അവസാനത്തെ ശമ്പളത്തിൽ നിന്നുള്ള 12,000 രൂപയുമായി കഴിഞ്ഞ മാർച്ചിലാണ് സുമിത്ത് തന്‍റെ ഇന്ത്യാ പര്യടനം ആരംഭിച്ചത്.


തിരുവനന്തപുരം: നടന്നും ലിഫ്റ്റ് ചോദിച്ചും സുമിത്ത് ഇതിനകം സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്ററുകള്‍. മാതൃരാജ്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തമായി അറിയാനാണ് സുമിത്തിന്‍റെ ഈ യാത്ര. യാത്രയ്ക്കിടെ തിരുവനന്തപുരത്ത് എത്തിയ സുമിത്തിന് പിന്നിട്ട സംസ്ഥാനങ്ങളിൽ കേരളവും കേരളീയരും പ്രിയപ്പെട്ടതായി മാറി. കൊൽക്കത്ത ബേഹള സ്വദേശിയാണ് സുമിത്ത് ഗാംഗുലി എന്ന 26 കാരന്‍. ഇന്ത്യയെക്കുറിച്ച് താൻ എഴുതുന്ന പുസ്തകത്തിലേക്ക് വേണ്ടി, രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംസ്കാരങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ജനങ്ങൾ, അതിജീവനം എന്നിവയെ അടുത്തറിയാനായി കാൽനടയായും ബൈക്കുകളിലും ലോറികളിലും ലിഫ്റ്റ് ചോദിച്ചും സുമിത്ത് യാത്ര തുടരുകയാണ്. 

ഡൽഹി മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ഹോട്ടലിൽ ഓപ്പറേഷൻ മാനേജരായി ജോലി ചെയ്യുകയായിരുന്നു സുമിത്ത്. അവസാനത്തെ ശമ്പളത്തിൽ നിന്നുള്ള 12,000 രൂപയുമായി കഴിഞ്ഞ മാർച്ചിലാണ് സുമിത്ത് തന്‍റെ ഇന്ത്യാ പര്യടനം ആരംഭിച്ചത്. ഇതിനോടകം ഹരിദ്വാർ പിന്നീട് ഡെറാഡൂൺ, ഷിംല, മണാലി, ലഡാക്ക്, കാർഗിൽ, കശ്മീർ ജമ്മു, അമൃത്സർ, പഞ്ചാബ് മുതൽ ചണ്ഡീഗഡ്, ജയ്പൂർ, ഉദയ്പൂർ, മുംബൈ, പൂനെ, ഗോവ, കർണാടക, തമിഴ്നാട് എന്നിടങ്ങളിലെല്ലാം സുമിത്ത് സഞ്ചരിച്ച് കഴിഞ്ഞു. അമൃത്സർ സുവർണ ക്ഷേത്രത്തിൽ വെച്ച് കൈയിലുണ്ടായിരുന്ന 12,000 രൂപയും മൊബൈലും മോഷണം പോയി. തുടർന്ന് അവിടുത്തെ തെരുവുകളില്‍ പാട്ട് പാടി ലഭിച്ച പണത്തിൽ ഒരു സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങി, യാത്ര തുടര്‍ന്നു. ചില സ്ഥലങ്ങളില്‍ സാധാരണക്കാര്‍ ഭക്ഷണം നല്‍കി. ചിലയിടങ്ങളില്‍ പൊലീസുകാര്‍, മറ്റ് ചില സ്ഥലങ്ങളില്‍ പട്ടാളക്കാരായിരുന്നു ഭക്ഷണം നല്‍കിയതെന്ന് സുമിത്ത് പറയുന്നു. 

മസായിമാരയില്‍ മഹാദേശാടനത്തിന് തുടക്കമായി

കൈയില്‍ പണമില്ലാത്തതിനാല്‍ പെട്രോൾ പമ്പുകളിലും, കടവരാന്തകളിലും ഒക്കെയാണ് അന്തിയുറക്കം. കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരം, കഴക്കൂട്ടത്ത് എത്തിയ സുമിത്ത് അടുത്തതായി ബാംഗ്ലൂരിലേക്കാണ് പോകുന്നത്. അവിടെ നിന്ന് ചെന്നൈ, ആന്ധ്ര, വിശാഖപട്ടണം. പിന്നെ ജന്മദേശമായ കല്‍ക്കത്തയ്ക്ക്. നാട്ടിലെത്തി ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങണം. നിരവധി പേർക്ക് തൊഴിൽ നൽകണം. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ വിദ്യാഭാസ-തൊഴിൽ മേഖലകളെ ചേർത്തിണക്കി അവയെ തന്‍റെ യാത്ര പരിസരത്തില്‍ നിന്ന് വിശദമാക്കുന്ന ഒരു പുസ്തകം പുറത്ത് ഇറക്കണമെന്നും സുമിത്തിന് ആഗ്രഹമുണ്ട്. എ.ആർ റഹ്മാനെയും സുന്ദർ പിച്ചയെയും എലോൺ മസ്കിനെയുമാണ് സുമിത്ത് ഗാംഗുലിക്ക് ഏറെ ഇഷ്ടം.