അതിർത്തി സംരക്ഷണത്തിൽ അതീവ ജാ​ഗ്രതയുണ്ട്; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

By Web TeamFirst Published Sep 21, 2020, 12:13 PM IST
Highlights

ചൈനീസ് അതിർത്തിയിലടക്കം പല തട്ടുകളിലായി സേനാ വിന്യാസം കൂട്ടിയെന്ന് മന്ത്രാലയം രാജ്യസഭയെ രേഖാമൂലം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 
 

ദില്ലി: അതിർത്തി സംരക്ഷണത്തിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചൈനീസ് അതിർത്തിയിലടക്കം പല തട്ടുകളിലായി സേനാ വിന്യാസം കൂട്ടിയെന്ന് മന്ത്രാലയം രാജ്യസഭയെ രേഖാമൂലം അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഇന്ത്യൻ സൈന്യം ലൈന്‍ ഓഫ് ആക്വചല്‍ കണ്‍ട്രോളിലെ ആറ് പുതിയ പ്രധാന അതിർത്തി പ്രദേശങ്ങള്‍ പിടിച്ചെടുത്തു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ത്യൻ സൈന്യം ചൈനീസ് സൈന്യത്തെക്കാൾ മുൻ‌തൂക്കം നേടുകയും എൽ‌എസിക്ക് സമീപമുള്ള 6 പ്രധാന താവളങ്ങൾ പിടിച്ചെടുത്തു എന്നുമാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്. എഎൻഐ റിപ്പോർട്ടുകൾ പ്രകാരം, ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ വരെ ആറ് പുതിയ താവളങ്ങൾ സ്വന്തമാക്കാൻ ഇന്ത്യൻ സൈന്യം നീക്കം ശക്തമാക്കിയിരുന്നു. 

ഗുരുങ്‌ ഹിൽ‌, റിച്ചൻ‌ ലാ, റെജാങ്‌ ലാ, മുഖർ‌പാരി, ഫിംഗർ‌ 4 എന്നിവയോട് ചേർന്നുള്ള സ്ഥലങ്ങളാണ്‌ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തത്. ഇവ തിരിച്ചുപിടികൂടാനുള്ള ശ്രമത്തിലാണ് ചൈനീസ് സൈന്യവും. ചൈന 3000 കൂടുതല്‍ സൈനികരെ ഇതിനായി വിന്യസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. ഈ പുതിയ ട്രൂപ്പുകളെ റിച്ചൻ‌ ലാ, റെജാങ്‌ ലാ എന്നിവിടങ്ങളിലാണ് ചൈന വിന്യസിച്ചിരിക്കുന്നത്.

നീക്കങ്ങൾ ശക്തമാക്കിയതിലൂടെ ഇന്ത്യൻ സൈന്യം അതിർത്തിയിലെ സാന്നിധ്യം വ്യക്തമാക്കി കൊണ്ട് ചൈനീസ് സൈന്യത്തെ മറികടക്കുകയായിരുന്നു എന്ന് റിപ്പോര്‍ട്ട് പറയുന്നു.   സൈന്യത്തിന്‍റെ ഉന്നതതലങ്ങളും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവല്‍, ചീഫ് ഓഫ് ഡിഫന്‍സ് ബിബിന്‍ റാവത്ത് അടക്കമുള്ള ഉന്നതരും ചൈനയുടെ ഒരോ നീക്കവും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും സൈന്യത്തിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ നീക്കങ്ങള്‍ തടയുന്നതിന്‍റെ ഭാഗമാണ് നേരത്തെ ചൈനീസ് സൈന്യം മുകളിലേക്ക് വെടിയുതിർത്തത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. വടക്കൻ തീരത്ത് നിന്ന് പംഗാങ് തടാകത്തിന്‍റെ തെക്ക് ഭാഗത്തേക്ക് മൂന്ന് തവണയാണ് ചൈനീസ് സൈന്യം വെടിവച്ചത്.

click me!