തൃശൂര്‍ പേരാമ്പ്ര സ്വദേശിയും അപ്പോളോ ടയേഴ്സിലെ മുന്‍ കരാര്‍ ജീവനക്കാരനുമായ ശിവരാമന്‍റെ മരണത്തിലാണ് കൊച്ചി നോര്‍ത്ത് പൊലീസ് കേസെടുത്തത്

കൊച്ചി:കൊച്ചി പി എഫ് ഓഫീസില്‍ വയോധകൻ വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തൃശൂര്‍ പേരാമ്പ്ര സ്വദേശിയും അപ്പോളോ ടയേഴ്സിലെ മുന്‍ കരാര്‍ ജീവനക്കാരനുമായ ശിവരാമന്‍റെ മരണത്തിലാണ് കൊച്ചി നോര്‍ത്ത് പൊലീസ് കേസെടുത്തത്. അസ്വഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. അന്വേഷണത്തില്‍ വിവരങ്ങള്‍ കിട്ടുന്ന മുറക്ക് കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്ന കാര്യം പരിഗണിക്കുമെന്ന് നോര്‍ത്ത് പൊലീസ് അറിയിച്ചു. ഇതിനിടെ പി എഫ് ഓഫീസിലെ ജീവനക്കാരുടെ പേരില്‍ നരഹത്യക്ക് കേസെടുക്കണമെന്നാവശ്യപെട്ട് വിവിധ സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. നാളെ രാവിലെ കൊച്ചി പി എഫ് ഓഫീസിനു മുന്നില്‍ പ്രതിഷേധയോഗം ചേരുമെന്ന് ഫോഴ്സ് എന്ന സംഘടന അറിയിച്ചിട്ടുണ്ട്. ആധാറിലെ സാങ്കേതിക പിഴവ് പറഞ്ഞ് ജീവനക്കാർ 6 വർഷമായി വട്ടം കറക്കിയതിൽ മനംനൊന്താണ് അച്ഛൻ ആത്മത്യ ചെയ്തതെന്ന് മകൻ ശ്രീജിത്ത് മാധ്യമങ്ങോളോട് പറഞ്ഞു.

കാൻസർ രോഗിയായ ശിവരാമൻ 6 വർഷം മുമ്പാണ് അപ്പോളോ ടയർ കമ്പനിയിലെ കരാർ ജോലിയിൽ നിന്ന് വിരമിച്ചത്. വിരമിക്കൽ ആനുകൂല്യത്തിനായി അന്ന് തന്നെ അപേക്ഷ നൽകിയിരുന്നു. പിന്നീട് ഓഫീസിൽ പലവട്ടം കയറിയിറങ്ങി. പക്ഷെ നൽകാനുള്ള 80,000 രൂപ അധികൃതർ നൽകിയില്ല. ആധാറിൽ വയസുമായി ബന്ധപ്പെട്ട് ഉള്ള സാങ്കേതിക പിഴവ് തിരുത്താത്തതാണ് കാരണമായി പറഞ്ഞത്. ഇതിനായി സ്കൂൾ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ, വർഷങ്ങൾക്ക് മുൻപുള്ള രേഖ സ്കൂളിൽ നിന്ന് ലഭ്യമായില്ല. അതില്ലാതെ പണം നൽകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ കുടുപ്പിച്ച് പറഞ്ഞതോടെ വിഷം കഴിച്ചെന്നാണ് മകൻ പറയുന്നത്.

ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയാണ കലൂരിലെ പി.എഫ് ഓഫീസിനകത്തെ ശുചിമുറിയിൽ കയറി ശിവരാമൻ വിഷം കഴിച്ചത്. ഉടൻ പിഎഫ്ഓഫീസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആഴുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് പുലർതച്ചെ മരണം സംഭവിക്കുകയായിരുന്നു.പിഎഫ് ഓഫീസിലെ ജീവനക്കാരാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. സാങ്കേതിക പിഴവുള്ള അപേക്ഷകാരണമാണ് ആനുകൂല്യ വിതരണത്തിന് തടസ്സം ഉണ്ടായതെന്നാണ് പി.എഫ് ഓഫീസ് വിശദീകരിക്കുന്നത്. മറ്റ് വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും റീജ്യണല്‍ ഓഫീസ് പ്രതികരിച്ചു.