
ദില്ലി: കമ്പനി മുന്‍ ജീവനക്കാരന്റെ പരാതിയില്‍ ചൈനീസ് കോടീശ്വരന്‍ ജാക്ക് മാക്കും അദ്ദേഹത്തിന്റെ കമ്പനിയായ ആലിബാബക്കും ഗുഡ്ഗാവ് കോടതി സമന്‍സ് അയച്ചു. കമ്പനിയുടെ ആപ്ലിക്കേഷനിലെ വ്യാജ വാര്‍ത്തയെ എതിര്‍ത്തതിനെ തുടര്‍ന്ന് തന്നെ പുറത്താക്കിയെന്ന് ജീവനക്കാരന്റെ പരാതിയില്‍ പറയുന്നു. വാര്‍ത്താഏജന്‍സിയായ റോയിട്ടാഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. യുസി വെബ് ജീവനക്കാരനായിരുന്ന പുഷ്‌പേന്ദ്ര സിംഗ് പാര്‍മറാണ് പരാതി നല്‍കിയത്.
ചൈനക്ക് അനുകൂലമല്ലാത്ത ഉള്ളടക്കങ്ങള്‍ കമ്പനി പതിവായി സെന്‍സര്‍ ചെയ്‌തെന്നും സാമൂഹികവും രാഷ്ട്രിയവുമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ യുസി ബ്രൗസറും യുസി ന്യൂസും പ്രസിദ്ധീകരിച്ചുവെന്നുമാണ് പരാതിക്കാരന്‍ ആരോപിച്ചത്. ജൂലായ് 29ന് അഭിഭാഷഷകന്‍ മുഖേന കോടതിയില്‍ ഹാജരാകാന്‍ ആലിബാബ കമ്പനിക്കും ജാക്ക് മായ്ക്കും മറ്റ് ഡസനോളം വ്യക്തികള്‍ക്കും ജഡ്ജി സോണിയ ഷിയോകാന്ത് നോട്ടീസ് നല്‍കി. 30 ദിവസത്തിനുള്ളില്‍ എഴുതിത്തയ്യാറാക്കിയ മറുപടി നല്‍കാനും കോടതി ആവശ്യപ്പെട്ടു.
പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ നിയമങ്ങള്‍ക്കുള്ളിലാണ് കമ്പനിയെന്ന് യുസി വെബ് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ പ്രതികരണത്തിന് അധികൃതര്‍ തയ്യാറായില്ല. ജാക്ക് മായുമായി ബന്ധപ്പെട്ട വൃത്തങ്ങളും പ്രതികരണത്തിന് തയ്യാറായില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ തൊഴിലാളികളില്‍ ചിലരെ കമ്പനി ഒഴിവാക്കിയിരുന്നു.
ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസര്‍, യുസി ന്യൂസ് തുടങ്ങിയ ആപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 57 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. നിരോധനമേര്‍പ്പെടുത്തിയ കമ്പനികളോട് ഉള്ളടക്കം സെന്‍സര്‍ ചെയ്‌തോയെന്നും ഏതെങ്കിലും വിദേശ സര്‍ക്കാറുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചോ എന്നും ഇന്ത്യന്‍ സര്‍ക്കാര്‍ രേഖാമൂലം ആരാഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam