
മുബൈ:മുതിർന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്ന ബാബ സിദ്ദീഖി കോണ്‍ഗ്രസ് വിട്ടു. 48 വർഷത്തെ കോണ്‍ഗ്രസ് ജീവിതം അവസാനിക്കുന്നുവെന്ന് എക്സിൽ കുറിച്ചായിരുന്നു സിദ്ദീഖി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചത്. യാത്ര അതിമനോഹരമായിരുന്നുവെന്നും എന്നാല്‍ ചില കാര്യങ്ങള്‍ പറയാതിരിക്കുന്നതാണ് നല്ലതെന്നും ബാബ സിദ്ദീഖ് പറഞ്ഞു. 2017 മുതൽ ചേരി പുനരധിവാസ അതോറിറ്റി അഴിമതി കേസിൽ ബാബ സിദ്ദീഖിക്കെതിരെ ഇഡി അന്വേഷണം തുടരുകയാണ്.
നിലവിൽ മുംബൈ റീജ്യണല്‍ കോണ്‍ഗ്രസ് കമ്മിറ്റി ഉപാധ്യക്ഷനായ ബാബ സിദ്ദീഖി എൻസിപി അജിത്ത് പവാര്‍ വിഭാഗത്തിലേക്ക് മാറുമെന്നാണ് വിവരം. മകനും ബാന്ദ്ര ഈസ്റ്റ് എംഎൽഎയുമായ സീഷൻ സിദ്ദീഖിയ്ക്കൊപ്പം അജിത്ത് പവാറുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ സിദ്ദീഖി കോണ്‍ഗ്രസ് വിടുമെന്ന അഭ്യൂഹം നേരത്തെ ഉയര്‍ന്നിരുന്നു. എൻസിപി അജിത്ത് പവാര്‍ വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകാരം ലഭിച്ചതിനു പിന്നാലെ രാജ്യസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതും സിദ്ദീഖിയുടെ രാജിയും പ്രതിപക്ഷ സഖ്യത്തിന് തിരിച്ചടിയായി. പാര്‍ട്ടി അംഗത്വം രാജിവെച്ചുവെന്നും യാത്രയില്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് നന്ദിയെന്നും ബാബ സിദ്ദീഖ് പറഞ്ഞു.