
ദില്ലി: രാജ്യത്തിന് അഭിമാനമായി മാറിയ ഫ്ലൈദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണമെന്ന ആവശ്യവുമായി ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടനയായ ദ ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്സ് (എഫ്ഐപി). ആവശ്യം ഉന്നയിച്ച് എഫ്ഐപി, പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. സ്മിത്ത് മച്ചാറിൻ്റെ അസാമാന്യ ധീരത അടക്കം ചൂണ്ടിക്കാട്ടിയാണ് എഫ്ഐപിയുടെ ആവശ്യം. നേരത്തെ സമാന ആവശ്യം ഉന്നയിച്ച് മിലിന്ദ് ദിയോറ എംപിയും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിക്കെഴുതിയ കത്തിൽ, സ്മിത്ത് മച്ചാറിനെ അശോക ചക്ര പുരസ്കാരത്തിന് പരിഗണിക്കണമെന്ന് മിലിന്ദ് ദിയോറ ആവശ്യപ്പെട്ടിരുന്നു.
പരിക്കേറ്റിട്ടും സ്മിത്ത് മച്ചാർ പൈലറ്റ്-ഇൻ-കമാൻഡ് എന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കുന്നത് തുടരുകയും വിമാനത്തിന്റെ നിയന്ത്രണം നിലനിർത്തുകയും ചെയ്തുവെന്ന് എഫ്ഐപി കത്തിൽ ചൂണ്ടിക്കാട്ടി. ഇതുപോലെയുള്ള അസാമാന്യ ധീരതയ്ക്കുള്ള അംഗീകാരങ്ങൾ ഉന്നതതലത്തിൽ തന്നെ നൽകപ്പെടേണ്ടതാണ്. അതിനാൽ, ക്യാപ്റ്റൻ സ്മിത്തിന് അനുയോജ്യമായ ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകുന്നത് പരിഗണിക്കാൻ അഭ്യർത്ഥിക്കുന്നു. ഗുരുതരമായ അപകടവും കടുത്ത പരിക്കുകളും അഭിമുഖീകരിക്കേണ്ടി വരുമ്പോഴും ഒരു യഥാർത്ഥ പ്രൊഫഷണൽ പൈലറ്റിന്റെ ഉത്തരവാദിത്തം തങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ച ആളുകളുടെ സുരക്ഷയിൽ മാത്രമായിരിക്കുമെന്ന് ക്യാപ്റ്റൻ സ്മിത്തിന്റെ പ്രവർത്തനങ്ങൾ തെളിയിക്കുന്നുവെന്ന് എഫ്ഐപി വ്യക്തമാക്കി.
സ്മിത്ത് മച്ചാറിനെ അശോക ചക്ര പുരസ്കാരത്തിന് പരിഗണിക്കണമെന്നായിരുന്നു മിലിന്ദ് ദിയോറ എംപിയുടെ ആവശ്യം. ആകാശമധ്യത്തിൽ സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു സാഹചര്യത്തെ അഭിമുഖീകരിച്ചിട്ടും ഗുരുതരമായി പരിക്കേറ്റിട്ടും സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവനാണ് അദ്ദേഹം മുൻഗണന നൽകിയത്. അദ്ദേഹത്തിന്റെ പ്രവൃത്തികൾ ധീരതയുടെയും നിസ്വാർത്ഥതയുടെയും കടമാനിരതയുടെയും ഉന്നതമായ മാതൃകയാണെന്ന് എംപി ചൂണ്ടിക്കാട്ടി.
അതിനിടെ, ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണം ക്യാപ്റ്റൻ സ്മിത്ത് മച്ചാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരിച്ചു. ആരോഗ്യം മെച്ചപ്പെടുന്നുവെന്നും പ്രധാനമന്ത്രിയുമായി സംസാരിക്കാൻ കഴിഞ്ഞത് ആശ്വാസമായെന്നും ആശുപത്രി കിടക്കയിൽ നിന്ന് വീഡിയോ കോളിലൂടെ സ്മിത്ത് മച്ചാർ പറഞ്ഞു. മറ്റുള്ളവരുടെ ജീവൻ എടുക്കുന്നവരല്ല, സംരക്ഷിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് സ്മിത്തിൻ്റെ ധീരതയിലൂടെ ഒരിക്കൽ കൂടി അഭിമാനത്തോടെ പറയാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ ആക്രമണത്തിലാണ് പൈലറ്റ് സ്മിത്ത് മച്ചാർ സാഹസികമായി യാത്രക്കാരുടെ ജീവൻ രക്ഷപ്പെടുത്തിയത്. സഹപൈലറ്റിൽ നിന്നേറ്റ കത്തിക്കുത്തിൽ പിടഞ്ഞുവീണപ്പോഴും കോക്പിറ്റ് വാതിൽ തുറന്നിട്ടാണ് സ്മിത്ത് മച്ചാർ 174 യാത്രക്കാരെ രക്ഷപ്പെടുത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam