കമ്പനികൾ രാജ്യങ്ങളേക്കാൾ ശക്തരാകുമെന്ന് അദാനി; 'ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ സ്വാതന്ത്ര്യ പോരാളികൾ'

Published : Aug 18, 2025, 07:41 PM IST
Gautam Adani dividend income

Synopsis

ഐഐടി ഖരഗ്‌പൂറിൽ മാറുന്ന കാലത്തെ കുറിച്ച് വിദ്യാർത്ഥികളോട് സംസാരിച്ച് ഗൗതം അദാനി

ഖരഗ്‌പൂർ: ഇന്നത്തെ വിദ്യാർത്ഥികൾ നാളത്തെ സ്വാതന്ത്ര്യ പോരാളികളാണെന്ന് ഗൗതം അദാനി. ഐഐടി ഖരഗ്‌പൂറിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ യുദ്ധരീതികൾ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ അധികാര യുദ്ധങ്ങളിലേക്ക് മാറുകയാണെന്നും ഇതിനായുള്ള തയ്യാറെടുപ്പിൽ നമ്മുടെ ഇപ്പോഴത്തെ കഴിവ് നാളത്തെ നമ്മുടെ ഭാവി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഐടി ഖരഗ്‌പൂറിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

'ഇന്നത്തെ പല യുദ്ധങ്ങളും സെർവർ ഫാമുകളിലാണ് നടക്കുന്നത്. തോക്കുകളല്ല മറിച്ച് അൽഗോരിതങ്ങളാണ് ആയുധങ്ങൾ. ഡാറ്റാ സെൻ്ററുകളിലാണ് സാമ്രാജ്യങ്ങൾ. അല്ലാതെ കരയിലല്ല. ബോട് നെറ്റുകളാണ് സൈന്യം. അല്ലാതെ ബറ്റാലിയനുകളല്ല. അതിനാൽ തന്നെ ഇനി സ്വാശ്രയത്വത്തിനായുള്ള സ്വാതന്ത്ര്യത്തിനായി നമ്മൾ പോരാടണം. ഇന്നത്തെ വിദ്യാർത്ഥികളാണ് നാളത്തെ സ്വാതന്ത്ര്യ പോരാളികൾ. ഇന്നത്തെ വിദ്യാർത്ഥികളുടെ ആശയങ്ങളും സോഫ്റ്റ്‌വെയർ കോഡുകളുമാണ് ഇനിയുള്ള കാലത്തെ ആയുധങ്ങൾ,' - അദ്ദേഹം പറഞ്ഞു.

'രാജ്യത്തിൻ്റെ അതിർത്തികൾ സംരക്ഷിക്കുന്നിടത്ത് മാത്രമല്ല യുദ്ധം. സാങ്കേതിക രംഗത്ത് സുരക്ഷയും ആഗോള തലത്തിൽ വരുന്ന മാറ്റങ്ങളിൽ രാജ്യത്തിന് മുൻപന്തിയിൽ തുടരാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഈ ആഗോള മത്സരത്തെ നയിക്കാൻ ഇന്ത്യക്ക് കഴിയണം. റോബോട്ടിക്സിൻ്റെയും നിർമിത ബുദ്ധിയുടെയും കാലത്ത് കമ്പനികൾ രാജ്യങ്ങളേക്കാൾ ശക്തമാകും. നേട്ടങ്ങൾ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാകും,' അദ്ദേഹം ഓർമിപ്പിച്ചു.

'ഇന്ന് ലോകത്ത് അജയ്യരായി നിൽക്കുന്ന നിരവധി കമ്പനികൾ അടുത്ത പത്ത് വർഷത്തിനുള്ളിൽ അപ്രത്യക്ഷരാകുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യയുടെ പരിണാമ ഘട്ടത്തിൽ ആവശ്യമായ വേഗത്തിൽ മത്സരിക്കാൻ കഴിയാതെയാവും അവർ അപ്രത്യക്ഷരാവുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാറ്റമുണ്ടാകണം. അത്യാധുനിക ഗവേഷണങ്ങൾ നടത്തണം. ഇനി മിടുക്കരായ ബിരുദധാരികളെ സൃഷ്ടിക്കുന്നതിനെക്കുറിച്ചല്ല - ആശയങ്ങളും അച്ചടക്കവും ഇച്ഛാശക്തിയും വിദ്യാഭ്യാസവുമുള്ള മിടുക്കരായ ദേശസ്നേഹികളെ സൃഷ്ടിക്കണം.'

'നിർമിത ബുദ്ധിക്ക് എന്തും സാധ്യമാകുന്ന കാലത്ത് എഞ്ചിനീയറിംഗ് പോലെ സാങ്കേതിക ബിരുദത്തിന്റെ ഭാവി എന്താണെന്ന് നമ്മൾ ചിന്തിക്കണം. സാങ്കേതിക പരിജ്ഞാനത്തിൻ്റെ ആയുസ് കുറയുകയാണ്. ഈ പോരാട്ടത്തിൽ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികളെയാണ് രാജ്യത്തിനാവശ്യം.' രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അസ്ഥിത്വം നഷ്ടപ്പെടുത്താനല്ല താൻ ആവശ്യപ്പെടുന്നതെന്നും കാലത്തിൻ്റെ മാറ്റത്തിനനുസരിച്ച് മാറാണമെന്നാണ് പറയുന്നതെന്നും ഗൗതം അദാനി വ്യക്തമാക്കി.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം