സ്വപ്നയുടെ മുൻകൂര്‍ ജാമ്യഹർജിയെ എതിര്‍ക്കാൻ കസ്റ്റംസ്, രാജ്യരക്ഷയെ ബാധിക്കുന്ന കേസെന്ന് അഡ്വ. രാംകുമാര്‍

By Web TeamFirst Published Jul 10, 2020, 9:32 AM IST
Highlights

ബാഗ് കസ്റ്റംസ് പിടിച്ചുവെച്ചതിന് പിന്നാലെ വിട്ടുകിട്ടുന്നതിന് വേണ്ടി അറ്റാഷെ ആദ്യം വിളിച്ചത് സ്വപ്നയെയാണ്. ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ എന്തിനാണ് ഒരു പഴയ ഉദ്യോഗസ്ഥയെ വിളിക്കുന്നത്?

തിരുവനന്തപുരം: തിരുവനന്തപുരത്തെ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് കേസിൽ സ്വപ്നയുടെ മുൻകൂര്‍ ജാമ്യ ഹർജിയെ ഹൈക്കോടതിയിൽ കസ്റ്റംസ് എതിര്‍ക്കും. സ്വപ്നയുടെ മുൻകൂര്‍ ജാമ്യഹർജി തന്നെ കുറ്റസമ്മതം എന്ന നിലപാടിലാണ് കസ്റ്റംസ്. നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ അറ്റാഷെ സ്വപ്നയെ വിളിച്ചതെന്തിനെന്നും സ്വപ്ന എന്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചുവെന്നുമാണ് കസ്റ്റംസ് പ്രധാനമായും കോടതിയിൽ ഉന്നയിക്കുക. 

2019 ൽ കോൺസിലേറ്റിലെ ജോലി അവസാനിപ്പിച്ചെന്നാണ് സ്വപ്ന സുരേഷ് പറയുന്നത്. എന്നാല്‍ അതിന് ശേഷവും സൗജന്യ സേവനം തുടരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്. ജോലി അവസാനിപ്പിച്ച ഒരാള്‍ എന്തിനാണ് തന്ത്രപ്രധാനമായ കോൺസുലേറ്റിൽ സേവനം തുടരുന്നതെന്നാണ് കസ്റ്റംസ് ഉന്നയിക്കുന്ന പ്രധാന ചോദ്യം. 

തിരുവനന്തപുരം വിമാനത്താവളത്തിലെ കാർഗോ കോംപ്ലക്സിൽ സിസിടിവി ക്യാമറകളില്ല, അന്വേഷണത്തിന് തിരിച്ചടി

ബാഗ് കസ്റ്റംസ് പിടിച്ചുവെച്ചതിന് പിന്നാലെ വിട്ടുകിട്ടുന്നതിന് വേണ്ടി അറ്റാഷെ ആദ്യം വിളിച്ചത് സ്വപ്നയെയാണ്. ഒരു നയതന്ത്ര ഉദ്യോഗസ്ഥൻ എന്തിനാണ് ഒരു പഴയ ഉദ്യോഗസ്ഥയെ വിളിക്കുന്നത്? അതിന് ശേഷം സ്വപ്ന കസ്റ്റംസിനെ ഇ മെയിൽ വഴി ബന്ധപ്പെടുന്നു. ഇതിലും ദുരൂഹതയുണ്ട്. ഇതെല്ലാം കോൺസുലേറ്റുമായി ബന്ധമില്ലാത്തൊരു വ്യക്തി ചെയ്യുന്നതെന്തിനാണെന്നും കസ്റ്റംസ് കോടതിയില്‍ ചൂണ്ടിക്കാണിക്കും. ഇക്കാര്യങ്ങള്‍ വ്യക്തമാകണമെങ്കില്‍ സ്വപ്നയെ കസ്റ്റഡിയില്‍ ലഭിക്കേണ്ടതുണ്ടെന്നും കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെടുമെന്നുമാണ് വിവരം. 

കസ്റ്റംസിന് വേണ്ടി അഡ്വ.കെ.രാംകുമാറാണ് കോടതിയിൽ ഹാജരാകുക. 'ജാമ്യാപേക്ഷയിൽ പരസ്പര വിരുദ്ധമായ പല കാര്യങ്ങളുണ്ട് . ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും'. ജാമ്യാപേക്ഷയെ ശക്തമായി എതിർക്കും. രാജ്യരക്ഷയെ ബാധിക്കുന്ന കേസായാണ് കേന്ദ്രം ഇതിനെ കാണുന്നത്. കേന്ദ്രനിലപാട് കോടതിയെ ബോധ്യപ്പെടുത്തുമെന്നും അഡ്വ.രാംകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സ്വർണക്കടത്തുകേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷിൻറെ ജാമ്യഹർജി ഹൈക്കോടതി ഇന്നാണ് പരിഗണിക്കുന്നത്. കളളക്കടത്തിടപാടുമായി തനിക്ക് യാതൊരു ബന്ധവുമില്ലാത്ത സാഹചര്യത്തിൽ മുൻകൂർ ജാമ്യം നൽകണമെന്നാണ് ഹ‍ർജിയിലെ ആവശ്യം. മാധ്യമ വാ‍ർത്തകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് പ്രതിചേർക്കാൻ ഒരുങ്ങുന്നതെന്നും സ്വർണം അടങ്ങിയ നയതന്ത്ര ബാഗ് ലഭിക്കാൻ വൈകുന്നതെന്തെന്ന് അന്വേഷിക്കാൻ അറ്റാഷേ ആവശ്യപ്പെട്ടതനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ചതെന്നാണ് സ്വപ്ന പറയുന്നത്. 

 

 

 

click me!