'അവര്‍ കന്നുകാലികളെപ്പോലെ വില്‍ക്കാന്‍ നിന്നുകൊടുത്തു'; കോണ്‍ഗ്രസ് സഖ്യകക്ഷി പറയുന്നത്

By Web TeamFirst Published Sep 14, 2022, 4:09 PM IST
Highlights

ജൂലൈയിൽ ഇത്തരം ഒരു നീക്കം നടന്നപ്പോള്‍ അത് തടയാന്‍ കോൺഗ്രസിന് കഴിഞ്ഞു, എന്നാൽ രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' നടക്കുന്ന സമയത്ത് തന്നെ ഇത് സംഭവിച്ചത് ശരിക്കും ലജ്ജാകരമാണ്.
 

പനാജി: ഭരണകക്ഷിയായ ബി.ജെ.പിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് എം.എൽ.എമാര്‍ ദുഷ്ടന്മാരും, ജനവഞ്ചകരും ആണെന്ന് കോൺഗ്രസിന്‍റെ ഗോവയിലെ സഖ്യകക്ഷിയായ ഗോവ ഫോർവേഡ് പാർട്ടി. മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്തിന്‍റെയും മുതിർന്ന നേതാവ് മൈക്കിൾ ലോബോയുടെയും നേതൃത്വത്തിൽ 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് എംഎല്‍എമാര്‍ ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് പ്രതികരണം. 

ജൂലൈയിൽ ഇത്തരം ഒരു നീക്കം നടന്നപ്പോള്‍ അത് തടയാന്‍ കോൺഗ്രസിന് കഴിഞ്ഞു, എന്നാൽ രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' നടക്കുന്ന സമയത്ത് തന്നെ ഇത് സംഭവിച്ചത് ശരിക്കും ലജ്ജാകരമാണ്.

"എല്ലാ രാഷ്ട്രീയ ഔചിത്യത്തിനും അടിസ്ഥാന മര്യാദയ്ക്കും സത്യസന്ധതയ്ക്കും എതിരാണ് ഇത്. തങ്ങളുടെ സമ്പത്തിനോടുള്ള അത്യാർത്തിയും അധികാരത്തോടുള്ള ആർത്തിയും പ്രകടിപ്പിച്ച എട്ട് നിയമസഭാംഗങ്ങളെ തിന്മയുടെ പ്രതീകങ്ങളായെ കാണാന്‍ പറ്റു" ഗോവ ഫോർവേഡ് പാർട്ടി അധ്യക്ഷനും അവരുടെ ഏക എംഎൽഎയുമായ വിജയ് സർദേശായി മാധ്യമങ്ങളോട് പറഞ്ഞു.

"പിന്നില്‍ നിന്നും കുത്തിയ അനുഭവമാണ് ഗോവയിലെ ജനങ്ങള്‍ക്ക് ഈ സംഭവം ഉണ്ടാക്കിയത്. അതും ഹിന്ദുക്കള്‍ പിതൃപക്ഷ എന്ന ആചാരം അനുഷ്ഠിക്കുന്ന ഈ ശുഭകരമായ കാലത്ത്. തങ്ങളുടെ പിതൃക്കള്‍ക്ക് ഈ എംഎല്‍എമാര്‍ ഉപചാരം നല്‍കുന്നത് എത്ര വെറുക്കപ്പെട്ട രീതിയിലാണ്" - ജിഎഫ്പി നേതാവ് ചോദിക്കുന്നു. 

അധികാരത്തിൽ തുടരാൻ ബിജെപി വഞ്ചനയും കൃത്രിമത്വവും കാണിക്കുകയാണ്. കോണ്‍ഗ്രസ് എംഎൽഎമാർ കന്നുകാലികളെപ്പോലെ  വാങ്ങാൻ  നിന്നുകൊടുത്തുവെന്നും വിജയ് സർദേശായി ആരോപിച്ചു. ഈ രാജ്യദ്രോഹികളെ തള്ളിക്കളയുക... അവരെ ജനങ്ങളുടെയും ദൈവത്തിന്റെയും ശത്രുക്കളായി മുദ്രകുത്തണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ കൂറുമാറ്റങ്ങൾ ജനവിധിയുടെ വഞ്ചന മാത്രമല്ല, ദൈവത്തിന്റെ നിന്ദയും പരിഹാസവും കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അതേ സമയം ഗോവയിലെ  കോണ്‍ഗ്രസ് എം എല്‍ എ മാരുടെ കൂറുമാറ്റത്തിന് പിന്നില്‍ ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിലെ വിജയം കണ്ടുള്ള ബി ജെ പിയുടെ  ഭയമാണെന്നാണ് കോൺഗ്രസ് പ്രതികരിച്ചത്.  ബി ജെ  പി ഓപ്പറേഷൻ നേരത്തെ തീരുമാനിച്ചതാണ്, പുതിയ അവസ്ഥയില്‍ അത് നേരത്തെയാക്കി. വ്യാജവാർത്തകളും ശ്രദ്ധ തിരിക്കാനുമുള്ള ശ്രമങ്ങളും കൊണ്ട് യാത്ര അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്  നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി.

ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെ കോൺഗ്രസ് മറികടക്കുമെന്നും ജയറാം രമേശ് പറഞ്ഞു. അതേ സമയം ഭാരത് ജോഡോ യാത്ര ആരംഭിക്കുമ്പോൾ തന്നെ കശ്മീരിൽ കോൺഗ്രസ് തകർന്നുവെന്ന് ബിജെപി നേതാവ് പി കെ.കൃഷ്ണദാസ് പരിഹസിച്ചു. 

ഗോവയിലെ കൂറുമാറ്റം:'ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിലെ വിജയം കണ്ട് ബിജെപി ഭയന്നെന്ന് കോൺഗ്രസ്

ഗോവയിൽ വീണ്ടും മറുകണ്ടം ചാടൽ? ദിഗംബർ കാമത്ത് ഉൾപ്പെടെ 8 കോൺഗ്രസ് എംഎൽഎമാർ തങ്ങൾക്കൊപ്പമെത്തുമെന്ന് ബിജെപി

click me!