സോണിയക്കെതിരായ മുദ്രാവാക്യങ്ങൾ  ഞെട്ടിപ്പിച്ചെന്ന് എൻസിപി നേതാവ് സുപ്രിയ സുലേ പറഞ്ഞു.

ദില്ലി: സോണിയ ഗാന്ധിയെ സ്മൃതി ഇറാനിയും സംഘവും വളഞ്ഞിട്ടാക്രമിച്ചെന്ന് പരാതിയുമായി കോൺഗ്രസ്. സോണിയെ കയ്യേറ്റം ശ്രമം നടന്നുവെന്നാരോപിച്ച് കോൺഗ്രസ് സ്പീക്കർക്ക് പരാതി നൽകി. വിഷയം പ്രിവിലേജ് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടു. മോശം വാക്കുൾ ഉപയോഗിച്ച എം പിമാരെ സസ്പെൻഡ് ചെയ്യണമെന്നാണ് കോണ്‍ഗ്രസിൻ്റെ ആവശ്യം. 

ഗോവയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വിഭ്രാന്തി കാട്ടുന്ന മന്ത്രിയാണ് ഗുണ്ടായിസത്തിന് പിന്നിലെന്ന് പ്രിയങ്ക ചതുർവേദി ആരോപിച്ചു. സോണിയക്കെതിരായ മുദ്രാവാക്യങ്ങൾ ഞെട്ടിപ്പിച്ചെന്ന് എൻസിപി നേതാവ് സുപ്രിയ സുലേ പറഞ്ഞു.

അധി‍ര്‍ രഞ്ജൻ ചൗധരിയുടെ പരാമര്‍ശത്തിൽ ഇളകിമറി‍‍ഞ്ഞ് ലോക്സഭ

ദില്ലി: അധിര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ ലോക് സഭയില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി സോണിയഗാന്ധിയും സ്മൃതി ഇറാനിയും.മാപ്പ് പറയണമെന്നാവശ്യപ്പെട്ട സ്മൃതി ഇറാനിയോട് തന്നോട് മിണ്ടി പോകരുതെന്ന് സോണിയ ഗാന്ധി തിരിച്ചടിച്ചു. രാഷ്ട്രപത്നി പരാമര്‍ശത്തില്‍ രാഷ്ട്രപതിയോട് മാത്രമേ മാപ്പ് പറയൂയെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ നിലപാട്.

ഇഡി നടപടിക്കെതിരെ പാര്‍ലമെന്‍റിലേക്ക് സംഘചിപ്പിച്ച മാര്‍ച്ചിനിടെ ഒരു ഹിന്ദി ചാനലിന് നല്‍കിയ പ്രതികരണത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവിനെ രാഷ്ട്രപത്നിയെന്ന് അധിര്‍ രഞ്ജന്‍ ചൗധരി വിളിച്ചതാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ലോക് സഭ ചേര്‍ന്നയുടന്‍ തന്നെ ഈ വിഷയം ഉന്നയിക്കാന്‍ സ്മൃതി ഇറാനിക്ക് അവസരം നല്‍കി. 

അധിര്‍ രഞ്ജന്‍ ചൗധരിയെ കൊണ്ട് സോണിയ ഗാന്ധിയാണ് രാഷ്ട്രപത്നിയെന്ന് വിളിപ്പിച്ചതെന്ന് സ്മൃതി ഇറാനി ആരോപിചച്ചു. രാജ്യസഭയില്‍ നിര്‍മ്മല സീതാരാമനും ഇതേ വിഷയത്തിൽ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. ബഹളത്തില്‍ ലോക് സഭ നിര്‍ത്തി വച്ചതിന് പിന്നാലെ സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി വനിത എംപിമാര്‍ മുദ്രാവാക്യം വിളിച്ചു. അവര്‍ക്കടുത്തേക്ക് ചെന്ന സോണിയ താന്‍ എന്തിന് മാപ്പ് പറയണമെന്ന് ചോദിച്ചു. 

എന്നാല്‍ നിങ്ങള്‍ മാപ്പ് പറഞ്ഞേ മതിയാവൂയെന്ന് മന്ത്രി സ്മൃതി ഇറാനി സോണിയയോട് കയര്‍ത്തു. കുപിതയായ സോണിയ തന്നോട് മിണ്ടി പോകരുതെന്ന് സ്മൃതി ഇറാനിയോട് പറഞ്ഞു. വാക്കേറ്റം രൂക്ഷമായതോടെ മറ്റ് എംപിമാര്‍ ഇടപെട്ട് രണ്ട് പേരെയും പിന്തിരിപ്പിക്കുകയായിരുന്നു. വിഷയത്തിൽ രാഷ്ട്രപതിയെ നേരില്‍ കണ്ട് മാത്രമേ ക്ഷമ പറയുകയുള്ളൂവെന്നും, ബിജെപിക്കാര്‍ക്ക് മുന്‍പില്‍ മുന്നില്‍ ക്ഷമാപണം നടത്താന്‍ സൗകര്യമില്ലെന്നും അധിര്‍ രഞ്ജന്‍ ചൗധരിയും തുറന്നടിച്ചു.