മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

തിരുവനന്തപുരം:  ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടേ. കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ പി പറഞ്ഞു. ഇ പി ജയരാജന്‍റെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണയെന്ന് ഭാര്യ പി കെ ഇന്ദിരയും പറഞ്ഞു. 

YouTube video player

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇടത് മുന്നണി കണ്‍വീനര്‍ ഇപി ജയരാജനും രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്‍ഡിഗോ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. ജയരാജന് മൂന്ന് ആഴ്ചത്തേക്കും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയുമാണ് വിലക്ക്. കഴിഞ്ഞ ജൂണ്‍ 13 ന് മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോഴുണ്ടായ സംഭവത്തിലാണ് ഇന്‍ഡിഗോയുടെ നടപടി. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അവരെ തള്ളി വീഴ്ത്തിയ ജയരാജന്‍റെയും മൊഴി കമ്പനി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്ക് നേരയുള്ള ആക്രമണത്തെ പ്രതിരോധിക്കുകയായിരുന്നുവെന്ന വാദമാണ് ജയരാജന്‍ ഉന്നയിച്ചത്. എന്നാല്‍ പ്രതിഷേധ മുദ്രാവാക്യം വിളിക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ വാദം. 

ഇരുകൂട്ടരുടെയും മൊഴി പരിശോധിച്ച റിട്ട. ജഡ്ജി ആര്‍ എസ് ബസ്വാന അധ്യക്ഷനായ സമിത യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇക്കഴിഞ്ഞ പതിനാറാം തിയതി മുതല്‍ മൂന്നാഴ്ചത്തേക്ക് ഇ പി ജയരാജന്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറരുത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രണ്ടാഴ്ചത്തേക്കും. വാര്‍ത്ത പുറത്ത് വന്ന വേളയില്‍ നോട്ടീസ് കിട്ടിയില്ലെന്ന് വാദിച്ച ജയരാജന്‍ പിന്നീട് യാത്രാവിലക്ക് ശരി വച്ച് ഇന്‍ഡിഗോക്കെതിരെ പ്രകോപിതനായി. നടന്ന് പോയാലും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നായിരുന്നു ഇ പി ജയരാജന്‍ പ്രതികരിച്ചത്. കുറ്റകൃത്യം ചെയ്തുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ജയരാജനെതിരെ പൊലീസ് കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മുഹമ്മദ് ആവശ്യപ്പെട്ടു.