ദില്ലി: മഹാരാഷ്ട്രയ്ക്കു പിന്നാലെ ഝാർഖണ്ഡും നഷ്ടമാകുന്നത് നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും വൻതിരിച്ചടിയാണ്. സംസ്ഥാനങ്ങളിൽ വിജയിക്കാൻ നരേന്ദ്ര മോദിയുടെ ജനസമ്മതി മതിയാവില്ലെന്ന പാഠം തെരഞ്ഞെടുപ്പ് ഫലം നല്കുന്നു. രാജ്യസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ഉറപ്പാക്കാമെന്ന ബിജെപി പ്രതീക്ഷയ്ക്കും മങ്ങലേല്ക്കുന്നു.

ഝാർഖണ്ടിലെ ബിജെപി പരാജയം അപ്രതീക്ഷിതമായിരുന്നില്ല. എന്നാൽ രാമക്ഷേത്ര വിഷയവും പൗരത്വനിയമഭേദഗതിയും ഭരണം പിടിച്ചുനിര്‍ത്താന്‍ സഹായിക്കുമെന്ന് അവസാനനിമിഷം വരെ പാർട്ടി കരുതി. ലോക്സഭ തെരഞ്ഞെടുപ്പിൽ 61 സീറ്റുകളിൽ ബിജെപി സഖ്യത്തിന് ലീഡുണ്ടായിരുന്നു. അത് ഇപ്പോള്‍പകുതിയായി ഇടിഞ്ഞിരിക്കുന്നു. മധ്യപ്രദേശിനും രാജസ്ഥാനും ഛത്തീസ്ഗഡിനും പുറമെ ഹിന്ദി ബെൽറ്റിലെ മറ്റൊരു സംസ്ഥാനം കൂടി അങ്ങനെ ബിജെപിയെ കൈവിടുന്നു. 

മഹാരാഷ്ട്രയിൽ അധികാരത്തിനു പുറത്തു പോയതിൻറെ ക്ഷീണം മാറും മുമ്പാണ് ഈ വീഴ്ച. പാർട്ടിയിൽ ഇനി മുറുമുറുപ്പ് കൂടും. സഖ്യകക്ഷികൾ സ്വരം കടുപ്പിക്കും. ഇതേ ട്രെൻഡ് ദില്ലിയിലും ബീഹാറിലും തുടരുമോ എന്ന ആശങ്കയും  പാർട്ടിക്കുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മോദിക്ക് വോട്ടു ചെയ്യാൻ ഇനിയും തയ്യാറല്ലെന്ന വ്യക്തമായ സന്ദേശം കൂടിയാണിത്.

ബിജെപിയുടെ ഈ വീഴ്ചയില്‍ കോൺഗ്രസിന് ആശ്വസിക്കാം. ലോക്സഭാ തെരഞ്ഞെടുപ്പിന്  പിന്നാലെ സംസ്ഥാന പ്രസിഡൻറ് തന്നെ രാജിവച്ചൊഴിഞ്ഞ ഝാർഖണ്ഡിലാണ് കോണ്‍ഗ്രസിന്‍റെ ഈ തിരിച്ചുവരവ്. ഒരു റാലിയിൽ പങ്കെടുത്ത് രാഹുൽ കളം വിട്ടപ്പോൾ സംസ്ഥാന നേതാക്കളും ചുമതലയുള്ള ആർപിഎൻസിംഗും വീറോടെ പൊരുതി പാര്‍ട്ടിയെ കരകയറ്റി. 

മഹാരാഷ്ട്രയിലും ഹരിയാനയിലും ഇപ്പോൾ ഝാര്‍ഖണ്ഡിലും പ്രമുഖ സമുദായങ്ങളെ പിണക്കിയാണ് ബിജെപി മുഖ്യമന്തിമാരെ നിശ്ചയിച്ചത്. മൂന്നിടത്തും അവർ തിരിച്ചടിച്ചു. 

രാജ്യസഭയിൽ അടുത്തവർഷം ഏപ്രിലിൽ നിരവധി ഒഴിവുണ്ടാകും. എന്നാൽ പുതിയ സാഹചര്യത്തിൽ ബിജെപി സംഖ്യ ചെറുതായി ഉയർന്ന് 90ൽ എത്തിനില്ക്കും. രണ്ടാം മോദി സർക്കാരിൻറെ കാലത്തും ഉപരി സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള നീക്കങ്ങൾക്ക് ഝാര്‍ഖണ്ഡിലെ ഈ തോൽവി തിരിച്ചടിയാണ്. ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ എണ്ണം 17 ആയി ഉയർത്തുന്നതു കൂടിയാണ് ഹേമന്ത് സോറൻറെ സ്ഥാനാരോഹണം എന്നതും ശ്രദ്ധേയമാണ്.