പണത്തിന്‍റെ ഉറവിടമെന്ത്? ബംഗാളില്‍ പിടിയിലായ എംഎല്‍എമാര്‍ അറസ്റ്റില്‍, കേസ് പ്രത്യേക അന്വേഷണ സംഘത്തിന്

By Web TeamFirst Published Jul 31, 2022, 7:06 PM IST
Highlights

കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയാണെന്നും പോലീസ് അറിയിച്ചു. 

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പണവുമായി പിടിയിലായ ജാർഖണ്ഡ് എംഎല്‍എമാർ അറസ്റ്റില്‍. ഇന്നലെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത മൂന്ന് എംഎല്‍എമാരെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും 24 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ബംഗാൾ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂവരെയും ഹൗറ കോടതിയില്‍ ഹാജരാക്കി. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഇവർക്കായില്ലെന്നാണ് വിവരം. ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാന്‍ കുറഞ്ഞ വിലയ്ക്ക് സാരി വാങ്ങാനാണ് ബംഗാളിലെത്തിയതെന്ന എംഎല്‍എമാരുടെ വാദവും പൊലീസ് അംഗീകരിച്ചില്ല. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയാണെന്നും പോലീസ് അറിയിച്ചു. 

സംഭവം കോൺഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് മൂന്ന് എംഎല്‍എമാരെയും പാർട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. അതിനിടെ അറസ്റ്റിലായ എംഎല്‍എമാരില്‍ രണ്ടുപേർ ജാർഖണ്ഡ് സർക്കാരിനെ വീഴ്ത്താന്‍ കൂട്ടുനിന്നാല്‍ പത്ത് കോടി രൂപയും മന്ത്രിസ്ഥാനവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും, ഗുവാഹത്തിയിലെത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമയെ കാണാന്‍ നിർദേശിച്ചിരുന്നെന്നും മറ്റൊരു എംഎല്‍എയായ കുമാർ ജയ്മംഗല്‍ വെളിപ്പെടുത്തി. അറസ്റ്റിലായ എംഎല്‍എമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ജാർഖണ്ഡ് പൊലീസിന് പരാതിയും നല്‍കി. എന്നാല്‍ ആരോപണം ഹിമന്ത ബിശ്വാസ് ശർമ നിഷേധിച്ചു. ഓപ്പറേഷന്‍ ലോട്ടസിലൂടെ നല്‍കാനുദ്ദേശിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോൺഗ്രസ്.

ഭവന നിർമ്മാണപദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ്; സഞ്ജയ് റാവത്തിനെ കസ്റ്റഡിയിലെടുത്ത് ഇഡി

മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ വസതിയിൽ മണിക്കൂറുകൾ നീണ്ട് നിന്ന റെയ്ഡിനൊടുവിലാണ് റാവത്തിനെ ഇഡി കസ്റ്റഡിയിലെടുത്തത്. ഉടൻ ഇഡി ഓഫീസിലേക്ക് കൊണ്ടുപോകും. റാവത്തിന്‍റെ വസതിക്ക് മുന്നിൽ ശിവസേന പ്രവർത്തകർ പ്രതിഷേധിച്ചു. ഗൊരേഗാവിലെ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.  

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് ഇഡി സംഘം സഞ്ജയ് റാവത്തിന്‍റെ ഭാണ്ടൂബിലെ മൈതി ബംഗ്ലാവിലേക്ക് എത്തിയത്. ഗൊരേഗാവിലെ ഭവന നിർമ്മാണവുമായി ബന്ധപ്പെട്ട കേസുമായി ബന്ധപ്പെട്ടാണ് ഇഡി എത്തിയത്. സഞ്ജയ് റാവത്തും കുടുംബവും വീട്ടിലുണ്ടായിരുന്നു. നേരിട്ട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഇഡി സംഘം വീട്ടിൽ നിന്ന് ചില രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവരം അറിഞ്ഞ് സേനാ പ്രവർത്തകർ വീടിന് മുന്നിലേക്ക് പാഞ്ഞെത്തി. ഗൊരേഗാവിലെ പത്രാചാൽ ഭവന നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആയിരം കോടിയിലേറെ രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ നടന്നെന്നാണ് ഇഡി കേസ്. കേസിൽ പ്രതിയായ പ്രവീൺ റാവത്ത് എന്നയാളുടെ ഭാര്യ സഞ്ജയ് റാവത്തിന്‍റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ കൈമാറി. ഇത് തട്ടിപ്പിലൂടെ നേടിയ പണമാണെന്നാണ് ഇഡി പറയുന്നത്.

 

click me!