
ദില്ലി: രാജ്യത്ത് പെട്രോൾ–ഡീസൽ (Petrol - Diesel Price) വില കൂട്ടിയതിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍ എംപി (Shashi Tharoor MP). അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയാനായി കാത്തിരിക്കുകയായിരുന്നു കേന്ദ്ര സര്‍ക്കാരെന്നാണ് തരൂരിന്‍റെ പ്രതികരണം. മുമ്പുള്ള എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് കൊണ്ട് ഇന്ധന വില കുതിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടർന്ന് നാല് മാസമായി ഇന്ധന വിലയില്‍ മാറ്റമില്ലായിരുന്നു.
പെട്രോൾ ലീറ്ററിന് 87 പൈസയാണ് കൂട്ടിയത്. ഡീസൽ ലീറ്ററിന് 85 പൈസയും കൂട്ടിയത്. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായെങ്കിലും, ഫലം വന്ന് ഒരാഴ്ചയിലേറെ കഴിഞ്ഞതിനു ശേഷമാണ് ഇപ്പോഴത്തെ വർധന. ക്രൂഡ് ഓയില്‍ വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏഴ് ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ക്രൂഡിന് 117 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇപ്പോഴത്തെ വില. 137 ദിവസം അനക്കമില്ലാതിരുന്ന ഇന്ധന വിലയിലെ പുതിയ മാറ്റം മാർച്ച് 22നു രാവിലെ ആറു മുതൽ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്‍ ഡീലർമാരെ അറിയിച്ചു.
Fuel price hike : നാല് മാസത്തിന് ശേഷം രാജ്യത്ത് ഇന്ധനവില കൂട്ടി
ക്രൂഡ് ഓയിൽ വില ഒരുഘട്ടത്തില്‍ ഒരുബാരലിന് 130 ഡോളർ എന്ന റെക്കോർഡ് കടന്നിട്ടും ഇതുവരെ ഇന്ത്യയിൽ ഇന്ധനവില വർധിച്ചിരുന്നില്ല. റഷ്യ–യുക്രെയ്ൻ സംഘർഷവും ആഗോള എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. 2021 നവംബര്‍ 2നായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയിൽ വർധന വരുത്തിയത്. വില വര്‍ധനയ്ക്കെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. വില വർധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ടിഎംസി, സിപിഎം, അടക്കമുള്ള പതിനൊന്ന് പാര്‍ട്ടികളിലെ എംപിമാര്‍ സഭ നടപടികള്‍ ബഹിഷ്കരിച്ചു.
വില വർധന വിഷയം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ അംഗീകരിച്ചില്ല. ഇന്ധന വില വര്‍ധനയിലൂടെ പാവപ്പെട്ടവരെ കൊള്ളയടിച്ച് പതിനായിരം കോടി രൂപയാണ് മോദി സർക്കാര്‍ സമ്പാദിക്കുന്നതെന്ന് കോണ്‍ഗ്രസ് രാജ്യസഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ വിമർശിച്ചു. ഇന്ധന-പാചകവാതക വിലയുടെ ലോക്ഡൗണ്‍ സർക്കാര്‍ അവസാനിപ്പിച്ചുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. പെട്രോളിനും ഡീസലിനും പിന്നാലെ പാചകവാതക വിലയും (LPG Cylinder Price Hike) വർധിപ്പിച്ചിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് ഒറ്റയടിക്ക് കൂട്ടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam