
നോയിഡ: ലേഡീസ് ഹോസ്റ്റലിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്നും സാഹസികമായി രക്ഷപ്പെട്ട് പെൺകുട്ടികൾ. ഗ്രേറ്റർ നോയിഡയിലെ നോളജ് പാർക്ക് -3 ലെ അന്നപൂർണ ഗേൾസ് ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ നിന്നാണ് രണ്ട് വിദ്യാർത്ഥികൾ നാട്ടുകാരുടെ സഹായത്തോടെ ബാൽക്കണി വഴി ചാടിയിറങ്ങി രക്ഷപ്പെട്ടത്. ഒരു കുട്ടി കാൽ വഴുതി താഴെ വീണെങ്കിസും പരിക്കില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡയയിൽ വൈറലായി.
കഴിഞ്ഞ ദിവസം വൈകിട്ട് 5 മണിയോടെയാണ് സംഭവം. എസിയിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് മൂലം പൊട്ടിത്തെറിയുണ്ടാവുകയും മുറിയിൽ തീ പിടിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പേടിച്ച പെൺകുട്ടികൾ ബാൽക്കണിയിലേക്ക് ഓടിയിറങ്ങി. രണ്ട് നിലയുള്ള ഹോസ്റ്റലിന്‍റെ ബാൽക്കണിയിൽ രണ്ട് വിദ്യാർത്ഥിനികൾ നിൽക്കുന്നതും തൊട്ടടുത്തുള്ള ജനാലയിലൂടെ തീ പടരുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
പെൺകുട്ടികളുടെ നിലവിളി കേട്ട് സമീപ വാസികൾ ഓടിയെത്തി ബാൽക്കണിക്ക് സമീപം ഒരു ഗോവണി എത്തിച്ചു. എന്നാൽ നീളം കുറവായതിനാൽ പെൺകുട്ടികൾക്ക് ഇറങ്ങാനായില്ല. ഒടുവിൽ ധൈര്യം സംഭരിച്ച് പെൺകുട്ടികൾ ഗോവണിയിലേക്ക് ഇറങ്ങാൻ ശ്രമിച്ചു. ആദ്യമിറങ്ങിയ വിദ്യാർഥിനി കാൽ വഴുതി താഴേക്ക് പോയെങ്കിലും വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. രണ്ടാമത് ഇറങ്ങിയ പെൺകുട്ടി സുരക്ഷിതമായി ഗോവണി വഴി താഴെയിറങ്ങി.
Read More : ഇൻഡിഗോയ്ക്ക് 944 കോടി രൂപ പിഴയിട്ട് ആദായ നികുതി വകുപ്പ്