
പനാജി: വടക്കൻ ഗോവയിലെ അർപോറയിലുള്ള പ്രശസ്തമായ 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' നിശാക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 25 പേർ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. "ബോളിവുഡ് ബാംഗർ നൈറ്റ്" ആഘോഷിക്കുന്നതിനിടെയാണ് ക്ലബ്ബിൽ തീ പടർന്നു പിടിച്ചത്. സംഭവ സമയം ഏകദേശം 100-ഓളം വിനോദസഞ്ചാരികളാണ് ക്ലബ്ബിൽ ഉണ്ടായിരുന്നത്. 'ഷോലെ' സിനിമയിലെ ഹിറ്റ് ഗാനമായ 'മെഹബൂബ ഓ മെഹബൂബ'യുടെ താളത്തിനൊത്ത് ഡാൻസര്‍ ചുവടുവെക്കുന്നതിനിടെയാണ് തീ പടരുന്നത്. ഡാൻസറിന് പിന്നിലുള്ള കൺസോളിന് മുകളിൽ തീ പ്രത്യക്ഷപ്പെടുന്നതാണ് ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ കാണുന്നത്. ക്ലബ്ബ് ജീവനക്കാരാണെന്ന് തോന്നിക്കുന്ന രണ്ടുപേർ ഉടൻതന്നെ കൺസോളിന് അടുത്തേക്ക് ഓടിയെത്തി, ഉപകരണങ്ങൾ മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. തുടക്കത്തിൽ അവിടെ ഉള്ളവര്‍ കാര്യമായ പേടിയില്ലാതെ പെരുമാറുന്നതും ദൃശ്യങ്ങളിലുണ്ട്. എന്നാൽ തീ പടര്‍ന്നതോടെ ആര്‍ട്ടിസ്റ്റുകൾ ഉപകരണങ്ങൾ അടക്കം ഉപേക്ഷിച്ച് ഓടിമാറുന്നതും നിമിഷങ്ങൾക്കകം നർത്തകിയും ജീവനക്കാരുമടക്കം പുറത്തേക്ക് പോകുന്നതും കാണാം.
തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തീ പടർന്നതിനു ശേഷം ഇടുങ്ങിയ വഴിയും, പുറത്തുകടക്കുന്നതിനുള്ള വഴിയുടെ കാര്യത്തിലുള്ള അറിവില്ലായ്മയും ദുരന്തവ്യാപ്തി വർദ്ധിപ്പിച്ചുവെന്നാണ് ദൃക്‌സാക്ഷികളും അഗ്നിശമന സേനാംഗങ്ങളും പറയുന്നത്. മരിച്ചവരിൽ പലരും ശ്വാസംമുട്ടിയാണ് മരിച്ചത്. മറ്റു ചിലര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്. ചില വിനോദസഞ്ചാരികളും ജീവനക്കാരും താഴത്തെ അടുക്കള ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച്, അവിടെ കുടുങ്ങിപ്പോവുകയും ചെയതു. നിശാക്ലബ്ബിലേക്കുള്ള വഴികൾ ഫയർ എഞ്ചിനുകൾക്ക് കടന്നുപോകാൻ കഴിയാത്തവിധം ഇടുങ്ങിയതായിരുന്നു. അതിനാൽ ഫയർ എഞ്ചിനുകൾ ഏകദേശം 400 മീറ്റർ അകലെയാണ് നിർത്തിയിട്ടത്. ഇത് രക്ഷാപ്രവർത്തനത്തെ കൂടുതൽ സങ്കീർണ്ണമാക്കി.
ഗോവയിൽ ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിരീക്ഷണം: "പ്രാഥമിക അന്വേഷണത്തിൽ തീപിടിത്തം മുകൾനിലയിൽ നിന്നാണ് ആരംഭിച്ചതെന്ന് തോന്നുന്നു. വാതിലുകൾ വളരെ ഇടുങ്ങിയതുകൊണ്ട് ചിലർക്ക് മാത്രമേ രക്ഷപ്പെടാൻ കഴിഞ്ഞുള്ളു.തീവ്രത വർധിച്ചതോടെ മറ്റുള്ളവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. വെൻ്റിലേഷൻ സൗകര്യമില്ലാത്തതിനാൽ അടിത്തട്ടിലേക്ക് പോയ പലരും ശ്വാസംമുട്ടി മരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോട്ടലിൻ്റെ ജനറൽ മാനേജർമാർക്കും ഉടമയ്ക്കും എതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് വാറൻ്റ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഫയർ സേഫ്റ്റിയും നിർമ്മാണ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്ന് മജിസ്‌ട്രേറ്റുതല അന്വേഷണം നടത്തും. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം നൽകുമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.