
കല്യാണം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ലെന്ന പേരിൽ പദയാത്ര! പെട്ടന്ന് കേൾക്കുമ്പോൾ അപർവ്വത തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ കേരളത്തിൽ നിന്ന് അധിക ദുരത്തേക്ക് ഒന്നും നോക്കണ്ട. നമ്മുടെ അയൽ സംസ്ഥാനത്തേക്ക് ഒന്ന് കണ്ണോടിച്ചാൽ അങ്ങനെയൊരു കാഴ്ച കാണാം. കർണാടകയിലെ ഒരു സംഘം കർഷക യുവാക്കളാണ് കല്യണം കഴിക്കാൻ പെൺകുട്ടികളെ കിട്ടാനില്ലാത്തതിനാൽ പദയാത്ര നടത്തിയത്. 'എഞ്ചിനീയർമാർക്ക് കല്യാണം കഴിക്കാം, ഡോക്ടർമാർക്ക് കല്യാണം കഴിക്കാം, ഞങ്ങൾക്ക് മാത്രം കല്യാണം കഴിക്കാൻ പെൺകുട്ടികളില്ല' - ഈ പരാതിയുമായിട്ടാണ് കർണാടകയിലെ യുവ കർഷകരുടെ പദയാത്ര. വധുവിനെ കിട്ടാനുള്ള നേർച്ചയുമായി ഇവർ ചാമരാജ് നഗറിലുള്ള വനക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തിയത്.
ഏറെക്കുറെ നൂറ്റമ്പതുപേരടങ്ങുന്ന സംഘമാണ് ഈ വനക്ഷേത്രത്തിലേക്ക് നേർച്ചയുമായി പദയാത്ര സംഘടിപ്പിച്ചത്. പൂജക്ക് ശേഷം കാവി കൊടി ഉയർത്തിയുള്ള ഫ്ലാഗ് ഓഫും നടത്തിയാണ് യുവാക്കൾ പദയാത്ര ആരംഭിച്ചത്. 150 പേരും മുപ്പത് കഴിഞ്ഞ യുവാക്കളാണെന്നും കല്യാണം നടക്കുന്നിനല്ലെന്നും അതുകൊണ്ടാണ് ഇത്തരമൊരു പദയാത്ര നടത്തേണ്ടിവന്നതെന്നും കർഷക യുവാവായ ഷൺമുഖസുന്ദരം പറഞ്ഞു. ബെംഗളുരു, മംഗളുരു, ശിവമൊഗ്ഗ എന്നിങ്ങനെ കർണാടകയുടെ പല ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ ഒത്തുകൂടിയത്. ഭൂരിഭാഗവും കർഷകർ തന്നെയാണ്. പിന്നെയുള്ളവരാകട്ടെ നിത്യത്തൊഴിലാളികലും. ഇവർ എല്ലാവരും ഉന്നയിക്കുന്ന പ്രശ്നം ഒന്നാണ്. കല്യാണം കഴിക്കാൻ ഒരു പെൺകുട്ടിയില്ല!.
എഞ്ചിനീയറോ ഡോക്ടറോ പോലെയൊരു ജോലിയല്ലേ സർ കൃഷിപ്പണിയും? പിന്നെ ഞങ്ങളോട് മാത്രമെന്തിനാണ് ഈ വിവേചനം? എന്നാണ് ഷൺമുഖസുന്ദരം ചോദിക്കുന്നത്. ഈ വിവേചനത്തിലെ പ്രതിഷേധം കൂടിയാണ് ഇങ്ങനെയൊരു പദയാത്രക്ക് പിന്നിലെന്നും അദ്ദേഹം വിവരിച്ചു. കല്യാണം കഴിക്കാൻ ബ്രോക്കർമാരെ കണ്ടാൽ പോരേ? അല്ലെങ്കിൽ മാട്രിമോണിയിൽ രജിസ്റ്റർ ചെയ്താൽ പോരേ? എന്തിനാണ് പദയാത്ര? എന്നൊക്കെ ചോദിച്ചാൽ ഈ യുവാക്കൾക്ക് മറുപടിയുണ്ട്. അതൊന്നും നടക്കാഞ്ഞിട്ടാണ്, അല്ലെങ്കിൽ പെണ്ണ് കിട്ടാഞ്ഞിട്ടാണ് ഇങ്ങനെയൊരു പദയാത്ര വേണ്ടിവന്നതെന്ന് ഇവർ പറയും.
പൂജയും ആരതിയുമൊക്കെയായി ഇവരെ ആശീർവദിച്ച് വിടുന്ന കാഴ്ചയാണ് ഇവിടെ കണ്ടത്. മാണ്ഡ്യ കെ എം ദൊഡ്ഡിയിൽ നിന്ന് കാട്ടിന് നടുവിലുള്ള മാലെ മഹാദേശ്വര ക്ഷേത്രത്തിലേക്കാണ് ഇവർ പദയാത്ര നടത്തുന്നത്. ശനിയാഴ്ച ഇവർ ക്ഷേത്രത്തിലെത്തി തൊഴുത് മടങ്ങും. അപ്പോഴേക്ക് കല്യാണം കഴിക്കാൻ ഇവർക്കൊരു പെൺകുട്ടിയെ കിട്ടുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.