'ഏതു നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാം, ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണം'; അണികളോട് എം കെ സ്റ്റാലിൻ

Published : Jun 29, 2026, 05:21 PM IST
Stalin Vijay

Synopsis

തമിഴ്‌നാട്ടിൽ മൂന്ന് മുതൽ ആറ് മാസത്തിനകം പൊതുതെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ പ്രവചിച്ചു. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടി വി കെ സർക്കാർ ദുർബലമാണെന്നും ഏത് നിമിഷവും താഴെ വീഴാമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: തമിഴ്‌നാട്ടിൽ മൂന്ന് മുതൽ ആറ് മാസത്തിനകം എപ്പോൾ വേണമെങ്കിലും പൊതുതെരഞ്ഞെടുപ്പ് ഉണ്ടായേക്കാമെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. ചെന്നൈയിൽ നടന്ന ലയന സമ്മേളനത്തിൽ അണികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുൻ അണ്ണാ ഡിഎംകെ മന്ത്രി ബെഞ്ചമിന്റെ നേതൃത്വത്തിൽ നിരവധി പേരാണ് ഡിഎംകെയിൽ ചേർന്നത്. അതേസമയം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ഭാവിയെക്കുറിച്ച് പ്രവചനം നടത്താനാണ് സ്റ്റാലിൻ ശ്രമിക്കുന്നതെന്ന് വിമർശനം ഉയർന്നു.

മുഖ്യമന്ത്രി വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്‍റെ (ടി വി കെ) ഭരണത്തെ അതീവ ദുർബലമായ സർക്കാരായാണ് എം കെ സ്റ്റാലിൻ വിശേഷിപ്പിച്ചത്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ ടി വി കെയ്ക്ക് 108 സീറ്റുകൾ മാത്രമാണ് സ്വന്തമായി നേടാനായത്. അതിനാൽ തന്നെ ഈ സർക്കാരിന് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കാൻ കഴിയില്ലെന്നും കഴിഞ്ഞ ദിവസം വരെ ഡിഎംകെ സഖ്യത്തിന്റെ ഭാഗമായിരുന്ന ചില പാർട്ടികളുടെ താൽക്കാലിക പിന്തുണയിലാണ് ഈ വണ്ടി മുന്നോട്ട് നീങ്ങുന്നതെന്നും സ്റ്റാലിൻ പരിഹസിച്ചു. ഏത് തിരിവിലാണ് ഈ വണ്ടി നിയന്ത്രണം വിട്ട് പെട്ടെന്ന് നിൽക്കുക എന്ന് പറയാൻ കഴിയില്ലെന്നും ഇതൊരു താൽക്കാലികവും അസ്ഥിരവുമായ സംവിധാനമാണെന്നും സ്റ്റാലിൻ പറഞ്ഞു.

അതുകൊണ്ട് തന്നെ അഞ്ച് വർഷത്തെ കാലാവധി കഴിയാൻ കാത്തിരിക്കാതെ ഏത് രാഷ്ട്രീയ സാഹചര്യത്തെയും നേരിടാൻ ഡിഎംകെ പ്രവർത്തകർ 100 ശതമാനം സജ്ജരായിരിക്കണമെന്ന് സ്റ്റാലിൻ ആഹ്വാനം ചെയ്തു. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നതുവരെ കാത്തിരിക്കരുത്. ഈ ലയന സമ്മേളനം ഡിഎംകെയുടെ വൻ തിരിച്ചുവരവിനായുള്ള പ്രവർത്തനങ്ങളുടെ തുടക്കമാകണമെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ ഏപ്രിൽ 23 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, വിസികെ, മുസ്ലിം ലീഗ് എന്നീ പാർട്ടികളുടെ പിന്തുണയോടെ ടി വി കെ സർക്കാർ രൂപീകരിച്ചത്. പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ തമിഴ്‌നാടിന്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിഞ്ഞതായും നിക്ഷേപകർ അയൽ സംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതായും സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലഹരി മാഫിയയും വർധിച്ചെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

വിമർശനവുമായി ഉദയനിധിയും

പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ പുതുക്കോട്ടൈയിൽ നടന്ന ചടങ്ങിൽ വിജയ്ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. തമിഴ്‌നാട്ടിൽ മുൻപുണ്ടായിരുന്ന നല്ല ഭരണം എവിടെപ്പോയി എന്ന് ജനങ്ങൾ അന്വേഷിക്കുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ട് നിരന്തരം റെയ്ഡുകൾ നടത്തുന്ന സർക്കാർ, അഴിമതിക്കാരെയാണ് സ്വന്തം പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതെന്നും ടിവികെയിൽ ചേരുന്നതോടെ അവർ വിശുദ്ധരായി മാറുകയാണെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി വിജയ് ഭരണ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനേക്കാൾ നിയമസഭയിലെ ക്യാമറ ആംഗിളുകൾ പരിശോധിക്കുന്നതിലാണ് താല്പര്യം കാണിക്കുന്നതെന്ന് ഉദയനിധി ആരോപിച്ചു. നിയമസഭയിൽ ദിവസവും സിനിമാ ഷൂട്ടിംഗ് പോലെയാണ് കാര്യങ്ങൾ നടക്കുന്നത്. സാധാരണ ജനങ്ങൾ വൈദ്യുതിക്കും വെള്ളത്തിനുമായി ബുദ്ധിമുട്ടുകയാണെന്ന് ഉദയനിധി വിമർശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അയോധ്യയിലെ കാണിക്കക്കൊള്ള: പ്രതികൾക്കായി ഹാജരാകില്ലെന്ന് അഭിഭാഷകർ, ആരെങ്കിലും ഹാജരായാൽ 5 ലക്ഷം രൂപ പിഴ
ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇന്ത്യ പങ്കെടുക്കും, ബിഹാര്‍ ഗവര്‍ണറും വിദേശകാര്യ സഹമന്ത്രിയും പ്രതിനിധീകരിക്കും