ഇ പി ജയരാജന്‍റെ യാത്രാവിലക്ക്; പിന്നിൽ കളിച്ചത് സിബിഐ അന്വേഷണം നേരിടുന്ന കോൺഗ്രസ് എംപി: എ എ റഹീം

By Web TeamFirst Published Jul 19, 2022, 11:01 AM IST
Highlights

സിബിഐ അന്വേഷണം നേരിടുന്ന ഈ കോൺഗ്രസ് എംപിയുടെ പോക്ക്  മുൻഗാമി പോയ വഴിയെ തന്നെയാണ്. ഈ സ്വാധീനം ജനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചുകൂടേ?   കേന്ദ്ര മന്ത്രിസഭയിലെ ചിലരുമായി അദ്ദേഹം  ചങ്ങാത്തത്തിന്റെ പാലo തീർത്തിരിക്കുന്നു. , ഇതിന്റെ ഭാഗമായി പലതും നടക്കുന്നു.

ദില്ലി: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി  ജയരാജന്‍റെ യാത്രാ വിലക്കിന് പിന്നിൽ കളിച്ചത് സിബിഐ അന്വേഷണം നേരിടുന്ന കോൺഗ്രസ് എംപി എന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ എ റഹീം. ഇൻഡിഗോയുടെ നടപടി സംശയാസ്പദമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ചില കോൺഗ്രസ് എംപിമാർക്ക് കേന്ദ്ര മന്ത്രാലയങ്ങളിൽ ഉള്ള രഹസ്യ ബന്ധം ഉപയോഗിച്ചാണ് ഇ പി ജയരാജന് വിലക്ക് ഏർപ്പെടുത്തിയത്. സിബിഐ അന്വേഷണം നേരിടുന്ന ഈ കോൺഗ്രസ് എംപിയുടെ പോക്ക്  മുൻഗാമി പോയ വഴിയെ തന്നെയാണ്. ഈ സ്വാധീനം ജനങ്ങൾക്ക് വേണ്ടി ഉപയോഗിച്ചുകൂടേ?   കേന്ദ്ര മന്ത്രിസഭയിലെ ചിലരുമായി അദ്ദേഹം  ചങ്ങാത്തത്തിന്റെ പാലo തീർത്തിരിക്കുന്നു. , ഇതിന്റെ ഭാഗമായി പലതും നടക്കുന്നു.

ഓപ്പറേഷൻ ലോട്ടസ് രാജ്യത്ത് ശക്തമാണ്. ഇനി എന്ത് നടക്കുമെന്ന് കാത്തിരുന്നു കാണാം. പഴയ ചങ്ങാതി പോയ വഴിക്ക് പുതിയ ചങ്ങാതി പോകാൻ പെട്ടിയെടുക്കുന്നോ എന്നാണ് സംശയമെന്നും എ എ റഹീം അഭിപ്രായപ്പെട്ടു.  

ഇന്‍ഡിഗോ തീരുമാനത്തിനെതിരെ അപ്പീല്‍ പോകില്ലെന്ന് ഇ പി, പൂര്‍ണ്ണ പിന്തുണയെന്ന് ഭാര്യ 

ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടേ. കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജന്‍റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് ഭാര്യ പി കെ ഇന്ദിരയും പറഞ്ഞു. 

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ജയരാജന് മൂന്ന് ആഴ്ചത്തേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയുമാണ് വിലക്ക്. കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിലാണ് ഇന്‍ഡിഗോയുടെ നടപടി. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അവരെ തള്ളി വീഴ്ത്തിയ ജയരാജന്‍റെയും മൊഴി കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ വാദം. 

Read Also: ഇൻഡിഗോ വിമാനക്കമ്പനിക്കെതിരെ സിപിഎം; 'വസ്തുതകൾ പരിശോധിക്കാതെയുള്ള തീരുമാനം, ഇ പിയുടെ വിലക്ക് പുനഃപരിശോധിക്കണം'

 

click me!