Asianet News MalayalamAsianet News Malayalam

സമാന്തര യോഗം വിളിച്ചതില്‍ നടപടി; സികെ നാണുവിനെ ജെഡിഎസില്‍നിന്ന് പുറത്താക്കിയെന്ന് ദേവഗൗഡ

സിഎം ഇബ്രാഹിം സികെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിർത്തുന്നതെന്നും ദേവഗൗഡ ആരോപിച്ചു.

DeveGowda says that CK Nanu has been expelled from JDS
Author
First Published Dec 9, 2023, 3:48 PM IST

ബെംഗളൂരു:സി കെ നാണുവിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയെന്ന് എച്ച് ഡി ദേവഗൗഡ അറിയിച്ചു. ദേശീയ പ്രസിഡന്‍റ് പദവിയിൽ തുടരവേ വൈസ് പ്രസിഡന്‍റായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയതെന്നും ദേവഗൗഡ വ്യക്തമാക്കി. സിഎം ഇബ്രാഹിം സികെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിർത്തുന്നതെന്നും ദേവഗൗഡ ആരോപിച്ചു.

നേരത്തേ കർണാടക സംസ്ഥാനാധ്യക്ഷനായ സി എം ഇബ്രാഹിമിനെ ദേവഗൗഡ പുറത്താക്കിയിരുന്നു. 2024-ൽ പുതുതായി സംസ്ഥാനസമിതികൾ പുനഃസംഘടിപ്പിക്കുമെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു. തിങ്കളാഴ്ച സി കെ നാണുവും സി എം ഇബ്രാഹിമും ചേർന്ന് ബെംഗളുരുവിൽ ജെഡിഎസ്സിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സിഎം ഇബ്രാഹിമും സികെ നാണുവും വിളിച്ചുചേര്‍ക്കുന്ന യോഗം പാര്‍ട്ടി വിരുദ്ധമാണെന്നും യോഗത്തിന് ദേശീയ നേതൃത്വത്തിന്‍റെ അംഗീകാരമില്ലെന്നും ദേവഗൗഡ പറഞ്ഞു.

ജെഡിഎസ് ദേശീയ നേതൃത്വം എന്‍‍ഡിഎയുടെ ഭാഗമായതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. എന്‍ഡിഎയില്‍ ചേര്‍ന്നതിനെതിരെ സികെ നാണു, സിഎം ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം, ജെഡിഎസ്സിലെ എൻഡിഎ വിരുദ്ധനീക്കത്തിനൊപ്പം നിൽക്കാതെ ഒളിച്ചുകളി തുടരുകയാണ് കേരളത്തിലെ ജെഡിഎസ് നേതൃത്വം. ബിജെപിക്കൊപ്പം പോയ ദേവഗൗഡയുടെ നിർദ്ദേശം അനുസരിച്ച് സികെ നാണു പക്ഷത്തെ തള്ളിപ്പറയുന്ന കേരള നേതൃത്വത്തിൻറെ നിലപാട് മുന്നണിക്ക് നേതൃത്വം നൽകുന്ന സിപിഎമ്മിനും വെല്ലുവിളിയാണ്. ഒപ്പം വന്നില്ലെങ്കിൽ മന്ത്രി സ്ഥാനത്തു നിന്നും കൃഷ്ണൻകുട്ടിയെ മാറ്റണമെന്ന് സികെ നാണു വിഭാഗം സിപിഎമ്മിനോട് ആവശ്യപ്പെടാനിരിക്കെയാണ് ദേവഗൗഡ അച്ചടക്ക നടപടി സ്വീകരിച്ചത്.

ദേവ ഗൗഡ ബിജെപിക്കൊപ്പം പോയശേഷം സംസ്ഥാന നേതാക്കൾ യോഗം ചേർന്നത് മൂന്ന് തവണയായിരുന്നു. മൂന്ന് യോഗവും ഗൗഡക്കൊപ്പമില്ലെന്നും യഥാർത്ഥ ജെഡിഎസ്സിനായുള്ള ശ്രമം നടത്താനും തീരുമാനിച്ചു. എന്നാൽ ഏക ദേശീയ വൈസ് പ്രസിഡണ്ട് സികെ നാണുവും കർണ്ണാടക മുൻ പ്രസിഡണ്ട് സിഎം ഇബ്രാഹിമും എൻഡിഎ വിരുദ്ധ നീക്കത്തിനായി ദേശീയ എക്സിക്യൂട്ടീവ് വിളിച്ചപ്പോൾ സംസ്ഥാന നേതൃത്വം മുഖം തിരിച്ചു. ഗൗഡയെ പോലെ സംസ്ഥാന അധ്യക്ഷൻ മാത്യു ടി തോമസും യോഗത്തെ തള്ളിപ്പറഞ്ഞു. ഇതോടെ സംസ്ഥാന നേതൃത്വത്തിൻറെ ബിജെപി വിരുദ്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. കോവളത്ത് എൻഡിഎ വിരുദ്ധ യോഗം ചേരുമ്പോൾ അതിൽ പങ്കെടുക്കാതെ മന്ത്രി കൃഷ്ണൻകുട്ടി മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.

 

Latest Videos
Follow Us:
Download App:
  • android
  • ios