ബിഹാർ മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം; മുൻ എംപിക്ക് മൂന്ന് വർഷം തടവുശിക്ഷ

By Web TeamFirst Published Jul 31, 2022, 7:13 PM IST
Highlights

സമുദായത്തിന്റെ ആദരവും വികാരവും വ്രണപ്പെടുത്തിയതിന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നെഞ്ച് തകർക്കുമെന്നായിരുന്നു അന്ന് രാഷ്ട്രീയ ലോക് സമതാ പാർട്ടിയുടെ (ആർഎൽഎസ്പി) സംസ്ഥാന അധ്യക്ഷനായ അരുൺ കുമാർ പറഞ്ഞത്.

പട്‌ന: ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ വിവാ​ദ പരാമർശം നടത്തിയ മുൻ എംപിക്ക് മൂന്ന് വർഷം തടവുശിക്ഷ.  2015 ജൂണിൽ നടത്തിയ വിവാദ പരാമർശത്തിനാണ് മുൻ ലോക്‌സഭാ അംഗം അരുൺ കുമാറിന് ജഹാനാബാദ് എംപി-എംഎൽഎ പ്രത്യേക കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്.  5,000 രൂപ പിഴയും വിധിച്ചു. സമുദായത്തിന്റെ ആദരവും വികാരവും വ്രണപ്പെടുത്തിയതിന് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നെഞ്ച് തകർക്കുമെന്നായിരുന്നു അന്ന് രാഷ്ട്രീയ ലോക് സമതാ പാർട്ടിയുടെ (ആർഎൽഎസ്പി) സംസ്ഥാന അധ്യക്ഷനായ അരുൺ കുമാർ പറഞ്ഞത്. എന്നാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള വിധി വന്നയുടൻ ഇദ്ദേഹം ജാമ്യത്തിൽ പുറത്തിറങ്ങി. രണ്ട് തവണ ലോക്‌സഭയിൽ ജഹനാബാദ് സീറ്റിനെ പ്രതിനിധീകരിച്ച അരുൺ നിലവിൽ ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി ( (രാം വിലാസ്) പാർട്ടിയിലാണ്.

പണത്തിന്‍റെ ഉറവിടമെന്ത്? ബംഗാളില്‍ പിടിയിലായ എംഎല്‍എമാര്‍ അറസ്റ്റില്‍, കേസ് പ്രത്യേക അന്വേഷണ സംഘത്തിന്

ഇതേ കേസിൽ മധേപുരയിലെ മുൻ ലോക്‌സഭാംഗം പപ്പു യാദവ് എന്ന രാജേഷ് രഞ്ജനെ കോടതി കുറ്റവിമുക്തനാക്കി. ജഹാനാബാദ് സ്വദേശിയും ജെഡിയു നേതാവുമായ ചന്ദ്രിക പ്രസാദ് യാദവാണ് അരുണിനും പപ്പു യാദവിനും എതിരെ കേസ് ഫയൽ ചെയ്തത്.  2015 ജൂൺ 27-ന് ബിജെപി സംസ്ഥാന ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംഭവത്തിനാസ്പദമായ പ്രസ്താവന നടത്തിയത്. ഭൂമിഹാർ സമുദായത്തെ മുഖ്യമന്ത്രി നിതീഷ് കുമാർ അവഹേളിക്കുന്നുവെന്നും ഞങ്ങൾ കൈയിൽ വളയിടാറില്ലെന്നും ഞങ്ങളെ വേദനിപ്പിച്ചാൽ അദ്ദേഹത്തിന്റെ നെഞ്ച് തകർക്കുമെന്നും അരുൺകുമാർ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ  പരാമർശത്തിന് പരസ്യമായി മാപ്പ് പറയണമെന്നും അല്ലെങ്കിൽ ഉചിതമായ നിയമനടപടിക്ക് തയ്യാറാകണമെന്നും ഭരണകക്ഷിയായ ജെഡിയു അരുണിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് സംഭവം കേസായത്. 

click me!