
ദില്ലി: തെലങ്കാനയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ കെ ആര്‍ രാജ്ഗോപാല്‍ റെഡ്ഢി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് പറഞ്ഞാണ് രാജി. അമിത് ഷായുമായി നേരത്തെ റെഡ്ഢി കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്ഗോപാല്‍ റെഡ്ഢിയുടെ ബിജെപി പ്രവേശനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദിലെ ഏറ്റവും ധനികനായ നേതാവാണ് മുന്‍ ലോക്സഭാംഗം കൂടിയായ രാജ്ഗോപാല്‍ റെഡ്ഢി.
അടുത്ത വര്‍ഷം തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ രാജ്ഗോപാല്‍ റെഡ്ഢിയുടെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും ടിആര്‍എസില്‍ നിന്നും കൂടുതല്‍ എംഎല്‍എമാരും നേതാക്കളും ബിജെപിയിലെത്താനുള്ള സാധ്യതകളാണ് ഇപ്പോഴുള്ളത്. ബിജെപി നേതാവ് നച്ചരാജു സുഭാഷ് ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഭരണം ബിജെപിക്ക് നല്‍കുമെന്നും നച്ചരാജു പറഞ്ഞു.
കെസിആര്‍ നല്‍കിയ തെറ്റായ വാഗ്ദാനങ്ങൾ കാരണം ടിആര്‍എസ് എംഎല്‍എമാര്‍ക്ക് അവരുടെ മണ്ഡലത്തില്‍ പോകാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ 15 മുതല്‍ 18 ടിആര്‍എസ് എംഎല്‍എമാര്‍ വരെ ബിജെപിയിലേക്ക് വരാന്‍ തീരുമാനിച്ചു കഴിഞ്ഞു. കൂടാതെ, കോണ്‍ഗ്രസില്‍ നിന്ന് അഞ്ചോളം എംഎല്‍എമാരും ബിജെപിയിലേക്ക് എത്തുമെന്നും നച്ചരാജു അവകാശപ്പെട്ടു.
പണവുമായി ഝാർഖണ്ഡ് എംഎൽഎമാർ അറസ്റ്റിലായ കേസ്; ബംഗാൾ പൊലീസിനെ ദില്ലി പൊലീസ് തടഞ്ഞു
ദില്ലി: കെട്ടുകണക്കിന് പണവുമായി ഝാർഖണ്ഡ് എംഎൽഎമാർ അറസ്റ്റിലായ കേസില്‍ പരിശോധനയ്ക്ക് എത്തിയ ബംഗാൾ പൊലീസിനെ ദില്ലി പൊലീസ് തടഞ്ഞു. കേസിലെ പ്രതിയുടെ ദില്ലിയിലെ വസതിയിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടഞ്ഞത്. കോടതി വാറണ്ട് ഉണ്ടായിട്ടും ലോക്കല്‍ പൊലീസ് പരിശോധനയ്ക്ക് അനുവദിച്ചില്ല എന്ന് ബംഗാൾ പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ആരോപിച്ചു.
ജൂലൈ 30നാണ് അരക്കോടിയോളം രൂപയുമായി മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിടിയിലായത്. രാത്രിയോടെ കസ്റ്റഡിയിലെടുത്ത മൂന്ന് എംഎല്‍എമാരെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും 24 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ബംഗാൾ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഇവർക്കായില്ലെന്നാണ് വിവരം. ആദിവാസി ഫെസ്റ്റിവലിന് വിതരണം ചെയ്യാന്‍ കുറഞ്ഞ വിലയ്ക്ക് സാരി വാങ്ങാനാണ് ബംഗാളിലെത്തിയതെന്ന എംഎല്‍എമാരുടെ വാദം പൊലീസ് അംഗീകരിച്ചില്ല.
Read Also: 'പണം സാരി വാങ്ങാൻ കൊണ്ടുവന്നത്'; ബംഗാളില്‍ അരക്കോടി രൂപയുമായി പിടിയിലായ ഝാർഖണ്ഡ് എംഎല്‍എമാര്‍
സംഭവം കോൺഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെ മൂന്ന് എംഎല്‍എമാരെയും പാർട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. അതിനിടെ അറസ്റ്റിലായ എംഎല്‍എമാരില്‍ രണ്ടുപേർ ജാർഖണ്ഡ് സർക്കാരിനെ വീഴ്ത്താന്‍ കൂട്ടുനിന്നാല്‍ പത്ത് കോടി രൂപയും മന്ത്രിസ്ഥാനവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെന്നും, ഗുവാഹത്തിയിലെത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമയെ കാണാന്‍ നിർദേശിച്ചിരുന്നെന്നും മറ്റൊരു എംഎല്‍എയായ കുമാർ ജയ്മംഗല്‍ വെളിപ്പെടുത്തിയിരുന്നു. അറസ്റ്റിലായ എംഎല്‍എമാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ജാർഖണ്ഡ് പൊലീസിന് പരാതിയും നല്‍കി. എന്നാല്‍ ആരോപണം ഹിമന്ത ബിശ്വാസ് ശർമ നിഷേധിച്ചു. ഓപ്പറേഷന്‍ ലോട്ടസിലൂടെ നല്‍കാനുദ്ദേശിച്ചിരുന്ന പണമാണ് പിടിച്ചെടുത്തതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോൺഗ്രസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam