ദില്ലി: കർഷക സമരം നടക്കുന്ന സിംഘു അതിർത്തിയിൽ നാടകീയ നീക്കം. നാല് കർഷക നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ട് അക്രമിയെത്തിയെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ വ്യക്തമാക്കി. ഇത് വിശദീകരിച്ച നേതാക്കൾ ആക്രമിക്കാനെത്തിയ ആളെ അർധരാത്രി തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് സംശയാസ്പദമായ രീതിയിൽ സിംഘുവിൽ നിന്ന് കർഷകർ ഇയാളെ പിടികൂടിയത്. തുടർന്ന് ഇയാളെ കർഷകർ ചോദ്യം ചെയ്തു. ഇതോടെയാണ് ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ വ്യക്തിയെന്ന് മനസിലായത്.

കർഷക നേതാക്കളെ വധിക്കാനും ട്രാക്ടർ റാലി തടസപ്പെടുത്താനും ലക്ഷ്യമിട്ടാണ് എത്തിയതെന്നു് ഇയാൾ മാധ്യമങ്ങളോട് പറഞ്ഞു. താൻ ഉൾപ്പെടുന്ന പത്തംഗ സംഘം ഇതിനായി നിർദ്ദേശം കിട്ടിയെന്നും ഇതിന് പൊലീസിലെ ചിലരുടെ സഹായമുണ്ടെനും ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. ആക്രമിയെ പിന്നീട് കർഷക നേതാക്കൾ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. കർഷക സമരം അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുവെന്നും കർഷക നേതാക്കൾ ആരോപിച്ചു.

അതേസമയം നേരത്തെ കേന്ദ്ര സർക്കാരും കർഷക സംഘടനകളും നടത്തുന്ന പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കാർഷിക നിയമങ്ങളിൽ അപാകതയില്ലെന്നും നിയമം പിന്‍വലിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയതോടെയാണ് ചർച്ച അലസിപിരിഞ്ഞത്.

കേന്ദ്രം മുന്നോട്ട് വച്ച ഉപാധിയെക്കാൾ മികച്ചതായി കർഷകർക്ക് എന്തെങ്കിലും ഉപാധികളുണ്ടെങ്കിൽ അറിയിക്കാൻ സംഘടനകളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ട് വരണം എന്ന ആവശ്യം കർഷക സംഘടനകൾ ഇന്നത്തെ യോഗത്തിൽ ഉന്നയിച്ചു.

നിയമങ്ങൾ പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കർഷകർ. സമരം നിര്‍ത്തിയാല്‍ കാർഷിക നിയമങ്ങൾ നടപ്പിലാക്കുന്നത് ഒന്നര വർഷം വരെ നിര്‍ത്തി വയ്ക്കാം എന്ന കേന്ദ്ര സർക്കാരിന്‍റെ തീരുമാനം സ്വീകാര്യമല്ല എന്ന് ഇന്നലെ ചേർന്ന കർഷക സംഘടന പ്രതിനിധികളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു.