ക്വാഡ് ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സമുദ്ര സുരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ യോഗത്തിലുണ്ടായി.

ദില്ലി: ക്വാഡ് ഇന്ത്യയുടെ ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില കാര്യങ്ങളിൽ മോദി കർക്കശക്കാരനായ നേതാവാണെന്ന് മാധ്യമ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. മേഖലയുടെ സുരക്ഷിതത്വവും സാമ്പത്തിക ഭദ്രതയും ഉറപ്പുവരുത്തുമെന്നുമായിരുന്നു നേതാക്കളുടെ സംയുക്ത പ്രസ്താവന. നേരത്തേ ആസിയാൻ നേതാക്കളുടെ യോഗത്തിലും മോദി പങ്കെടുത്തിരുന്നു.

രണ്ട് വ‍ർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യ നേതാക്കളുടെ കൂട്ടായ്മയായ ക്വാഡ് യോഗം ചേരുന്നത്. യോഗത്തിന് മുന്നോടിയായി മാധ്യമ പ്രവർത്തകരെ കാണുന്നതിനിടെയാണ് മോദിയെ കർക്കശക്കാരനായ നേതാവെന്ന് ട്രംപ് വിശേഷിപ്പിച്ചത്. ക്വാഡിനെ ഇന്ത്യയുടെ ക്രിയാത്മക പങ്കാളിയെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പല മേഖലകളിലെയും വിശ്വാസ്ത പങ്കാളികളെന്നും മോദി ക്വാഡ് കൂട്ടായ്മയെ വിശേഷിപ്പിച്ചു.

സമുദ്ര സുരക്ഷ, വ്യാപാരം എന്നിവയിൽ ക്വാഡ് രാജ്യങ്ങളുടെ സഹകരണത്തിന് സംയുക്ത പ്രസ്താവനയിലൂടെ നേതാക്കൾ ആഹ്വാനം ചെയ്തു. മേഖലയിൽ സ്വതന്ത്രവും സുരക്ഷിതവുമായ നാവിക, വ്യോമഗതാഗതം ഉറപ്പാക്കുമെന്നും സംയുക്ത പ്രസ്താവന. പൊതുവെല്ലുവിളികൾ നേരിടാൻ പ്രാദേശിക രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാനും ക്വാഡ് യോഗം തീരുമാനിച്ചു. രാവിലെ ആസിയാൻ രാജ്യത്തലവന്മാരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. സിംഗപ്പൂർ, തായ്‍ലാൻഡ്, ഫിലിപ്പെൻസ് രാജ്യത്തലവന്മാരുമായും പ്രധാനമന്ത്രി മനിലയിൽ ഉഭയകക്ഷി ചർച്ചകൾ നടത്തി.

അതേസമയം, ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡിൽടണും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ദില്ലിയിലാണ് കൂടിക്കാഴ്ച. വില്യം സ്ഥാപിച്ച എർത്ത്ഷോട്ട് പ്രൈസ് പുരസ്കാര വിതരണത്തിനായി 16നാണ് ഇരുവരും മുബൈയിൽ എത്തിയത്. 2016ലെ ഔദ്യോഗിക സന്ദർശനത്തിനിടെയാണ് ഇരുവരും അവസാനമായി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇത്തവണ അവസാന നിമിഷമാണ് മോദിയുമായുള്ള കൂടിക്കാഴ്ച യാത്രയിൽ ഉൾപ്പെടുത്തിയത്.