
ഇത് ലേ എയർഫീൽഡിന്റെയും ലഡാക്കിൽ നിന്നുള്ള ആദ്യത്തെ എൻജിനീയറായ സോനം നോർബുവിന്റെയും കഥയാണ്. 1948-ൽ 26 ദിവസം കൊണ്ട് റൺവേ നിർമ്മിച്ച ഒരു എഞ്ചിനിയറിങ്ങിന്റെ കഥ. 2020-ൽ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും ഏറ്റുമുട്ടിയപ്പോൾ ഈ റൺവേ ഇന്ത്യയുടെ ജീവനാഡി ആയിരുന്നു. 1947 ഡിസംബറിൽ, പാകിസ്ഥാൻ സഹായത്തോടെയുള്ള ഗോത്രവർഗ്ഗക്കാർ ഷിയോക്, സിന്ധു താഴ്‌വരകൾ വരെ കടന്നുകയറിയെത്തി. ലക്ഷ്യം ലേയും ആത്യന്തികമായി ലഡാക്കും ആയിരുന്നു. ആ സമയത്ത് ലേ, സ്റ്റേറ്റ് ഫോഴ്സിലെ 33 പേരടങ്ങുന്ന ഒരു പ്ലാറ്റൂണാണ് ഇവിടെ കാവലായിരുന്നത്.
മേഖലയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്താൻ മാർഗങ്ങൾ തേടിയിരുന്ന കാലമായിരുന്നു അത്. ശൈത്യകാലത്ത് സോജില കടന്ന് സൈനിക വിന്യാസം അസാധ്യമാം വിധം ദുഷ്കരമായിരുന്നു. തുടർന്നാണ് ഡോഗ്ര റെജിമെന്റ് വിങ്ങിനെ അയക്കാൻ തീരുമാനമായത്. രണ്ട് ഡോഗ്ര സെറ്റുള്ള ഒരു സൈനിക കമ്പനി 1948 ഫെബ്രുവരി 16-ന് ശ്രീനഗറിൽ നിന്ന് സോജിലയിലൂടെ കാൽനടയായി പുറപ്പെട്ടു. ശൈത്യകാലത്ത് മഞ്ഞ് മൂടിക്കിടക്കുന്ന സോജില മലനിരകൾ മുറിച്ചുകടക്കുന്നത് ഒരുപക്ഷെ അന്ന് ആദ്യമായിരിക്കും.
Read more: ഇന്ത്യയെ അറിയാന്‍ സുമിത്ത് സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്ററുകള്‍
അന്ന് പുറപ്പെട്ട സംഘത്തിൽ ലഡാക്കിൽ നിന്നുള്ള ആദ്യ എഞ്ചിനീയർ സോനം നോർബുവും ഉണ്ടായിരുന്നു. ലേയിൽ ഒരു എയർസ്ട്രിപ്പ് നിർമ്മിക്കാൻ 13,000 രൂപയും കരുതിയായിരുന്നു സോനം നോർബു യാത്രയിൽ ചേർന്നത്. 1948 മാർച്ച് എട്ടിന് സംഘം ലേയിൽ എത്തി. സിന്ധു നദീതടത്തിനും പട്ടണത്തിനും ഇടയിലായുള്ള എയർസ്ട്രിപ്പിന്റെ നിർമ്മാണം 1948 മാർച്ച് 12-ന് ആരംഭിച്ചു, 1948 ഏപ്രിൽ ആറിന് 2300 യാർഡ് നീളമുള്ള ഒരു താൽക്കാലിക എയർസ്ട്രിപ്പ് സജ്ജമായി. നോർബു കൊണ്ടുപോയ 13000 രൂപയിൽ 10,891 രൂപ ചെലവഴിച്ചു, ബാക്കി തുകയായ 2109 രൂപ അദ്ദേഹം ട്രഷറിയിൽ നിക്ഷേപിച്ചു. ഏപ്രിൽ ആറിന് തന്നെ ലഡാക്കിന്റെ സുരക്ഷയ്ക്കായുള്ള സൈനികരെ വിന്യസിക്കാനും യുദ്ധവിമാനങ്ങൾ അയക്കാനും അഭ്യർത്ഥിച്ച് വയർലെസ് സന്ദേശം കൈമാറി.
Read more: കാർഗിൽ യുദ്ധവീരന്മാരുടെ സ്‍മരണ, മോട്ടോർ സൈക്കിൾ റാലിയുമായി ഇന്ത്യൻ സൈന്യം
അങ്ങനെ ചരിത്രം പിറന്നു. ലഡാക്കിന്റെ രക്ഷയ്ക്കായി എയർ കമ്മഡോർ മെഹർ സിംഗ് 11,000 അടി ഉയരത്തിലുള്ള ലേ എയർഫീൽഡിൽ പിസ്റ്റൺ എഞ്ചിൻ ഡക്കോട്ട ഇറക്കി. ഇന്ത്യൻ ചരിത്രത്തിലെ വലിയൊരു നേട്ടത്തിലേക്ക് നയിച്ച നോർബു പിന്നീട് ജമ്മു കശ്മീർ പൊതുമരാമത്ത് വകുപ്പിൽ ചേരുകയും ബോർഡർ റോഡ്‌സ് ഓർഗനൈസേഷനിൽ ചീഫ് എഞ്ചിനീയർ എന്ന നിലയിൽ ശ്രീനഗർ-ലേ റോഡ് നിർമ്മിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു.