
ദില്ലി: കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക ബില്ലുകൾക്കെതിരെ സെപ്റ്റംബര്‍ 25ന് കര്‍ഷക സംഘടനകൾ ഭാരത് ബന്ദ് പ്രഖ്യാപിച്ചു. 24 മുതൽ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിൻ തടയൽ സമരവും പ്രഖ്യാപിച്ചു. ഹർസിമ്രത് കൗർ ബാദലിന്‍റെ രാജി രാഷ്ട്രപതി അംഗീകരിച്ചു.
കാര്‍ഷിക ഉല്പന്നങ്ങൾ സംഭരിച്ചുവെക്കാനും ഏത് വിപണിയിലും വിറ്റഴിക്കാനും അനുമതി നൽകുന്ന ബില്ലും വൻകിട കമ്പനികൾക്ക് കരാർകൃഷിക്ക് അവസരം നല്‍കുന്ന ബില്ലും ഇന്നലെ ലോക്സഭ പാസാക്കിയിരുന്നു. ഇതിനൊപ്പം അവശ്യസാധനങ്ങളുടെ പട്ടികയിൽ നിന്ന് നിരവധി ഉല്പന്നങ്ങൾ ഒഴിവാക്കുന്ന ബില്ലും ലോക്സഭ അംഗീകരിച്ചു. രാജ്യത്തെ പരമ്പരാഗത കൃഷിരീതികളെ തകര്‍ക്കുന്നതാണ് ഈ തീരുമാനമെന്ന് ഭൂരിപക്ഷം കര്‍ഷക സംഘടനകളും ആശങ്കപ്പെടുന്നു. നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരത് ബന്ദ് ഉൾപ്പടെയുള്ള വലിയ പ്രതിഷേധത്തിലേക്ക് കര്‍ഷകര്‍ നീങ്ങുന്നത്. പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ റോഡ് ഉപരോധിച്ചുള്ള സമരങ്ങൾ തുടരുകയാണ്.
കര്‍ഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇന്നലെ കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലിദൾ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദൽ രാജിവെച്ചത്. രാജിവെച്ചെങ്കിലും ബിജെപി സര്‍ക്കാരിനുള്ള പിന്തുണ അകാലിദൾ പിൻവലിച്ചിട്ടില്ല. ലോക്സഭ പാസാക്കിയ കാര്‍ഷിക ബില്ലുകൾ രാജ്യസഭയിൽ കൊണ്ടുവരുന്നതിന് മുമ്പ് സര്‍വ്വകക്ഷിയോഗം വിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ബില്ലുകൾ സെലക്റ്റ് കമ്മിറ്റിക്ക് വിടണമെന്നാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ ആവശ്യം. അതേസമയം കര്‍ഷിക ഉല്പന്നങ്ങൾക്ക് കൂടിയ വില ഉറപ്പാക്കാനും കാര്‍ഷികമേഖലയിൽ അനുകൂലമാറ്റങ്ങൾ ഉണ്ടാക്കാനാണ് തീരുമാനമെന്നാണ് പ്രധാനമന്ത്രിയുടെ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam