
ചണ്ഡിഗഢ്: മാസങ്ങൾക്ക് മുമ്പ് അച്ഛൻ കൈകൾ കെട്ടി കനാലിലേക്ക് തള്ളിയിട്ടെന്ന് പറയപ്പെട്ട 17 വയസുകാരി അത്ഭുതകരമായി തിരിച്ചെത്തി. പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലാണ് സംഭവം. പെൺകുട്ടി ഞായറാഴ്ച മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുകയും, തന്‍റെ ഭീകരമായ രക്ഷപ്പെടൽ കഥ വെളിപ്പെടുത്തുകയും. അതേസമയം, ജയിലിലുള്ള അച്ഛനെ മോചിപ്പിക്കണമെന്ന് വികാരഭരിതമായി അപേക്ഷിക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബർ 29നാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. പെൺകുട്ടിയുടെ അമ്മയുടെയും മൂന്ന് ഇളയ സഹോദരിമാരുടെയും മുന്നിൽ വെച്ചാണ് അച്ഛൻ സുർജിത് സിംഗ് ഈ ക്രൂരത ചെയ്തത്. മകളുടെ സ്വഭാവത്തിൽ സംശയമുണ്ടായിരുന്ന സുർജിത് സിംഗ്, അവളുടെ കൈകൾ കയറുകൊണ്ട് കെട്ടി കനാലിലേക്ക് തള്ളിയിടുകയായിരുന്നു. ഈ ക്രൂരകൃത്യം മൊബൈലിൽ റെക്കോർഡ് ചെയ്യുകയും അത് വൈറലാവുകയും ചെയ്തിരുന്നു.
കനാലിലേക്ക് തള്ളിയിടുമ്പോൾ, 'ചൽ മർ (പോയി മരിക്ക്)' എന്ന് അയാള്‍ പറയുന്നത് വീഡിയോയിൽ കേൾക്കാമായിരുന്നു. കരഞ്ഞുകൊണ്ട് സഹായത്തിനായി അപേക്ഷിച്ച ഭാര്യയോട്, 'മർനേ ദേ (അവൾ മരിക്കട്ടെ)' എന്നും അയാൾ പറഞ്ഞു. മകളെ വെള്ളത്തിലൂടെ ഒഴുകി പോകുമ്പോൾ 'ബൈ ബൈ' എന്നും അയാൾ കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ കസിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിറോസ്പൂർ സിറ്റി പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയും സുർജിത് സിംഗിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അന്നുമുതൽ അയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
മാധ്യമങ്ങൾക്ക് മുന്നിൽ പെൺകുട്ടി താൻ എങ്ങനെ രക്ഷപ്പെട്ടുവെന്ന് വെളിപ്പെടുത്തി. കനാലിലെ ശക്തമായ ഒഴുക്കിൽപ്പെട്ടപ്പോൾ കൈകളിലെ കെട്ടുകൾ അത്ഭുതകരമായി അഴിഞ്ഞുപോയെന്ന് അവൾ പറഞ്ഞു. ഒഴുക്കിൽ പോകുമ്പോൾ, വെള്ളത്തിൽ നിന്ന് പുറത്തേക്ക് തള്ളിനിന്നിരുന്ന ഒരു ഇരുമ്പ് കമ്പിയിൽ അവളുടെ തലയിടിക്കുകയും, വേദനയോടെയാണെങ്കിലും അത് അവൾക്ക് ജീവൻ രക്ഷിക്കാൻ ഒരു മാർഗ്ഗമായി മാറുകയും ചെയ്തു. അവൾ ആ കമ്പിയിൽ പിടിച്ച് കരയിലെത്തി. അതുവഴി പോയ മൂന്ന് പേരാണ് അവളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിച്ചത്. രണ്ട് മാസത്തോളം താൻ അഭയം തേടിയ സ്ഥലം വെളിപ്പെടുത്താൻ പെൺകുട്ടി തയ്യാറായില്ലെങ്കിലും തനിക്ക് സുഖമില്ലായിരുന്നു എന്നും ചികിത്സയിലായിരുന്നു എന്നും പറഞ്ഞു.
'അച്ഛനെ മോചിപ്പിക്കണം'
ഇളയ സഹോദരിമാരെ നോക്കാൻ മറ്റാരുമില്ലെന്ന് കരഞ്ഞുകൊണ്ട് പറഞ്ഞ പെൺകുട്ടി, അച്ഛനെ മോചിപ്പിക്കണമെന്ന് അധികൃതരോട് അപേക്ഷിച്ചു. ആക്രമണ സമയത്ത്, മദ്യലഹരിയിലായിരുന്ന അച്ഛനെ അമ്മ പ്രകോപിപ്പിക്കുകയായിരുന്നു എന്നും അവൾ ആരോപിച്ചു. ബന്ധുക്കളെ വിശ്വാസമില്ലാത്തതിനാൽ പൊലീസ് സംരക്ഷണം വേണമെന്നും അവൾ ആവശ്യപ്പെട്ടു. പെൺകുട്ടിയെ ജീവനോടെ കണ്ടെത്തിയതോടെ, കൊലപാതകക്കുറ്റം കൊലപാതക ശ്രമമായി മാറ്റാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു.