
ഭറൂച്ച്: ഗുജറാത്ത് പൊലീസ് റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ പങ്കെടുക്കാനെത്തിയ 25 വയസ്സുകാരൻ കായികകക്ഷമതാ പരീക്ഷയ്ക്ക് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. കച്ച് സ്വദേശിയായ രവിരാജ് സിങ് ജഡേജയാണ് ഭറൂച്ച് പൊലീസ് ആസ്ഥാനത്ത് നടന്ന പരീക്ഷയ്ക്കിടെ മരണപ്പെട്ടത്. പോലീസ് സബ് ഇൻസ്‌പെക്ടർ, ലോക് രക്ഷക് തസ്തികകളിലേക്കുള്ള സംസ്ഥാനതല റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള കായിക പരീക്ഷയ്ക്കിടെയായിരുന്നു സംഭവം.
റിക്രൂട്ട്‌മെന്റിന്റെ ഭാഗമായുള്ള 5 കിലോമീറ്റർ ഓട്ടം രവിരാജ് നിശ്ചിത സമയത്തിനുള്ളിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഓട്ടം പൂർത്തിയാക്കി വിശ്രമിക്കുന്നതിനിടെയാണ് യുവാവിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. അല്പസമയത്തിനുള്ളിൽ തന്നെ രവിരാജ് മൈതാനത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന മെഡിക്കൽ സംഘം പ്രാഥമിക ചികിത്സ നൽകിയെങ്കിലും സ്ഥിതി മോശമായി.
ഭറൂച്ച് സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹൃദയസ്തംഭനമാണ്മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രവിരാജിന്റെ രണ്ടാമത്തെ പൊലീസ് റിക്രൂട്ട്‌മെന്റ് ശ്രമമായിരുന്നു ഇത്. കഴിഞ്ഞ വർഷം ശാരീരികക്ഷമതാ പരീക്ഷയിൽ നേരിയ വ്യത്യാസത്തിലാണ് ഇയാൾക്ക് അവസരം നഷ്ടമായത്. വഡോദരയിലെ സ്റ്റേറ്റ് റിസർവ് പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന പിതാവ് മഹേന്ദ്ര സിങ് ജഡേജ മകന്റെ പരീക്ഷ കാണാൻ ഭറൂച്ചിൽ എത്തിയിരുന്നു. അച്ഛന്റെ കൺമുന്നിൽ വെച്ചാണ് മകൻ കുഴഞ്ഞുവീണ് മരിച്ചത്. ഈ ദാരുണ സംഭവത്തിന് പിന്നാലെ ഭറൂച്ച് പോലീസ് മൈതാനത്ത് കാർഡിയോളജിസ്റ്റ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ മെഡിക്കൽ സംഘത്തെ വിന്യസിക്കാൻ തീരുമാനിച്ചു. റിക്രൂട്ട്‌മെന്റ് പ്രക്രിയ അവസാനിക്കുന്നത് വരെ ഈ സംഘം മൈതാനത്തുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam