
ദില്ലി: രാജ്യ തലസ്ഥാനത്തെ ഗാന്ധി വിഹാറിലെ ഒരു അപ്പാർട്ട്‌മെന്‍റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ 32 വയസുള്ള യുപിഎസ്‌സി ഉദ്യോഗാർത്ഥിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തൽ. തീപിടിത്തത്തെത്തുടർന്നുള്ള അപകടമരണമെന്ന് ആദ്യം സംശയിച്ച കേസ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട റാംകേഷ് മീണയുടെ ലീവ്-ഇൻ പങ്കാളിയായ 21 വയസുള്ള അമൃത ചൗഹാൻ, ഇവരുടെ മുൻ കാമുകനായ സുമിത് കശ്യപ് (എൽപിജി ഏജന്‍റ്), ഇവരുടെ സുഹൃത്ത് സന്ദീപ് കുമാർ എന്നിവരാണ് പ്രതികൾ. ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശികളാണ് ഇവർ.
ഫോറൻസിക് സയൻസിലുള്ള അമൃതയുടെ അറിവും ഗ്യാസ് മെക്കാനിക്സിലുള്ള സുമിത്തിന്‍റെ അറിവും ഉപയോഗിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. കൊലപാതകത്തിന് ശേഷം മീണയുടെ ഫ്ലാറ്റ് കത്തിച്ച് തീപിടിത്തം മൂലമുള്ള അപകടമരണമായി ചിത്രീകരിക്കാനാണ് ഇവർ ശ്രമിച്ചത്. എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചതാണെന്ന് ആദ്യം കരുതിയ സംഭവം, കൃത്യമായി ആസൂത്രണം ചെയ്ത തെളിവ് നശിപ്പിക്കാനുള്ള ശ്രമമായിരുന്നു. മീണയുടെ മൃതദേഹം കണ്ടെത്തി ദിവസങ്ങൾക്ക് ശേഷം പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
ബിഎസ്‌സി ഫോറൻസിക് സയൻസ് വിദ്യാർത്ഥിയായ അമൃത മെയ് മാസം മുതൽ മീണയ്‌ക്കൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ, തന്‍റെ സ്വകാര്യ വീഡിയോകൾ മീണ രഹസ്യമായി റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് അമൃത കണ്ടെത്തുകയും, പലതവണ ആവശ്യപ്പെട്ടിട്ടും അത് ഡിലീറ്റ് ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തതോടെയാണ് ബന്ധം വഷളായത്. ഇതോടെ അമൃത, മുൻ കാമുകനായ സുമിത്തിനെ വിളിച്ച് വിവരം പറയുകയായിരുന്നു. അവനെ ഒരു പാഠം പഠിപ്പിക്കാൻ സഹായിക്കണമെന്നാണ് അമൃത സുമിത്തിനോട് ആവശ്യപ്പെട്ടത്. തുടർന്ന് സുമിത് സുഹൃത്ത് സന്ദീപിനെയും കൂട്ടിയാണ് പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു
ഒക്ടോബർ 5-6 രാത്രിയിൽ മൊറാദാബാദിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്ത മൂവരും ഗാന്ധി വിഹാറിലെ മീണയുടെ നാലാം നിലയിലുള്ള ഫ്ലാറ്റിൽ പ്രവേശിച്ചു. സിസിടിവി ദൃശ്യങ്ങളിൽ മുഖം മറച്ച രണ്ട് പുരുഷന്മാർ കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതും, പിന്നാലെ ഒരു സ്ത്രീ വരുന്നതും കണ്ടതായി ഡിസിപി (നോർത്ത്) രാജാ ബന്തിയ അറിയിച്ചു. പുലർച്ചെ 2:57 ന്, അമൃതയും ഒരാളും പുറത്തേക്ക് പോകുന്നത് കണ്ടതിന് തൊട്ടുപിന്നാലെ അപ്പാർട്ട്‌മെന്‍റിൽ സ്ഫോടനം നടന്നു.
പൊലീസെത്തി പരിശോധിച്ചപ്പോൾ മീണയുടെ ശരീരം ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളും, കത്തലിന്‍റെ രീതിയും കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തി. സംഭവസമയത്ത് അമൃതയുടെ മൊബൈൽ ലൊക്കേഷൻ ക്രൈം സീനിന് സമീപം രേഖപ്പെടുത്തുകയും കോൾ വിവരങ്ങൾ ഇവർക്ക് പങ്കുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മൊറാദാബാദിൽ നടത്തിയ റെയ്‌ഡുകൾക്കൊടുവിൽ ഒക്ടോബർ 18-ന് അമൃതയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, മീണയെ ശ്വാസം മുട്ടിക്കുകയും ആക്രമിക്കുകയും ചെയ്ത ശേഷം തീകൊളുത്തിയെന്ന് അമൃത കുറ്റം സമ്മതിച്ചു.
ഗ്യാസ് വിതരണക്കാരനായ സുമിത്ത് ആണ് സിലിണ്ടർ ഉപയോഗിച്ച് സ്ഫോടനം നടത്തി അപകടമരണമായി ചിത്രീകരിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടുന്നതിന് മുമ്പ്, സംശയം ഒഴിവാക്കാൻ ഇരുമ്പ് ഗേറ്റിലെ ഒരു ചെറിയ ദ്വാരത്തിലൂടെ ഫ്ലാറ്റ് അകത്ത് നിന്ന് പൂട്ടി. തെളിവുകൾ നശിപ്പിക്കാനായി മീണയുടെ ഹാർഡ് ഡിസ്‌ക്, ലാപ്‌ടോപ്പുകൾ, മറ്റ് വസ്തുക്കൾ എന്നിവയും ഇവർ കടത്തിക്കൊണ്ടുപോയി. ഫോറൻസിക് സയൻസിലെ അമൃതയുടെ പശ്ചാത്തലവും ക്രൈം വെബ് സീരീസുകളോടുള്ള താൽപര്യവുമാണ് കൊലപാതകം ആസൂത്രണം ചെയ്യാനും തീപിടിത്തമാക്കി മാറ്റാനും സഹായിച്ചതെന്ന് പൊലീസ് പറഞ്ഞു. അമൃതയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് സുമിത്തിനെ ഒക്ടോബർ 21-നും സന്ദീപിനെ ഒക്ടോബർ 23-നും അറസ്റ്റ് ചെയ്തു. കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.