നിർഭാ​ഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. 

click me!