
ദില്ലി: എച്ച് ഡി ദേവഗൗഡയെ ജെഡിഎസ്സിൽ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് സി കെ നാണു വിഭാഗം. ഇന്ന് ബെംഗളുരുവിൽ ചേർന്ന പ്ലീനറി യോഗത്തിലാണ് ദേവഗൗഡയെ ദേശീയാധ്യക്ഷ പദവിയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിക്കൊണ്ട് വിമതവിഭാഗം പ്രമേയം പാസ്സാക്കിയത്. പുതിയ ദേശീയ പ്രസിഡന്‍റായി സി കെ നാണുവിനെ പ്ലീനറി തെരഞ്ഞെടുക്കുകയും ചെയ്തു.
യഥാർഥ ജെഡിഎസ് തങ്ങളാണെന്നും, ഭൂരിഭാഗം പ്രവർത്തകരും തങ്ങളുടെ കൂടെയാണെന്നും കാട്ടി സുപ്രീംകോടതിയെ സമീപിക്കാനാണ് സി കെ നാണു വിഭാഗത്തിന്റെ തീരുമാനം. ദേവഗൗഡയെ പുറത്താക്കിയ പ്രമേയവുമായി തെരഞ്ഞെടുപ്പ് കമ്മീഷനിൽ സത്യവാങ്മൂലവും നൽകും.
അതേസമയം, കേരള ഘടകത്തിന്‍റെ നേതാക്കൾ ഇനിയും കൃത്യമായ നിലപാട് സ്വീകരിക്കാതെ തുടരുകയാണ്. മന്ത്രി കെ കൃഷ്ണൻകുട്ടിയും സംസ്ഥാനാധ്യക്ഷനും എംഎൽഎയുമായ മാത്യു ടി തോമസും ഇന്നത്തെ യോഗത്തിനെത്തിയില്ല. ഇനിയും തങ്ങളുമായി സഹകരിച്ചില്ലെങ്കിൽ പ്രവർത്തകരുമായി ആലോചിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് ചേർന്ന് കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും, സി കെ നാണുവാണ് ജെഡിഎസ്സിന്‍റെ പുതിയ ദേശീയാധ്യക്ഷനെന്ന് കാട്ടി എൽഡിഎഫിന് ജനുവരിയിൽ കത്ത് നൽകാനും ഇന്നത്തെ പ്ലീനറിയിൽ തീരുമാനമായി.
'ദേവഗൗഡയിൽ' പ്രതിസന്ധിയിലായി ജെഡിഎസ്, ആഭ്യന്തര കലഹം; ബിജെപി വിരുദ്ധ നേതാക്കളെ സംഘടിപ്പിക്കാൻ നീക്കം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam