കൊവിഡ് വാക്സിൻ വിതരണത്തിനുള്ള രൂപരേഖയായി; കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവർക്കും ലഭ്യമാക്കും; ആരോ​ഗ്യമന്ത്രാലയം

By Web TeamFirst Published Dec 8, 2020, 4:35 PM IST
Highlights

ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിനുകൾക്ക് ഉപയോഗാനുമതി ലഭ്യമാകും. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. 

ദില്ലി: കൊവിഡ് വാക്സിൻ വിതരണത്തിനുള്ള രൂപരേഖ തയ്യാറാക്കി കഴിഞ്ഞതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി. ഏതാനും ആഴ്ചകൾക്കുള്ളിൽ വാക്സിനുകൾക്ക് ഉപയോഗാനുമതി ലഭ്യമാകും. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുമെന്നും ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം ക്രമേണ കുറയുകയാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. 

''ഉപയോ​ഗാനുമതി ലഭിച്ചാലുടൻ തന്നെ വൻതോതിൽ വാക്സിൻ നിർമ്മാണം ആരംഭിക്കും. മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. വാക്സിൻ വിതരണത്തിനുള്ള രൂപരേഖയും തയ്യാറാണ്. കുറഞ്ഞ സമയത്തിനുള്ളിൽ എല്ലാവരിലേക്കും വാക്സിൻ എത്തിക്കും.'' രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഭാരത് ബയോടെക്കും വാക്സിൻ ഉപയോ​ഗിക്കുന്നതിന് അടിയന്തര അനുമതി തേടിയിട്ടുണ്ട്. വാക്സിൻ നിർമ്മാതാക്കളുമായും ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംസാരിച്ചു. ആറ് കമ്പനികളാണ് ഇന്ത്യയിൽ വാക്സിൻ പരീക്ഷണത്തിലേർപ്പെട്ടിരിക്കുന്നത്. അടുത്ത ചില ആഴ്ചകൾക്കുള്ളിൽ തന്നെ കൂടുതൽ കമ്പനികൾക്ക് വാക്സിൻ ഉപയോ​ഗത്തിന് ലൈസൻസ് ലഭിച്ചേക്കുമെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. 

click me!