
കൊൽക്കത്ത: മരുന്ന് നൽകാനുള്ള സലൈൻ ലായനി കാലാവധി കഴിഞ്ഞത്. പശ്ചിമ ബംഗാളിൽ പ്രസവത്തിന് പിന്നാലെ അവശ നിലയിലായ യുവതിക്ക് ദാരുണാന്ത്യം. സംസ്ഥാന സർക്കാരിന്റെ ആശുപത്രിയിലെ ചികിത്സാ പിഴവിനേ തുടർന്ന് നാല് മാസമായി ചികിത്സയിലായിരുന്ന 31കാരിയായ യുവതിയാണ് മരിച്ചത്. കിഡ്നി തകരാറിലായതിന് പിന്നാലെ ഡയാലിസിസിന് വിധേയമായിരുന്ന യുവതിയുടെ അവയവങ്ങൾ ഞായറാഴ്ചയോടെ പൂർണമായി തകരാറിലാവുകയായിരുന്നു. സംഭവത്തിന് പിന്നാലെ 31കാരിയുടെ ബന്ധുക്കൾ കോട്വാലി പൊലീസിൽ പരാതി നൽകി.
മിഡ്നാപൂരിലെ മെഡിക്കൽ കോളേജിൽ പ്രസവ സംബന്ധിയായ ചികിത്സയ്ക്കിടെയാണ് കാലാവധി കഴിഞ്ഞ സലൈൻ ലായനിയിൽ യുവതിക്ക് മരുന്ന് നൽകിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. നസ്രിൻ ഖാത്തൂൻ എന്ന യുവതിയാണ് ഞായറാഴ്ച മരിച്ചത്. ഡയാലിസിസിനിടെ യുവതിക്ക് അപസ്മാരം അനുഭവപ്പെടുകയും അവയവങ്ങൾ പ്രവർത്തനം നിലച്ചതുമാണ് മരണകാരണമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കാലാവധി കഴിഞ്ഞ സലൈൻ ഉപയോഗിച്ച് മരുന്ന് നൽകിയ യുവതി ഏറെ നാളായി വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്.
നേരത്തെ ജനുവരി 8നാണ് 31കാരി കുഞ്ഞിന് ജന്മം നൽകിയ യുവതി ഇതേ ആശുപത്രിയിൽ കാലാവധി കഴിഞ്ഞ സലൈനിൽ മരുന്ന് നൽകിയത് മൂലം മരണപ്പെട്ടിരുന്നു. ഇതേ സമയത്ത് ഇവിടെ ചികിത്സ തേടിയിരുന്ന യുവതിയാണ് ഞായറാഴ്ച മരിച്ചത്. മറ്റ് 2 സ്ത്രീകൾക്കും സമാനമായ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടെങ്കിലും ഇവർ എസ്എസ് കെ എം മെഡിക്കൽ കോളേജിലേക്ക് ചികിത്സ മാറ്റിയിരുന്നു. വിഷത്തിന് സമാനമായ മരുന്ന് ലഭിച്ച ശേഷമാണ് യുവതിയുടെ ആരോഗ്യാവസ്ഥ മോശമായതെന്നാണ് കുടുംബം ആരോപിക്കുന്നത്. പത്ത് ദിവസങ്ങൾക്ക് മുൻപ് യുവതിയെ ജനറൽ വാർഡിലേക്ക് മാറ്റിയിരുന്നുവെന്നും ഡയാലിസിസ് തുടരുകയായിരുന്നുവെന്നും കുടുംബം വിശദമാക്കുന്നത്. രണ്ട് ദിവസം മുൻപ് ആരോഗ്യ സ്ഥിതി മോശമായതിനാൽ വീണ്ടും യുവതിയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അമ്മയുടെ കരുതൽ എന്താണെന്ന് പോലും 31കാരിയുടെ കുഞ്ഞിന് അറിയാനുള്ള അവസരം ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കേശ്പൂർ ഗ്രാമവാസിയായിരുന്നു യുവതി.
അതേസമയം കാലാവധി കഴിഞ്ഞ സലൈൻ ഉപയോഗിച്ച് അവശനിലയിലായ മറ്റ് രണ്ട് സ്ത്രീകൾ സമാന രോഗ ലക്ഷണം കാണിച്ചെങ്കിലും അടുത്തിടെ ആശുപത്രി വിട്ടിരുന്നു. ആശുപത്രി ജീവനക്കാരുടെ അനാസ്ഥ വിവാദമായതിന് പിന്നാലെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 13 അംഗ സംഘം ആശുപത്രി സന്ദർശിച്ചിരുന്നു. പശ്ചിം ബംഗാ ഫാർമസ്യൂട്ടിക്കലിൽ നിന്ന് എത്തിയ സലൈൻ ലായനിയിലാണ് ഗുരുതര പിഴവ് റിപ്പോർട്ട് ചെയ്തത്. ഈ സ്ഥാപനത്തിന്റെ ഉത്പന്നങ്ങൾ അടിയന്തരമായി നീക്കാനും നിലവിലുള്ള സ്റ്റോക്കുകൾ പിൻവലിക്കാനും സർക്കാർ ഉത്തരവിട്ടിരുന്നു. സംഭവത്തിൽ 12 ഡോക്ടർമാരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ബാധിക്കപ്പെട്ടവരുടെ കുടുംബത്തിന് 12 ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകുമെന്നും സർക്കാർ വിശദമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം