
ബ്രസൽസ്: കോടികളുടെ തട്ടിപ്പ് കേസിന് പിന്നാലെ ഇന്ത്യയിൽ നിന്ന് മുങ്ങിയ മെഹുൽ ചോക്സി ബെൽജിയത്തിലുണ്ടെന്ന് റിപ്പോർട്ട്. മെഹുൽ ചോക്സി ബെൽജിയത്തിൽ ഭാര്യയോടൊപ്പം താമസിക്കുന്നുവെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. ചോക്സിയെ വിട്ടുകിട്ടാൻ ഇന്ത്യ നടപടി തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ബെൽജിയൻ പൗരത്വം കിട്ടാൻ വ്യാജ രേഖ ഹാജരാക്കിയെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. ആന്റിഗ്വ ആൻഡ് ബാർബുഡയിലാണ് മെഹുൽ ചോക്സി നേരത്തെ താമസിച്ചിരുന്നത്. ഇന്ത്യയിലും, ആന്റിഗ്വയിലും പൗരത്വം ഉള്ളതായി ബെൽജിയത്തെ അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നും 13500 കോടി തട്ടിയ കേസിലെ പ്രതിയാണ് മെഹുൽ ചോക്സി.
ഇരിങ്ങാലക്കുട ബില്യൺബീസ് ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഇരിങ്ങാലക്കുട ബില്യൺബീസ് ഷെയർ ട്രേഡിങ്ങ് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിലായി എന്നതാണ്. ബില്യൺ ബീസ് കമ്പനി ഡയറക്ടർ മാരിൽ ഒരാളും പ്രധാനപ്രതി ബിബിന്റെ സഹോദരനുമായ ഇരിങ്ങാലക്കുട കോലോത്തുംപടി സ്വദേശിയായ കിഴക്കേ വളപ്പിൽ സുബിനെ (37) യാണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പിലൂടെ രണ്ടുകോടി അറുപത്തിയഞ്ച് ലക്ഷത്തി മുപ്പത്തിമൂവായിരം രൂപ നഷ്ടപ്പെട്ട കാരുമാത്ര സ്വദേശി ഫെബ്രുവരി ഏഴിന് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് അറസ്റ്റ്. കാരുമാത്ര സ്വദേശിയെ സുബിനും ബിബിനും ബിബിന്റെ ഭാര്യ ജയയും ഷെയർ ട്രേഡിങ്ങ് ബിസിനസ് നടത്തി മാസംതോറും ലാഭവിഹിതം കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. 2018 ഏപ്രിൽ മുതൽ 2023 ജനുവരി വരെ വിവിധ ബാങ്ക് അക്കൗണ്ടു കളിലേക്ക് പണം വാങ്ങി. ലാഭവിഹിതമോ വാങ്ങിയ പണമോ തിരികെ ലഭിക്കാതെയായപ്പോഴാണ് പരാതി നൽകിയത്. പ്രതികൾ ഒളിവിലായിരുന്നു. സുബിൻ കോലോത്തുംപടിയിൽ വന്നതായി റൂറൽ എസ് പിക്ക് രഹസ്യവിവരം ലഭിച്ചു. തുടർന്ന് ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ. ജി സുരേഷ്, ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടർ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സുബിനെ അറസ്റ്റുചെയ്തത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ 11 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം