Asianet News MalayalamAsianet News Malayalam

ദില്ലി ശ്വാസംമുട്ടുമ്പോള്‍ ഇന്‍ഡോറില്‍ ക്രിക്കറ്റ് കണ്ട്, ജിലേബി കഴിച്ച് ഗംഭീര്‍; രൂക്ഷ വിമര്‍ശനവുമായി എഎപി

വായുമലിനീകരണത്തില്‍ ദില്ലി വീര്‍പ്പുമുട്ടുമ്പോള്‍ പ്രശ്‌നപരിഹാരത്തിന് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഗൗതം ഗംഭീര്‍ പങ്കെടുത്തില്ല. ദില്ലി വിട്ട് ഇന്‍ഡോറില്‍ ക്രിക്കറ്റ് കാണാന്‍ പോയ ഗംഭീറിന് രൂക്ഷ വിമര്‍ശനം. 

Delhi Air Pollution AAP against Gautam Gambhir
Author
Indore, First Published Nov 15, 2019, 5:17 PM IST

ദില്ലി: രാജ്യ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പാര്‍ലമെന്‍റ് വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ പങ്കെടുക്കാതെ ഇന്‍ഡോര്‍ ക്രിക്കറ്റ് ടെസ്റ്റിന് പോയ ബിജെപി എംപിയും മുന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറിന് വിമര്‍ശനം. ദില്ലി വായുമലിനീകരണത്തില്‍ ശ്വാസംമുട്ടുമ്പോള്‍ ഗംഭീര്‍ ഇന്‍ഡോറില്‍ ആഘോഷിക്കുകയാണ് എന്നാണ് ആം ആദ്‌മി പാര്‍ട്ടിയുടെ വിമര്‍ശനം. പാര്‍ലമെന്‍റ് സ്റ്റാന്‍റിംഗ് കമ്മിറ്റി വിളിച്ചുചേര്‍ത്ത നിര്‍ണായക യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്നയാളാണ് ഗംഭീര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗംഭീറിനൊപ്പം ജിലേബി കഴിക്കുന്ന ചിത്രം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിവിഎസ് ലക്ഷ്‌മണ്‍ ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് വിമര്‍ശനവുമായി എഎപി രംഗത്തെത്തിയത്. എന്നാല്‍ ഭൂരിഭാഗം അംഗങ്ങളും എത്തിതിരുന്നതിനെ തുടര്‍ന്ന് യോഗം അവസാന നിമിഷം ഉപേക്ഷിച്ചു. ഗംഭീറിന് പുറമെ ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍മാര്‍, ദില്ലി വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍, പരിസ്ഥിതി വകുപ്പ് സെക്രട്ടറി തുടങ്ങിയവരും നിര്‍ണായക യോഗത്തിനെത്തിയില്ല. 20 ലോക്‌സഭാ അംഗങ്ങളും എട്ട് രാജ്യസഭാംഗങ്ങളും എത്തേണ്ടിയിരുന്ന യോഗത്തില്‍ ആകെ നാല് പേര്‍ മാത്രമാണ് പങ്കെടുത്തത്. 

ഉദ്യോഗസ്ഥരും എംപിമാരും വിട്ടുനിന്നത് അന്വേഷിക്കുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ പ്രതികരിച്ചു. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ദില്ലി സംസ്ഥാനങ്ങള്‍ കൂടിച്ചര്‍ന്നാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്. മലിനീകരണ പ്രശ്‌നത്തില്‍ രാഷ്‌ട്രീയം കലര്‍ത്തരുതെന്നും പരസ്‌പരം പഴിചാരരുതെന്നും അദേഹം ആവശ്യപ്പെട്ടു. നിര്‍ണായക യോഗത്തില്‍ നിന്ന് വിട്ടുനിന്ന ഗംഭീറിനെതിരെ സാമൂഹ്യമാധ്യമങ്ങളിലും വിമര്‍ശനം ശക്തമാണ്. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് പകരം ഗംഭീര്‍ ജിലേബി കഴിച്ച് ആഘോഷിക്കുകയാണ് എന്നാണ് വിമര്‍ശനം. 

Follow Us:
Download App:
  • android
  • ios