ഓൺലൈൻ ക്‌ളാസിൽ ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറയാത്തതിന് മകളുടെ പുറത്ത് പെൻസിലിനു കുത്തി; അമ്മയ്ക്കെതിരെ കേസ്

By Web TeamFirst Published Oct 26, 2020, 11:31 AM IST
Highlights

അമ്മ ചേച്ചിയെ ആക്രമിക്കുന്നത് കണ്ടുനിന്ന ഇളയ കുട്ടി ഫോണെടുത്ത് 1098 എന്ന ചൈൽഡ് ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മുംബൈ : പന്ത്രണ്ടുകാരിയായ മകൾ പഠിക്കുന്ന സ്‌കൂളിലെ ഓൺലൈൻ ക്‌ളാസിൽ ടീച്ചറുടെ ചോദ്യത്തിന് ഉത്തരം പറയാഞ്ഞതിന്റെ ദേഷ്യത്തിന് മകളെ പെൻസിലിനു കുത്തിയ അമ്മയ്ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്. സാന്താക്രൂസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവം നടന്നത്. മകൾ ടീച്ചർ ചോദിച്ച ചോദ്യത്തിന് ഉത്തരം പറയാനാവാതെ മകൻ നിന്ന് പരുങ്ങുന്നതു കണ്ട് കലികയറിയ മുപ്പത്തഞ്ചുകാരിയായ അമ്മ, മകളുടെ ഇൻസ്ട്രുമെന്റ് ബോക്സിൽ നിന്ന് അറ്റം കൂർത്ത പെൻസിലെടുത്ത് അവളുടെ പുറത്തും തോളിലുമായി ഒന്നിലധികം തവണ കുത്തി എന്നാണ് സാന്താ ക്രൂസ് പൊലീസ് മുംബൈ മിറർ പത്രത്തിനോട് പറഞ്ഞത്. അതുകൊണ്ടും അരിശം തീരാഞ്ഞ് അമ്മ മകളുടെ കൈയ്ക്ക് പിടിച്ച് നിരവധി തവണ കടിക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. 

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആധാരമായ സംഭവം നടക്കുന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് അമ്മയുടെ പീഡനത്തിനിരയായ പെൺകുട്ടി.   വിർച്വൽ ക്‌ളാസ്സിലെ മകളുടെ മോശം പ്രകടനം അമ്മയ്ക്ക് അപമാനകരമായി അനുഭവപ്പെട്ടതാണ് ഇങ്ങനെ ക്രുദ്ധയായി പ്രതികരിക്കാൻ അവർക്ക് പ്രകോപനമായത്. അമ്മ ചേച്ചിയെ ആക്രമിക്കുന്നത് കണ്ടുനിന്ന ഇളയ കുട്ടി ഫോണെടുത്ത് 1098 എന്ന ചൈൽഡ് ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും, ആദ്യഘട്ടത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ ഈ കേസിൽ ഇടപെടുന്നതും. ചൈൽഡ് ലൈൻ പ്രവർത്തകർ ഈ വിഷയത്തിൽ അമ്മയെ നേരിൽ കണ്ടു കൗൺസിലിംഗ് നടത്താൻ ശ്രമിച്ചെങ്കിലും അവരോടും കുട്ടികളുടെ അമ്മ മോശമായി പെരുമാറിയതിനെത്തുടർന്നാണ് വിവരം പോലീസിനെ അറിയിച്ച് കേസ് തന്നെ രജിസ്റ്റർ ചെയ്യുന്നത്. 

click me!