
ദില്ലി: ജിഎസ്ടി വിഷയത്തിലെ (GST Issue) പ്രതിഷേധം (Protest) പാർലമെന്‍റില്‍ (Parliament) ഇന്നും പ്രതിപക്ഷം (Opposition Parties) തുടരും. ഇന്നലെ മൂന്ന് എം പിമാരെ കൂടി രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. രാജ്യസഭയിൽ നിന്ന് സസ്പെൻഷനിലായ 23 എം പിമാരും ലോക്സഭയിൽ നടപടി നേരിട്ട നാലു പേരും പാർലമെന്‍റ് വളപ്പിൽ ധർണ്ണ തുടരുകയാണ്. പകലും രാത്രിയുമായുള്ള പ്രതിഷേധം ഇന്ന് വൈകീട്ടോടെ അവസാനിപ്പിക്കും. എം പിമാരെ തിരിച്ചെടുക്കുന്നത് വരെ സഭ നടപടികളോട് സഹകരിക്കില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിർ രഞ്ജന്‍ ചൗധരി വിശേഷിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. വിഷയത്തില്‍ വനിത കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു. ഭരണഘടനാ പദവിയേയും ദ്രൗപദി മുർമുവിന്‍റെ ആദിവാസി പാരമ്പര്യത്തെയും അപമാനിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവന്നാരോപിച്ച് മന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയും പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ത്തി.
സ്മൃതി ഇറാനിയും സംഘവും സോണിയ ഗാന്ധിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് കോണ്‍ഗ്രസ്
നാക്കു പിഴ പറ്റിയതാണെന്നും തെറ്റ് മനസ്സിലാക്കുന്നുവെന്നും അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. ഇ ഡി നടപടിക്കെതിരെ പാര്‍ലമെന്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ചത്. ആദ്യം രാഷ്ട്രപതിയെന്ന് പറഞ്ഞത് തിരുത്തി രാഷ്ട്രപത്നി എല്ലാവര്‍ക്കുമുള്ളതാണെന്ന് അധിര്‍ രഞ്ജന്‍ പറയുകയായിരുന്നു. ഇതിനിടെ പാർലമെന്റിൽ പ്രതിഷേധിക്കുന്ന സസ്‌പെൻഡ് ചെയ്യപ്പെട്ട രാജ്യസഭാ എം പിമാരിൽ ചിലർ ഗാന്ധി പ്രതിമക്ക് മുന്നിൽ തന്തൂരി ചിക്കൻ കഴിച്ചെന്നും ഗാന്ധിയെ അപമാനിക്കുകയണ് പ്രതിപക്ഷ എം പിമാർ ചെയ്തതെന്നുമാരോപിച്ച് ബിജെപി രംഗത്ത് വന്നു.
മാധ്യമ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാണ് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാല ആരോപണമുന്നയിച്ചത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ചില എം പിമാർ തന്തൂരി ചിക്കൻ കഴിച്ചു. മൃഗങ്ങളെ കൊല്ലുന്നതിൽ ഗാന്ധിജിക്ക് ഉറച്ച വീക്ഷണമുണ്ടായിരുന്നെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് പ്രതിഷേധമാണോ പ്രഹസനമാണോയെന്നും പൂനാവാല ചോദിച്ചു. സസ്പെൻഡ് ചെയ്തതിനെതിരെ ബുധനാഴ്ചയാണ് എം പിമാർ ധർണ ആരംഭിച്ചത്. സമരം നടത്തുന്ന എംപിമാർക്കുള്ള ഭക്ഷണവും മറ്റും സൗകര്യങ്ങളും പ്രതിപക്ഷ പാർട്ടികൾ ഒരുക്കിയിട്ടുണ്ട്.
ലോക്സഭയിൽ സോണിയാ ഗാന്ധിയും സ്മൃതി ഇറാനിയും നേർക്കുനേർ വാക്പോര്
രാഷ്ട്രപതിയെ രാഷ്ട്രപത്നിയെന്ന് വിശേഷിപ്പിച്ച് അധിർ രഞ്ജൻ ചൗധരി, മുർമുവിനെ അപമാനിച്ചെന്ന് ബിജെപി